റോം: ഇറ്റലിയില്‍ ഇസ്ലാമിക വിഘടനവാദം തടയാന്‍ ഉറച്ച നിലപാടുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ ബുര്‍ക്കയും നിഖാബും ധരിക്കുന്നത് നിരോധിക്കാന്‍ ബില്‍ അവതരിപ്പിച്ചു. ഇസ്ലാമിക വിഘടനവാദം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ 'ബ്രദേഴ്സ് ഓഫ് ഇറ്റലി' പാര്‍ട്ടി അവതരിപ്പിച്ച ഈ ബില്‍, രാജ്യത്തൊട്ടാകെ ബുര്‍ക്കയും നിഖാബും നിരോധിക്കാന്‍ ലക്ഷ്യമിടുന്നു. മെലോണിയുടെ വലതുപക്ഷ സഖ്യസര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഈ ബില്‍ പാസാകാന്‍ സാധ്യതയുണ്ട്.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, കടകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് 260 യൂറോ മുതല്‍ 2,600 യൂറോ വരെ പിഴ ഈടാക്കും. ഇതിനുപുറമെ, 'സാംസ്‌കാരിക കുറ്റകൃത്യങ്ങള്‍' നേരിടുന്നതിനായി ക്രിമിനല്‍ നടപടികളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കന്യകാത്വ പരിശോധന, നിര്‍ബന്ധിത വിവാഹങ്ങള്‍ എന്നിവയ്ക്ക് നിലവിലുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കും. മതപരമായ നിര്‍ബന്ധങ്ങള്‍ പ്രോസിക്യൂഷന് തെളിവാക്കാവുന്നതാണ്.

ഇസ്ലാമിക തീവ്രവാദത്തിന്റെ വ്യാപനം തടയുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. 'ഇസ്ലാമിക മൗലികവാദത്തിന്റെ വ്യാപനം ഇസ്ലാമിസ്റ്റ് ഭീകരവാദത്തിനുള്ള വളക്കൂറാണ്,' കരട് നിയമത്തിന്റെ ആമുഖത്തില്‍ പറയുന്നു.

പള്ളികള്‍ക്കും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ ധനസഹായ സ്രോതസ്സുകള്‍ വെളിപ്പെടുത്തണമെന്നതും ബില്ലില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നത് തടയുമെന്നും വ്യവസ്ഥയുണ്ട്. നിലവില്‍, ഇറ്റലിയിലെ ചില പ്രദേശങ്ങളില്‍ ബുര്‍ക്കയ്ക്കും നിഖാബിനും നിയന്ത്രണങ്ങളുണ്ട്. 2015 ല്‍ ലോംബാര്‍ഡി മേഖലയില്‍ പൊതു കെട്ടിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിരുന്നു.