- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ള പിആര്‍ റദ്ദാവുകയും പുതിയത് വേണ്ടന്ന് വയ്ക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചത് റിഫോം യുകെയ്ക്ക് ഭരണം ഉറപ്പാക്കി; പുതിയ സര്‍വേയില്‍ നൈജല്‍ നേടുക 373 സീറ്റുകള്‍; നീക്കത്തെ എതിര്‍ത്ത് കീര്‍ സ്റ്റര്‍മാര്‍; യുകെ വിടാന്‍ സ്കോട്ലന്‍ഡുകാര്‍ റെഡി
ലണ്ടന്‍: മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന തന്ത്രവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ റിഫോം യുകെ പാര്‍ട്ടിയുടെ വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണ തകര്‍ക്കാന്‍ ഒരുങ്ങുകയാണ്. റിഫോം യുകെയുടെ പ്രധാന രാഷ്ട്രീയ ആയുധമായ കുടിയേറ്റ വിഷയം തന്നെയാണ് സ്റ്റാര്‍മറും ഇതിനായി ഉപയോഗിക്കുന്നത്. ഉള്ള പി ആര്‍ റദ്ദാക്കുകയും പുതിയവ നല്‍കുകയില്ലെന്നുമുള്ള ഫരാജിന്റെ പ്രസ്താവനയില്‍ കുടിയേറ്റക്കാര്‍ക്കുള്ള ആശങ്ക മുതലെടുക്കാനുള്ള ശ്രമമാണ് സ്റ്റാര്‍മര്‍ നടത്തിയത്. ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ പാര്‍ട്ടി സമ്മേളനവേദിയില്‍ റിഫോം യു കെയുടെ സെറ്റില്‍ഡ് സ്റ്റാറ്റസ് നീക്കം ചെയ്യുമെന്ന പ്രഖ്യാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. അനധികൃത കുടിയേറ്റത്തിനെതിരെ നിലപാട് കടുപ്പിക്കുമ്പോഴും, നെയ്ജല്‍ ഫരാജിന്റെ നയം തികച്ചും അധാര്‍മ്മികമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ലേബറിന്റെ ശക്തി ചോര്‍ന്ന് പോകുന്നു എന്ന സര്‍വ്വേഫലം ഉയര്‍ത്തിയാണ് ഫരാജ് ഇതിനെ നേരിട്ടത്. വിദേശികള്‍ക്ക് ഈ രാജ്യത്ത് ദീര്‍ഘകാലം താമസിക്കുന്നതിനായി പണം നല്‍കുക, ഇല്ലെങ്കില്‍ ലേബര്‍ നിങ്ങളെ വംശീയവിദ്വേഷി എന്ന് വിളിക്കും എന്നായിരുന്നു റിഫോം യു കെയുടെ നയരൂപീകരണ സമിതി തലവന്‍ സിയ യൂസഫ് ഇതിനോട് പ്രതികരിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് മാത്രമായിരിക്കും ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ കഴിയുക എന്നും, വിദേശികള്‍ ബ്രിട്ടീഷ് സമൂഹത്തിനായി സംഭാവനകള്‍ ചെയ്യുമെന്നും ഉറപ്പാക്കാന്‍ റിഫോമിന്റെ നയത്തിന് മാത്രമെ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ഇടത്പക്ഷത്തേക്ക് പൂര്‍ണ്ണമായും നീങ്ങുന്നതിനായി പാര്‍ട്ടിക്കുള്ളിലെ വിമതരും, ട്രേഡ് യൂണിയനുകളും സമ്മര്‍ദ്ധം ശക്തമാക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു പ്രഖ്യാപനവുമായി സ്റ്റാര്‍മര്‍ എത്തുന്നത്. സമ്മേളനത്തില്‍ നിഴലിക്കുന്ന സംഘര്‍ഷാവസ്ഥ നവംബര്‍ 26 ന് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിന്റെ ഗതിയെ കുറിച്ചുള്ള ആശങ്ക കൂടുതല്‍ ശക്തമാക്കുന്നു. കമ്മി നികത്തുന്നതിനായി 30 ബില്യന്‍ പൗണ്ടിന്റെ നികുതികളുമായി റെയ്ച്ചല്‍ റീവ്‌സ് വരുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കിംവദന്തി. സമ്പദ്ഘടന നിശ്ചലമാവുകയും, സര്‍ക്കാരിന്റെ കടം ചെലവേറിയതാവുകയും ചെയ്തതോടെ കമ്മി നികത്താതെ മുന്നോട്ട് പോകാനാവില്ല എന്നതാണ് സാഹചര്യം എന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.
