കാലിഫോര്‍ണിയ: മൂന്ന് പതിറ്റാണ്ടായി അമേരിക്കയില്‍ താമസിക്കുകയായിരുന്ന 73 വയസ്സുള്ള ഇന്ത്യക്കാരിയെ നാട് കടത്തിയത് ചര്‍ച്ചകളില്‍. ഹര്‍ജിത് കൗര്‍ എന്നാണ് ഇവരുടെ പേര്. ഈ മാസം എട്ടിനാണ് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത് . വാര്‍ത്ത അമേരിക്കയിലെ സിഖ് സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പഞ്ചാബിലെ രാഷ്ട്രീയ പ്രക്ഷുബ്ധതയില്‍ നിന്ന് രക്ഷപ്പെടാന്‍ 1991 ല്‍ തന്റെ രണ്ട് ഇളയ ആണ്‍മക്കളോടൊപ്പം അവര്‍ കാലിഫോര്‍ണിയയിലേക്ക് താമസം മാറുകയായിരുന്നു.

അമേരിക്കയില്‍ ഔദ്യോഗികമായി അഭയം തേടാന്‍ ഇവര്‍ നടത്തിയ പല ശ്രമങ്ങളും വിഫലമായിരുന്നു. തുടര്‍ന്ന് അവര്‍ അമേരിക്കയില്‍ തുടരുകയും ജോലി ചെയ്യുകയും ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഹര്‍ജിത് കൗറിനോട് തടവില്‍ കഴിയുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ അപമര്യാദായായിട്ടാണ് പെരുമാറിയതെന്നാണ് അവരുടെ അഭിഭാഷകന്‍ ദീപക് അലുവാലിയ ആരോപിച്ചത്. ഈ മാസം 19ന് കൗറിനെ ജോര്‍ജിയയിലെ ഒരു ഹോള്‍ഡിംഗ് ഫെസിലിറ്റിയിലേക്ക് മാറ്റുകയും ഇരുപത്തിരണ്ടാം തീയതി ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു. അവര്‍ക്ക് ഒരിക്കലും അവരുടെ അമേരിക്കയിലെ വീട് സന്ദര്‍ശിക്കാനോ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉചിതമായ യാത്രയയപ്പ് നല്‍കാനോ കഴിഞ്ഞില്ലെന്നും അഭിഭാഷകന്‍ കുറ്റപ്പെടുത്തി.

73 കാരിയായ കൗറിന് തടവറയില്‍ വളരെ മോശമായ സൗകര്യങ്ങളാണ് ലഭിച്ചത്. കിടക്കയില്ലാതെ 60 മുതല്‍ 70 മണിക്കൂര്‍ വരെ അവരെ തടങ്കലില്‍ പാര്‍പ്പിച്ചു. രണ്ട് കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയ അവരെ തറയില്‍ ഉറങ്ങാന്‍ നിര്‍ബന്ധിതയാക്കി എന്നാണ് പരാതി. നല്ല ഭക്ഷണം നല്‍കാനോ കൃത്യമായി മരുന്ന് കഴിക്കാനോ അധികൃതര്‍ അനുവദിച്ചില്ല. കൂടാതെ ജയിലില്‍ നല്‍കിയ മോശം സാന്‍ഡ്വിച്ച് കഴിക്കാന്‍ തയ്യാറാകാത്തതിന് ഗാര്‍ഡുകള്‍ അവരെ കുറ്റപ്പെടുത്തി എന്നും പറയപ്പെടുന്നു. എന്നാല്‍ അമേരിക്കന്‍ അധികൃതര്‍ പറയുന്നത് ഇവരെ 2005 ല്‍ ഒരു ഇമിഗ്രേഷന്‍ ജഡ്ജി നാട് കടത്താന്‍ ഉത്തരവിട്ടു എന്നാണ്. നിരവധി കോടതികളില്‍ കൗര്‍ അപ്പീല്‍ നല്‍കിയിരുന്നു എങ്കിലും അവയെല്ലാം തള്ളിപ്പോകുകയായിരുന്നു.

തങ്ങള്‍ കോടതി ഉത്തരവ് നടപ്പിലാക്കുകയാണ് എന്നാണ് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ഹെര്‍ക്കുലീസില്‍ താമസിച്ചിരുന്ന കൗര്‍ രണ്ട് പതിറ്റാണ്ടോളം സാരിക്കടയില്‍ തയ്യല്‍ക്കാരിയായി ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്തു. അഭയ അപേക്ഷകര്‍ക്ക് അവരുടെ അവകാശവാദങ്ങള്‍ പരിഗണിക്കുമ്പോള്‍ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവാദമുണ്ട്. ഇത്രയും കാലം അമേരിക്കയില്‍ താമസിച്ച ശേഷം, നിങ്ങളെ പെട്ടെന്ന് കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്നാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയ കൗര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇവരുടെ അറസ്റ്റ് സിഖ് സമൂഹത്തില്‍ ഞെട്ടലും രോഷവും ഉളവാക്കി. കാലിഫോര്‍ണിയയില്‍ ഇവരെ പിന്തുണക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുടിയേറ്റത്തിനെതിരെ, പ്രത്യേകിച്ച് യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടത്തുന്ന വ്യാപകമായ നടപടികള്‍ക്കിടയിലാണ് കൗറിന്റെ അറസ്റ്റും നാടുകടത്തലും ഉണ്ടായിരിക്കുന്നത്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ എത്തുന്നുണ്ട്. നിലവില്‍ 3.7 ദശലക്ഷത്തിലധികം അഭയ കേസുകള്‍ ഇമിഗ്രേഷന്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്.

ഏറ്റവും മോശം ആളുകളെ നാടുകടത്തണമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ എന്നാല്‍ ക്രിമിനല്‍ രേഖകളില്ലാതെ, കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കുന്ന കുടിയേറ്റക്കാരെയും ഇപ്പോള്‍ നാട്് കടത്തുകയാണ്.