- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് ബിസിനസിനെ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നല്‍കിയ ഗ്രാന്റ് ദുരുപയോഗിച്ചവരെ തേടി പോലീസ്; ബിസിനെസ്സ് ലോണായി ലഭിച്ച പണം വീട് വാങ്ങാന്‍ ഡെപ്പോസിറ്റ് ആക്കിയവന് അകത്ത്: സെല്‍ഫ് എംപ്ലോയ്മെന്റ് ചെയ്യുന്ന മലയാളികള്‍ ജാഗ്രതൈ; ബ്രിട്ടണില്‍ നടപടികള്‍
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ കോവിഡ് ലോണ്‍ വീടുവാങ്ങാന്‍ ഉപയോഗിച്ച ഒരു വ്യക്തി തട്ടിപ്പ് കേസില്‍ ജയിലിലായി. 2020 ജൂണില്‍ തന്റെ കോസി ബെഡ് ലിമിറ്റഡ് എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു മൊഹമ്മദ് റഷീദ്‌സാദ് എന്ന 34 കാരന്‍ 50,000 പൗണ്ടിന്റെ ബൗണ്‍സ് ബാക്ക് ലോണ്‍ എടുത്തത്. എന്നാല്‍, ദിവസങ്ങള്‍ക്കകം അയാള്‍ ആ പണം തന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റുകയും മൂന്ന് കിടപ്പുമുറികളുള്ള ഒരു സെമി ഡിറ്റാച്ച്ഡ് വീട് വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്തു. ഹഡേഴ്സ്ഫീല്‍ഡിലെ അല്‍മോണ്ട്ബറി പ്രദേശത്താണ് ഇയാള്‍ വീട് വാങ്ങിയത്.
മാത്രമല്ല, ഇപ്പോള്‍ നോര്‍ത്ത് വെയ്ല്‍സിലെ ബാന്‍ഗോറില്‍ താമസിക്കുന്ന ഇയാള്‍ വായ്പ ലഭിച്ച് എട്ട് ദിവസം കഴിഞ്ഞപ്പോള്‍ കമ്പനി അടച്ചു പൂട്ടാനും ശ്രമം നടത്തി. വായ്പ നല്‍കിയ ബാങ്കിനെ അറിയിക്കാതെ കമ്പനീസ് ഹൗസ് റെജിസ്റ്ററില്‍ നിന്നും പേര് നീക്കുന്നതിനുള്ള അപേക്ഷ നല്‍കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം ലീഡ്‌സ് ക്രൗണ്‍ കോറ്റതിയില്‍ നടന്ന നാല് ദിവസം നീണ്ട വിചാരണയ്ക്കൊടുവില്‍ ഫ്രോഡ് ആക്റ്റ് പ്രകാരവും കമ്പനീസ് ആക്റ്റ് പ്രകാരവും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ക്ക് 18 മാസത്തെ തടവ് ശിക്ഷ കോടതി വിധിച്ചത്. ഇരട്ടക്കുറ്റങ്ങളാണ് റഷിദ്‌സദ് ചെയ്തത് എന്ന് ഇന്‍സോള്‍വന്‍സി സര്‍വീസിലെ പ്രധാന അന്വേഷണോദ്യോഗസ്ഥനായ മാര്‍ക്ക് സ്റ്റീഫന്‍സ് പ്‌റയുന്നു. കമ്പനി നടത്തുന്നതിനായി നല്‍കിയ 50,000 പൗണ്ടിന്റെ വായ്പ ദുരുപയോഗം ചെയ്ത് വീട് വാങ്ങാന്‍ ഉപയോഗിച്ചത് ആദ്യത്തെ കുറ്റം. കടം തിരികെ നല്‍കാനുള്ളവരെയെല്ലാം ശരിയായ മാര്‍ഗ്ഗത്തിലൂടെ അറിയിക്കാതെ കമ്പനി അടച്ചു പൂട്ടാന്‍ ശ്രമിച്ചത് രണ്ടാമത്തെ കുറ്റം.
കോവിഡ് കാലത്ത് പ്രഖ്യാപിച്ച ബൗണ്‍സ് ബാക്ക് ലോണുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ കുറിച്ച് ഇന്‍സോള്‍വന്‍സി സര്‍വീസ് ഇപ്പോള്‍ അന്വേഷിച്ചു വരികയാണ്. മുന്‍പെങ്ങുമില്ലാത്ത ഒരു പ്രതിസന്ധിയില്‍, നിയമപരമായ ബിസിനസ്സുകള്‍ നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ സഹായത്തോടെ നല്‍കിയ വായ്പകള്‍ ദുരുപയോഗം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ഇന്‍സോള്‍വന്‍സി സര്‍വ്വീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
കോടതി രേഖകള്‍ പ്രകാരം 2019 ല്‍ ആയിരുന്നു റഷീദ്‌സാദ്, കോസി ബെഡ് ലിമിറ്റഡ് എന്നപേരില്‍ ഒരു ഓണ്‍ലൈന്‍ ബെഡ് റീടെയ്ലിംഗ് ഔട്ട്‌ലെറ്റ് ആരംഭിച്ചത്. അതിന്റെ ഏക ഡയറക്ടറും അയാള്‍ തന്നെയായിരുന്നു. വാര്‍ഷിക വരുമാനം 2,03,000 പൗണ്ട് ആണെന്നും രേഖകള്‍ പറയുന്നു. 2020 ഒക്ടോബറില്‍ കോസി ബെഡ് ലിമിറ്റഡ് പൂര്‍ണ്ണമായും അടച്ചുപൂട്ടി. എടുത്ത വായ്പയില്‍ ഒരു തവണ പോലും തിരിച്ചടവ് ഉണ്ടായിട്ടുമില്ല.