- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമപരമായി എത്തിയ കുടിയേറ്റക്കാരെ പുറത്താക്കാന്‍ നീക്കം തുടരുമ്പോഴും അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനാണ് സ്വര്‍ഗ്ഗരാജ്യം; താലിബാന്‍ കമാണ്ടറുടെ അനന്തിരവന് ആദ്യം വിസ നല്‍കി; ഇപ്പോള്‍ ഏഴ് അടുത്ത ബന്ധുക്കള്‍ക്കും വിസ നല്‍കാന്‍ കോടതി
ലണ്ടന്‍: ഒരു താലിബാന്‍ കമാന്‍ഡറുടെ അനന്തിരവന് ബ്രിട്ടനില്‍ അഭയാര്‍ത്ഥി പദവി നല്‍കിയതിന് പിറകെ കോടതി ഉത്തരവനുസരിച്ച് അയാളുടെ, ഇപ്പോള്‍ തുര്‍ക്കിയില്‍ ജീവിക്കുന്ന ഏഴ് കുടുംബാംഗങ്ങളും ബ്രിട്ടനിലെത്തും. ഇവര്‍ക്കാര്‍ക്കും തന്നെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതാണ് രസകരമായ കാര്യം. ഇവരെ ബ്രിട്ടനില്‍ താമസിക്കാന്‍ അനുവദിക്കുക വഴി പൊതുഖജനാവിന് വലിയൊരു ബാദ്ധ്യതയാകും ഉണ്ടാവുക എന്ന് നിരീക്ഷിച്ച ട്രൈബ്യൂണല്‍ പക്ഷെ ഇയാളുടെ ബന്ധുക്കളെ ഇവിടേക്ക് കൊണ്ടുവരാതെ മറ്റ് വഴികളില്ലെന്നും ചൂണ്ടിക്കാട്ടി.
ഇയാളുടെ മാതാപിതാക്കള്‍, മൂന്ന് സഹോദരിമാര്‍, ഒരു അനന്തിരവള്‍, ഒരു അനന്തിരവന്‍ എന്നിവര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു. അഭയാര്‍ത്ഥികള്‍ അവരുടെ കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നത് നിയന്ത്രിക്കും എന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കുന്നതിനിടെയാണ് ഇത്തരമൊരു കോടതി വിധി വന്നിരിക്കുന്നത്. മാത്രമല്ല, നിയമപരമായി കുടിയേറുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്ന സാഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്.
എസ് എന്ന് മാത്രം രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഇയാള്‍ 2016 ല്‍ ആണ് ബ്രിട്ടനില്‍ എത്തുന്നത്. അന്ന് തനിക്ക് 15 വയസ്സാണെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീറ്റ് 18 വയസ്സുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ അമ്മാവന്‍ താലിബാന്‍ കമാന്‍ഡറാണെന്നും, തന്നെ സംഘടനയില്‍ ചേര്‍ത്ത് ജിഹാദിയാക്കാന്‍ അമ്മാവന്‍ തന്റെ പിതാവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.
അമ്മാവനില്‍ നിന്നും രക്ഷപ്പെടാനായി ഇയാളുടെ പിതാവ് ഇയാളെ കാബൂളിലേക്ക് അയച്ചു. എന്നാല്‍, ഒരു കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാളുടെ രണ്ട് ബന്ധുക്കള്‍ ഇയാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നും ട്രൈബ്യൂണലില്‍ ബോധിപ്പിച്ചു. ഇയാള്‍ അതിയായ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തിയാണെന്ന് ഒരു സൈക്കോതെറാപ്പിസ്റ്റ് സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഇന്‍ഡെഫെനി ലീവ് ടു റിമെയ്ന്‍ നല്‍കാന്‍ 2018 ല്‍ ഒരു ഇമിഗ്രേഷന്‍ ജഡ്ജി ഉത്തരവിട്ടിരുന്നു.
അതിനിടയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട ഇയാളുടെ മാതാപിതാക്കളും സഹോദരിമാരും ഇറാന്‍ വഴി തുര്‍ക്കിയില്‍ എത്തുകയായിരുന്നു. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സിലെ സ്വകാര്യമായ കുടുംബ ജീവിതം നയിക്കാനുള്ള അവകാശം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ 8 ന്റെ അടിസ്ഥാനത്തില്‍ ഇവര്‍ യു കെയിലെക്ക് വരുവാനുള്ള അപേക്ഷ നല്‍കി. എന്നാല്‍ അത് നിരസിക്കപ്പെടുകയായിരുന്നു.
ഈ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് അപ്പര്‍ ട്രിബ്യൂണലില്‍ ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. നീതീകരിക്കാന്‍ കഴിയാത്ത വിധമുള്ള പരുക്കന്‍ സമീപനമാണ് അവരോട് സ്വീകരിച്ചത് എന്ന് നിരീക്ഷിച്ച കോടതി മനുഷ്യാവകാശങ്ങളുടെ പേരില്‍ അവര്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കണമെന്നും ഉത്തരവിട്ടു. അഫ്ഗാനിസ്ഥാനില്‍ താമസിച്ചാല്‍ എസ് ന്റെ സഹോദരിമാരെ നിര്‍ബന്ധിത വിവാഹത്തിന് വിധേയമാക്കുമെന്നും ഇവര്‍ക്കായി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.