പാരിസ്: ഫ്രാന്‍സിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ വ്യക്തമാക്കി പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍ണു രാജിവച്ചു. പ്രധാനമന്ത്രി കസേരയില്‍ നാലാഴ്ച തികയും മുമ്പാണ് ലൊക്കോര്‍ണുവിന്റെ രാജി. ഇതോടെ ഒരുമാസത്തിനിടെ രാജിവച്ച പ്രധാനമന്ത്രിമാര്‍ രണ്ടായി. സെപ്റ്റംബറില്‍ രാജിവച്ച ഫ്രാന്‍സ്വ ബെയ്‌റൂവിന്റെ പിന്‍ഗാമിയായിരുന്നു ലൊക്കോര്‍ണു. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിപദം വഹിച്ചയാള്‍ എന്ന റെക്കോര്‍ഡും ഇതോടെ ലൊക്കോര്‍ണുവിന് സ്വന്തമായി.

ഇന്നലെയാണ് ലെക്കോര്‍ണു മന്ത്രിസഭ അഴിച്ചുപണിതത്. ഇതില്‍ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അമര്‍ഷം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് രാജി. സര്‍ക്കാരില്‍ തുടരണോയെന്ന് പുനരാലോചിക്കുമെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കസേര തെറിക്കുന്ന 4-ാമത്തെ പ്രധാനമന്ത്രിയുമാണ് ലെക്കോര്‍ണു.

സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടിക്കെതിരെ ഫ്രാന്‍സില്‍ ഉടനീളം സമരം തുടരുന്നതിനിടെ ലെക്കോര്‍ണു രാജിവച്ചത് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് വന്‍ തിരിച്ചടിയായി. പ്രസിഡന്റ് പദവിയില്‍ മാക്രോണിന് ഇനിയെത്രകാലം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മാക്രോണിന്റെ കാലത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ച് പ്രധാനമന്ത്രിമാര്‍ വന്നിട്ടും ആര്‍ക്കും അധികകാലം തുടരാനായില്ല.

പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കുമോ അതോ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന് മക്രോണ്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മക്രോയുടെ രാജിക്കായും സമ്മര്‍ദമുണ്ടെങ്കിലും 2027 വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ഫ്രാന്‍സിന്റെ പൊതുകടം നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയരത്തിലാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ബജറ്റ് സംബന്ധിച്ച് പാര്‍ട്ടികള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയാണ് പ്രധാനമന്ത്രിമാരുടെ രാജിയില്‍ കലാശിച്ച പ്രധാനകാരണം.

ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നല്‍കാതിരുന്ന 2024-ലെ തിരഞ്ഞെടുപ്പിന് ശേഷം ഫ്രാന്‍സ് രാഷ്ട്രീയമായി കൂടുതല്‍ അസ്ഥിരമാവുന്നതിന്റെ ലക്ഷണം കൂടിയാണ് ലെക്കോര്‍ണുവിന്റെ രാജി. മാക്രോണിന് മുന്നില്‍ ഇനി രണ്ട് വഴികളാണ് അവശേഷിക്കുന്നത്. ഒന്നുകില്‍ അടിയന്തര തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക അല്ലെങ്കില്‍ രാജിവെച്ച് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വഴിയൊരുക്കുക.

ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന മന്ത്രിസഭയില്‍ മാക്രോണിന്റെ പാര്‍ട്ടിയില്‍നിന്ന് 10 മന്ത്രിമാരുണ്ടായിരുന്നു. 2017-ല്‍ അധികാരത്തിലെത്തിയപ്പോള്‍ മാക്രോണിന്റെ ആദ്യ സര്‍ക്കാരില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലായിരുന്നു ഇത്. 15 മന്ത്രിമാരുള്ള മന്ത്രിസഭയില്‍ ഫ്രഞ്ച് പാര്‍ലമെന്റിലെ ഇടതുപക്ഷ ബ്ലോക്കില്‍നിന്നോ തീവ്ര വലതുപക്ഷ പാര്‍ട്ടിയില്‍നിന്നോ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.

'നമ്മള്‍ വഴിയുടെ അവസാനത്തിലാണ്, ഒരു പരിഹാരവുമില്ല,' ഫ്രഞ്ച് തീവ്ര വലതുപക്ഷത്തിന്റെ മുഖമായ മറൈന്‍ ലെ പെന്‍ പറഞ്ഞു. മറ്റൊരു മാക്രോണിസ്റ്റ് പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമോ എന്ന് ചോദിച്ചപ്പോള്‍, 'ഈ തമാശയുടെ അവസാനത്തിലാണ് നമ്മള്‍.' എന്നായിരുന്നു അവരുടെ മറുപടി. ലെക്കോര്‍ണുവിന്റെ രാജിയെ കുറിച്ച് ഇടതുപക്ഷവും രൂക്ഷമായാണ് പ്രതികരിച്ചത്. മാക്രോണിസം രാജ്യത്തെ ഒരിക്കല്‍ കൂടി അരാജകത്വത്തിലേക്ക് തള്ളിവിടുന്നുവെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വക്താവ് ആര്‍തര്‍ ഡെലാപോര്‍ട്ട് പറഞ്ഞു.

യൂറോപ്പിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ഫ്രാന്‍സിലെ രാഷ്ട്രീയ ആസ്ഥിരത ഓഹരി വിപണികളെയും യൂറോയെയും സാരമായി ഉലച്ചു. യൂറോ 0.7% താഴ്ന്ന് 1.16ലാണ് ഡോളറിനെതിരെയുള്ളത്. ഫ്രഞ്ച് ഓഹരി സൂചികയായ സിഎസി 2% ഇടിഞ്ഞു. 3% താഴ്ന്ന മിഡ്ക്യാപ് ഓഹരികള്‍ നേരിട്ടത് ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ താഴ്ചയാണ്. ബാങ്കിങ് ഓഹരികളാണ് കൂടുതല്‍ വില്‍പനസമ്മര്‍ദത്തില്‍ മുങ്ങിയത്. ബിഎന്‍പി പാരിബ, സൊസൈറ്റി ജനറാലെ, ക്രെഡിറ്റ് അഗ്രികോള്‍ എന്നിവ 5% വരെ ഇടിഞ്ഞു. ഫ്രഞ്ച് ഓഹരികളുടെയും യൂറോയുടെയും വീഴ്ച യൂറോപ്പിലെ മറ്റ് വിപണികളെയും തളര്‍ത്തുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.