ഇസ്ലാമാബാദ്: ഗാസയുടെ പേരില്‍ പാക്കിസ്ഥാന്‍ കത്തുന്നു. തെഹ്രീകെ ലബ്ബൈക് പാകിസ്ഥാന്‍ (ടിഎല്‍പി) പാര്‍ട്ടിയും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടിഎല്‍പി ആഹ്വാനംചെയ്ത 'ലോങ് മാര്‍ച്ചി'ന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമാണ് തിങ്കളാഴ്ചയും രൂക്ഷമായത്. തിങ്കളാഴ്ച പോലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒട്ടേറെ പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. സമരക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായി പഞ്ചാബ് പോലീസ് മേധാവി ഉസ്മാന്‍ അന്‍വര്‍ സ്ഥിരീകരിച്ചു. അതേസമയം, പ്രതിഷേധക്കാരില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ക്ക് പരിക്കേറ്റെന്നോ പോലീസ് മേധാവി വ്യക്തമാക്കിയില്ല.

പ്രതിഷേധത്തില്‍ നഗരം സ്തംഭിച്ചു. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തെന്നും ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടെന്നും പഞ്ചാബ് പൊലീസ് മേധാവി ഉസ്മാന്‍ അന്‍വര്‍ പറഞ്ഞു. പ്രതിഷേധക്കാരുടെ ഭാഗത്തുണ്ടായ മരണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്കു പരുക്കേറ്റതായും ടിഎല്‍പി പ്രസ്താവനയില്‍ അറിയിച്ചു. പരുക്കേറ്റവരില്‍ ടിഎല്‍പി മേധാവി സാദ് റിസ്വിയും ഉള്‍പ്പെടുന്നു.

റിസ്വിയുടെ ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ ഏറ്റതായും ഗുരുതരാവസ്ഥയിലാണെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയ്ക്കു തയാറാണെന്നു സാദ് റിസ്വി പൊലീസിനോട് അഭ്യര്‍ഥിക്കുന്ന വിഡിയോ, സംഘര്‍ഷമുണ്ടാകുന്നതിനു മുന്‍പ് പാര്‍ട്ടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. റിസ്വി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ വെടിയൊച്ചകള്‍ കേള്‍ക്കാം. ഇസ്ലാമാബാദിലെ യുഎസ് എംബസിക്ക് പുറത്ത് പലസ്തീന്‍ അനുകൂല റാലി നടത്താന്‍ പ്രകടനക്കാര്‍ തീരുമാനിച്ചിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പൊലീസ് നടപടിയുടെ ഭാഗമായാണ് വെടിവയ്പ്പുണ്ടായത്.

യുഎസിന്റെ ഗാസ സമാധാന പദ്ധതിക്കെതിരേയും ഇസ്രയേലിനെതിരേയുമാണ് ടിഎല്‍പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇസ്ലാമാബാദിലെ യുഎസ് എംബസിയിലേക്ക് ലോങ് മാര്‍ച്ചിനും ആഹ്വാനംചെയ്തു. വെള്ളിയാഴ്ച കിഴക്കന്‍ പാകിസ്താനില്‍നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും ടിഎല്‍പി അധ്യക്ഷന്‍ സാദ് റിസ്വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രതിഷേധക്കാരെ തടയാനായി പോലീസ് റോഡുകളില്‍ സ്ഥാപിച്ച കൂറ്റന്‍ കണ്ടെയ്നറുകളും മറ്റും സമരക്കാര്‍ നീക്കാന്‍ ശ്രമിച്ചതോടെയാണ് തിങ്കളാഴ്ച സംഘര്‍ഷം ഉടലെടുത്തതെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പോലീസും സമരക്കാരും തമ്മില്‍ ലാഹോറില്‍ വന്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ സമീപപ്രദേശമായ മുരിഡ്കെയില്‍ തമ്പടിച്ച് വീണ്ടും പ്രതിഷേധം ആരംഭിച്ചെന്നും ഇവിടെയും സംഘര്‍ഷം രൂക്ഷമായെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതിനിടെ, പോലീസ് വെടിവെപ്പില്‍ ടിഎല്‍പി നേതാവ് സാദ് റിസ്വിക്ക് ഉള്‍പ്പെടെ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ റിസ്വിയുടെ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിസ്വിയുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിനുപുറമേ അക്രമാസക്തരായ സമരക്കാര്‍ ഒട്ടേറെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

യുഎസിന്റെ ഗാസ സമാധാന പദ്ധതിക്കെതിരേ ടിഎല്‍പി നടത്തുന്ന സമരത്തിന് പാകിസ്ഥാനില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ഗാസയിലെ സംഘര്‍ഷം അവസാനിച്ചവേളയില്‍ ടിഎല്‍പി ഇത്തരമൊരു സമരം നടത്തുന്നതിനെ ഒരുവിഭാഗം രൂക്ഷമായി വിമര്‍ശിക്കുന്നു. പാക് സര്‍ക്കാര്‍ ടിഎല്‍പി സമരത്തെ നേരിട്ടരീതിയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് മറ്റൊരുവിഭാഗം ആരോപിക്കുന്നത്. അതേസമയം, ഗാസയില്‍ സമാധാനം പുനഃസ്ഥാപിച്ചത് ആഘോഷിക്കുന്നതിന് പകരം ടിഎല്‍പി എന്തിനാണ് അക്രമം തിരഞ്ഞെടുത്തതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു പാക് മന്ത്രി തലാല്‍ ചൗധരിയുടെ പ്രതികരണം.