- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂത്തികളുടെ ഒരു ഉന്നത സൈനിക ആസ്ഥാനവും ഇസ്രയേല്‍ തകര്‍ത്തു തരിപ്പണമാക്കി; ലക്ഷ്യമിട്ടത് ഏഴിടങ്ങള്‍; ഹൂത്തികള്‍ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രയേല്‍
ഹൂത്തികള്‍ നിരന്തരമായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രയേല്‍. യെമന്‍ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്നലെ ഇസ്രായേല്‍ വ്യോമസേന കനത്ത ആക്രമണം നടത്തി. കഴിഞ്ഞ ദിവസവും ഇസ്രയേലിലേക്ക് ഹൂത്തികള്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. ഹൂത്തികളുടെ സുരക്ഷാ, രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും സൈന്യത്തിന്റെയും ഏഴിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്.
ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൂത്തികളുടെ ഒരു ഉന്നത സൈനിക ആസ്ഥാനവും ഇസ്രയേല്‍ തകര്‍ത്തു തരിപ്പണമാക്കി. ഡസന്‍ കണക്കിന് ഹൂത്തി വിമതരെ കൊന്നൊടുക്കിയതായും ഡ്രോണുകളുടെ വന്‍ ശേഖരം തകര്‍ത്തതായും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
ഇതിന് തൊട്ടു പിന്നാലെ ഹൂത്തികള്‍ ഇസ്രയേലിലേക്ക് ഒരു ബാലിസ്റ്റിക് മിസൈല്‍ അയച്ചിരുന്നു. എന്നാല്‍ മധ്യ ഇസ്രായേലിലുടനീളം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ആളുകള്‍ പരമാവധി ഷെല്‍ട്ടറുകളിലേക്ക് മാറുകയും ചെയ്തു. മിസൈല്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. മിസൈലിന് ഒരു തരത്തിലുമുള്ള ആഘാതങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്നും സൈന്യം വ്യക്തമാക്കി.
ഹൂത്തികളുടെ പരമോന്നത നേതാവായ അബ്ദുള്‍-മാലിക് അല്‍-ഹൂത്തിയുടെ ആഴ്ചതോറുമുള്ള മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത പ്രസംഗം സംപ്രേഷണം ചെയ്യാന്‍ തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് സനയില്‍ ഇസ്രായേല്‍ ആക്രമണം നടന്നതെന്ന് ഹൂത്തി മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 140 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികള്‍ പറഞ്ഞു. ബുധനാഴ്ച, ഹൂത്തികള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു ഡ്രോണ്‍ ഇസ്രായേലിലെ തെക്കന്‍ പ്രദേശത്തെ റിസോര്‍ട്ട് നഗരമായ എലാറ്റില്‍ ആക്രമണം നടത്തിയിരുന്നു. 22 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഇസ്രയേല്‍ സനായില്‍ നടത്തിയ ആക്രമണത്തില്‍ 20 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് ഇസ്രായേലി വ്യോമസേന വിമാനങ്ങളും ചാരവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്നവയും പങ്കെടുത്തിരുന്നു. ഇത് ഹൂത്തികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന 19-ാം ആക്രമണമായിരുന്നു.
മിക്ക ആക്രമണങ്ങളും ഇസ്രായേല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളുമാണ് നടത്തിയത്.് ഇസ്രായേല്‍ നാവികസേനയുടെ മിസൈല്‍ ബോട്ടുകളും ആക്രമണത്തില്‍ പങ്കെടുത്തു. ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ സനായിലെ ഏഴ് മേഖലകളിലായി 65 ഓളം സ്ഫോടക വസ്തുക്കളാണ് വര്‍ഷിച്ചത്. 2200 കിലോമീറ്റര്‍ ദൂരം പറന്നെത്തിയാണ് വിമാനങ്ങള്‍ ദൗത്യം പൂര്‍്ത്തിയാക്കിയത്. സമീപ ഭാവിയില്‍' ഹൂത്തികള്‍ക്കെതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കായിരിക്കുന്നത്.