അതിനിടയില്‍ തന്റെ പുതിയ ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് പദ്ധതിയെ ന്യായീകരിക്കാന്‍ സ്റ്റാര്‍മര്‍ ശ്രമിച്ചെങ്കിലും, കുടിയേറ്റ വിഷയത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ അതിനെങ്ങനെ കഴിയുമെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിനായില്ല. തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ ആദ്യ വര്‍ഷം പാര്‍ട്ടി നിരവധി നേട്ടങ്ങള്‍ കൈവരിച്ചെന്ന് അവകാശപ്പെട്ട അദ്ദേഹം പക്ഷെ പൊതുജനം അസ്വസ്ഥരാണെന്ന് സമ്മതിച്ചു. രാജ്യത്തെ മാറ്റിമറിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു അഭിപ്രായ സര്‍വ്വേയില്‍ കൂടി, നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടി മുന്നേറ്റം നടത്തുന്നുവെന്ന സൂചനകള്‍ നല്‍കുമ്പോഴും, തനിക്ക് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേ പറയുന്നത് ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യു കെ 373 സീറ്റുകള്‍ നേടുമെന്നാണ്. ലേബറിന്റെ സീറ്റുകള്‍ വെറും 90 ആയി ചുരുങ്ങുമെന്നും അതില്‍ പറയുന്നു. നിലവില്‍ എതാണ്ട് നാനൂറോളം സീറ്റുകളാണ് പാര്‍ട്ടിക്കുള്ളത്. അതിനിടെ ഇപോസ്സ് മോറി നടത്തിയ മറ്റൊരു അഭിപ്രായ സര്‍വ്വേയില്‍ 1977 മുതല്‍ മറ്റേതൊരു പ്രധാനമന്ത്രിക്ക് ലഭിച്ചതിനേക്കാള്‍ ഏറെ കുറവ് പിന്തുണയാണ് കീര്‍ സ്റ്റാര്‍മര്‍ക്ക് ലഭിച്ചത്. ഇതുവരെയുള്ള റെക്കോര്‍ഡ് ഋഷി സുനകിനും ജോണ്‍ മേജര്‍ക്കും ലഭിച്ച മൈനസ് 59 ആയിരുന്നെങ്കില്‍ ഇപ്പോള്‍ സ്റ്റാര്‍മറുടേത് മൈനസ് 66 ല്‍ എത്തി നില്‍ക്കുകയാണ്.
സ്‌കോട്ട്‌ലാന്‍ഡ് പുറത്തേക്കോ?
പാര്‍ട്ടിക്കുള്ളില്‍ ഐക്യം കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട കീര്‍ സ്റ്റാര്‍മര്‍, രാജ്യത്തെ ഒന്നിപ്പിക്കുന്നതിലും പരാജയപ്പെട്ടു എന്ന് തെളിയിച്ചുകൊണ്ട് സ്‌കോട്ട്‌ലാന്‍ഡുകാര്‍ യു കെയില്‍ നിന്നും വിട്ടുപോയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനം പേരാണ് സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡ് എന്ന ആശയത്തെ പിന്തുണച്ചത്. അതിനുപുറമെ, അടുത്ത വര്‍ഷം നടക്കാന്‍ ഇരിക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റ് (ഹോളിറൂഡ്) തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ മൂന്നാം സ്ഥാനത്തേക്ക് മാറ്റി റിഫോം യു കെ രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വ്വേയില്‍ പറയുന്നു.
ഏകദേശം 34 ശതമാനത്തോളം പേര്‍ പൊതുതെരഞ്ഞെടുപ്പില്‍, കോണ്‍സ്റ്റിറ്റിയുവന്‍സി ബാലറ്റില്‍ എസ് എന്‍ എന്‍ പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ 20 ശതമാനം പേരാണ് റിഫോമിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞത്. 18 ശതമാനം പേര്‍ മാത്രമാണ് ലേബര്‍ പാര്‍ട്ടിക്കൊപ്പം നിലയുറപ്പിച്ചത്. റീജിയണല്‍ ലിസ്റ്റില്‍ 29 ശതമാനം പേര്‍ എസ് എന്‍ പിക്കൊപ്പം നിന്നപ്പോള്‍, റിഫോമിനും ലേബറിനും ഒപ്പം 18 ശതമാനം പേര്‍ വീതം നിലയുറപ്പിച്ചു. അഭിപ്രായ സര്‍വ്വേയില്‍ കൂപ്പുകുത്തി വീണതോടെ സര്‍ കീര്‍ സ്റ്റാര്‍മറില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കുകയാണ് സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ എം പി.
ലിവര്‍പൂളിലെ പാര്‍ട്ടി സമ്മേളന സ്ഥലത്തു നിന്നും ബി ബി സി സ്‌കോട്ട്‌ലാന്‍ഡുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞത്, സ്‌കോട്ട്‌ലാന്‍ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പങ്ക് നിര്‍വഹിക്കുമെന്നായിരുന്നു. എന്നാല്‍, സ്‌കോട്ട്‌ലാന്‍ഡിലെ തെരഞ്ഞെടുപ്പ് നയിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്തേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥി താനാണെന്നും സ്റ്റാര്‍മറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം സ്റ്റാര്‍മറുടെ ജനപ്രീതി ഇടിഞ്ഞെന്നും അദ്ദേഹം സമ്മതിച്ചു.