- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറും; ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ചട്ടക്കൂടിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; 20 ബന്ദികളെ തിങ്കളാഴ്ചയോടെ മോചിപ്പിക്കും; എല്ലാം ട്രംപ് ആഗ്രഹിച്ചതു പോലെ
ജറുസലേം: രണ്ട് വര്‍ഷത്തെ യുദ്ധത്തിന് വിരാമമിട്ട്, ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സുപ്രധാന കരാറിന് ഇസ്രായേല്‍ സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കി. ഒക്ടോബര്‍ 7ലെ കൂട്ടക്കൊലയുടെ രണ്ടാം വാര്‍ഷികം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റക്കരാര്‍ എന്നിവയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. തിങ്കളാഴ്ചയോടെ ജീവിച്ചിരിക്കുന്ന 20 ബന്ദികളെയും മോചിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. 734 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് ഇങ്ങനെയൊരു നീക്കമെന്നത് ശ്രദ്ധേയമാണ്. 'ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ചട്ടക്കൂടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി,' നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ പ്രിസഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിച്ചതു പോലെയാണ് ഇതുവരെ കാര്യങ്ങളുടെ പോക്ക്.
എങ്കിലും, ഈ സമാധാനക്കരാറിന് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ജൂതശക്തിയുടെ നേതാവുമായ ഇത്മാര്‍ ബെന്‍-ഗ്വിര്‍ കരാറിനെ ശക്തമായി എതിര്‍ത്തു. ഹമാസിന്റെ ഭരണം ഇല്ലാതാക്കുന്നില്ലെങ്കില്‍ നെതന്യാഹു സര്‍ക്കാരിനെ താഴെയിടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. ഹമാസിന്റെ ഭരണം അവസാനിപ്പിക്കുമെന്നും, ഈ കരാര്‍ ഒരു 'ശരിരായയ രേഖ' ആയിരിക്കുമെന്നും നെതന്യാഹു ബെന്‍-ഗ്വിറിന് ഉറപ്പുനല്‍കിയതായാണ് വിവരം.
അതിവേഗം വെടിനിര്‍ത്തല്‍ നിലവില്‍ വരും. ഇതനുസരിച്ച്, നിശ്ചിത അതിര്‍ത്തി രേഖയിലൂടെ ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ രൂപംകൊണ്ട ഈ കരാര്‍, ദീര്‍ഘകാല സമാധാനത്തിലേക്കുള്ള നിര്‍ണ്ണായക ചുവടായി കണക്കാക്കപ്പെടുന്നു. കരാര്‍ അംഗീകരിച്ചതോടെ ടെല്‍ അവീവിലെ 'ഹോസ്റ്റേജസ് സ്‌ക്വയറില്‍' ജനങ്ങള്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ നടത്തി.
രണ്ട് വര്‍ഷത്തെ ക്രൂരമായ സംഘര്‍ഷത്തിന് ശേഷം പ്രതീക്ഷ തെളിഞ്ഞെങ്കിലും, ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതകള്‍ ഈ സമാധാന നീക്കത്തിന് വെല്ലുവിളിയായി തുടരുന്നു. സമാധാനത്തിനായുള്ള പൊതുവായ ആഗ്രഹവും കടുത്ത രാഷ്ട്രീയ ഭിന്നതകളും ഭാവിയില്‍ പ്രശ്‌നമായേക്കും.