ലണ്ടന്‍: പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം ബ്രിട്ടനില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഒരു ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് ആവശ്യമായി വരും. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗ്ഗമായി നിര്‍ബന്ധപൂര്‍വ്വമായ ഒരു തിരിച്ചറിയല്‍ സിസ്റ്റം വേണമെന്ന് ലേബര്‍ പാര്‍ട്ടി കുറേ നാളായി പറയുന്ന ഒരു കാര്യമാണ്. എന്നാല്‍, സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ ഇതിനെ നിശിതമായി എതിര്‍ക്കുകയാണ്. എവിടെ പോയാലും ഐഡന്റിറ്റി തെളിയേക്കേണ്ടി വരുന്ന ഒരു രാജ്യമായി ബ്രിട്ടന്‍ മാറുമെന്നാണ് അവര്‍ പറയുന്നത്.

അതേസമയം, പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും തങ്ങളുടെ വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകളില്‍ നിന്നും സുരക്ഷിതമായി സൂക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ബ്രിട്ട് കാര്‍ഡ് എന്ന് പരാമര്‍ശിക്കപ്പെടുന്ന ഇതിന്റെ വിശദ വിവരങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ പുതിയ പദ്ധതി അനുസരിച്ച് ഒരാള്‍ ജോലിക്ക് കയറുമ്പോഴോ, വീട് വാടകയ്ക്ക് എടുക്കുമ്പോഴോ, തങ്ങളുടെ ഡിജിറ്റല്‍ ഐഡി ഒരു ആപ്പില്‍ കാണിക്കണം. അത് സെന്‍ട്രല്‍ ഡാറ്റാബേസുമായി ഒത്തുനോക്കി ഓട്ടോംകാറ്റിക് ആയി അതിന്റെ ആധികാരികത ഉറപ്പുവരുത്തും.

നിലവില്‍ ജീവനക്കാര്‍ക്കും വാടകക്കാര്‍ക്കും അവരുടെ ഐഡന്റിറ്റി തെളിയിക്കുവാന്‍, ഒന്നിലധികം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാനുള്ള അവസരമുണ്ട്. എന്നാല്‍, ഇവയെല്ലാം വളരെ എളുപ്പത്തില്‍ വ്യാജമായി നിര്‍മ്മിക്കാന്‍ കഴിയുന്നവയാണെന്ന ആശങ്കയും നിലനില്‍ക്കുന്നു. മാത്രമല്ല, ഐഡന്റിറ്റി പരിശോധിക്കാതെ തന്നെ, അവ പരിശോധിച്ചു എന്ന് ചില തൊഴിലുടമകള്‍ അവകാശപ്പെടാനും സാധ്യതയുണ്ട്. അതേസമയം, സ്വകാര്യതയെ കുറിച്ചും വര്‍ദ്ധിച്ച ചെലവിനെ കുറിച്ചുമുള്ള ആശങ്ക നിമിത്തം നിര്‍ത്തിവെച്ച ടോണി ബ്ലെയറിന്റെ പരാജയപ്പെട്ട ഐ ഡി കാര്‍ഡ് പദ്ധതിയുമായാണ് വിമര്‍ശകര്‍ ഇതിനെ താരതമ്യം ചെയ്യുന്നത്.

കണ്‍സള്‍ട്ടേഷന്‍ നടത്തിയതിനു ശേഷം മാത്രമായിരിക്കും സര്‍ കീര്‍ സ്റ്റാര്‍മറുടെ പദ്ധതി നടപ്പിലാക്കുക. മാത്രമല്ല, ഇതിനായി നിയമനിര്‍മ്മാണവും ആവശ്യമായി വരാം. ഐ ഡി സിസ്റ്റം ഇല്ലാത്ത, യൂറോപ്പിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് യു. കെ. ലേബര്‍ സര്‍ക്കാരിന്റെ 2006 ലെ പദ്ധതിയേക്കാള്‍ കൂടുതലായി ഇത് വ്യക്തിഗത സ്വകാര്യതയിലേക്ക് കടന്നു ചെല്ലുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും ഇതെന്നാണ്, ഇതിനെ നിശിതമായി വിമര്‍ശിക്കുന്ന ഗ്രേസി ബ്രാഡ്‌ലി പറയുന്നത്. ചാനല്‍ വഴി ചെറുയാനങ്ങളില്‍ എത്തുന്നവരുടെ കാര്യത്തില്‍ മന്ത്രിമാര്‍ക്ക് മുട്ട് വിറയ്ക്കുകയാണെന്ന് ബിഗ് ബ്രദര്‍ വാച്ചിലെ റെബേക്ക വിന്‍സെന്റും കുറ്റപ്പെടുത്തുന്നു.

അനധികൃത കുടിയേറ്റം തടയാന്‍ എന്തൊക്കെയോ ചെയ്തെന്ന് വരുത്തി തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഡിസ്‌ടോപ്യന്‍ പദ്ധതി എന്നും അവര്‍ പറഞ്ഞു. ഓരോ ദിവസവും അനേകം ഡിജിറ്റല്‍ ചെക്ക്‌പോയിന്റുകളീല്‍ കൂടി കടന്നുപോകേണ്ടി വരുന്ന ആവസ്ഥ ആലോചിക്കാന്‍ പോലും കഴിയില്ലെന്നും അവര്‍ പറഞ്ഞു. നിര്‍ബന്ധപൂര്‍വ്വമായ ഡിജിറ്റല്‍ ഐ ഡി, ചാനല്‍ കടന്നെത്തുന്നവരെ തടയാന്‍ ഉതകില്ലെന്നും, എന്നാല്‍, നിയമമനുസരിച്ച് ജീവിക്കുന്ന സാധാരണ പൗരന്മാര്‍ക്ക് അവരുടെ ഐഡന്റിറ്റി കൂടെക്കൂടെ തെളിയിക്കേണ്ട അവസ്ഥ സംജാതമാകുമെന്നും അവര്‍ പറഞ്ഞു.