ഗ്രേറ്റ തുന്‍ബര്‍ഗ്

ജെറുസലേം: ഇസ്രായേല്‍ നാവിക സേന തന്നെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ഇവരുടെ നേതൃത്വത്തില്‍ നിരവധി ചെറുകപ്പലുകളിലായി ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുമായി എത്തിയപ്പോള്‍ ഇസ്രയേല്‍ സൈന്യം തടയുകയായിരുന്നു. ഫ്രീഡം ഫ്ളോട്ടിലയില്‍ നിന്ന് തന്നെ ഇസ്രയേല്‍ സൈന്യം വലിച്ചിഴച്ച് പുറത്താക്കിയ ശേഷം തട്ടിക്കൊണ്ട് പോയതായി അവര്‍ ആരോപിച്ചു.

സമൂഹ മാധ്യമമായ എക്സിലാണ് ഗ്രേറ്റ ഇക്കാര്യം ഉന്നയിച്ചത്. തങ്ങളുടെ ദൗത്യം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചാണെന്നും തന്റെയും സഹപ്രവര്‍ത്തകരുടേയും അടിയന്തര മോചനത്തിനായി എല്ലാവരും ഇടപെടല്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയുടെ നേതൃത്വത്തില്‍ 19 ഓളം കപ്പലുകളാണ് ഫലസ്തീന്‍ മേഖലയിലേക്ക് പ്രവേശിച്ചത്. ഇസ്രയേല്‍ നാവികസേന തങ്ങളെ തടഞ്ഞു വെച്ചു എന്നാണ് കപ്പലിലുണ്ടായിരുന്നവര്‍ പറയുന്നത്. ഗാസ തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് തങ്ങളെ തടഞ്ഞത് എന്നാണ് ഫ്ലോട്ടില്ലയുടെ സംഘാടകര്‍ പറയുന്നത്.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തവരില്‍ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തകയായ തുന്‍ബെര്‍ഗും ഉള്‍പ്പെടുന്നു. പച്ച തൊപ്പിയും വെളുത്ത കോട്ടും ധരിച്ച് അവര്‍ നില്‍ക്കുന്നതായി കാണാം. തുന്‍ബര്‍ഗിനൊപ്പം അമേരിക്കന്‍ നടി സൂസന്‍ സാരണ്ടനും, നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍ മാണ്ട്ല മണ്ടേലയും ഉള്‍പ്പെടെ 500 ഓളം ആക്ടിവിസ്റ്റുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂണില്‍ ഗാസയിലേക്കുള്ള ദൗത്യവുമായി തുന്‍ബര്‍ഗും സംഘവും സഞ്ചരിച്ചിരുന്ന കപ്പലായ മാഡ്ലീന്‍, സൈന്യം തടയുകയും അവരെ നാടു കടത്തുകയും ചെയ്തിരുന്നു.

അതേ സമയം തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള ഫ്ളോട്ടില പ്രവര്‍ത്തകര്‍ ഹമാസില്‍ നിന്ന് പണം കൈപ്പറ്റുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തുന്‍ബര്‍ഗും സംഘവും നടത്തുന്നത്,വെറും നാടകമാണെന്ന ഇസ്രയേലിന്റെ ആരോപണവും ശരിവവെയ്ക്കുന്ന രീതിയിലാണ് പലപ്പോഴും ഇവര്‍ പ്രവര്‍ത്തിക്കുന്നതും. മറ്റ് മാര്‍ഗങ്ങളിലൂടെ ഗാസയിലേക്ക് സഹായം കൈമാറാനുള്ള വാഗ്ദാനം ഇവര്‍ നിരന്തമായി നിരസിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി, രണ്ട് ഇസ്രായേലി യുദ്ധക്കപ്പലുകള്‍ തങ്ങളുടെ രണ്ട് ബോട്ടുകളെ ആക്രമിച്ച് അവയെ വളയുകയും തത്സമയ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഒരു മാസം മുമ്പ് സ്പാനിഷ് തുറമുഖമായ ബാഴ്‌സലോണയില്‍ നിന്ന് യാത്ര ആരംഭിച്ച ഫ്ലോട്ടില്ല ഇന്നലെ രാവിലെയോടെ ഗാസയുടെ തീരത്ത് എത്താന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ നിരോധിത മേഖലില്‍ പ്രവേശിച്ചാല്‍ തടയുമെന്ന് ഇസ്രയേല്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.