- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെനസ്വേലന്‍ വ്യോമാതിര്ത്തിക്കടുത്ത് യുഎസ് ബി-52 ബോംബറുകള്‍; സൈനിക ശക്തിപ്രകടനമെന്ന് വിലയിരുത്തല്‍; ദുരൂഹ സൈനിക നീക്കം അമേരിക്കയും വെനസ്വേലയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കും; ട്രംപിന്റെ മനസ്സില്‍ എന്തെന്ന് ആര്‍ക്കും അറിയില്ല
വാഷിങ്ടണ്‍: 2025 ഒക്ടോബര്‍ 15-ന് മൂന്ന് യുഎസ് ബി-52എച്ച് സ്ട്രാറ്റോഫോര്‍ട്രസ് ബോംബറുകള്‍ വെനസ്വേലന്‍ വ്യോമാതിര്‍ത്തിക്ക് സമീപം പറന്നത് ചര്‍ച്ചകളില്‍. ചില സൈനിക നിരീക്ഷകര്‍ ഇതിനെ യുഎസിന്റെ ശക്തമായ സൈനിക ശക്തിപ്രകടനമായി വിലയിരുത്തുമ്പോള്‍, ഈ ദൗത്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം അമേരിക്ക പുറത്തു വിട്ടിട്ടില്ല.
വെനസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്മേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് ഈ നിര്‍ണ്ണായക നീക്കം. ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ലൂസിയാനയിലെ ബാര്‍ക്‌സ്‌ഡേല്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 2:50-നാണ് ഈ ബോംബറുകള്‍ പുറപ്പെട്ടത്. മെക്‌സിക്കോയ്ക്കും ക്യൂബയ്ക്കും ഇടയിലൂടെ ഗള്‍ഫ് ഓഫ് അമേരിക്ക കടന്ന് കരീബിയന്‍ കടലിന് മുകളിലൂടെ വെനസ്വേലയെ സമീപിക്കുകയായിരുന്നു ഇവ.
മിഷന്‍ സെറ്റിലുള്ള 61-0010, 60-0052, 60-0033 എന്നീ ടെയില്‍ നമ്പറുകളുള്ള വിമാനങ്ങളെ ഫ്‌ലൈറ്റ്‌റഡാര്‍24 ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് നിരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നവര്‍ക്ക് 50 ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതും, മയക്കുമരുന്ന് കടത്തുന്ന കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തിയതും, മേഖലയില്‍ കാര്യമായ സൈനിക വിന്യാസം നടത്തിയതുമടക്കം ട്രംപ് ഭരണകൂടം വെനസ്വേലയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
യുഎസ് സൈന്യം ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് ഒരുങ്ങുകയാണെന്ന് വെനസ്വേല മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബോംബറുകളുടെ ഈ യാത്ര. ബുധനാഴ്ച നടത്തിയ ഈ വിന്യാസത്തെക്കുറിച്ച് ഔദ്യോഗികമായി വിശദീകരിക്കാന്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ ബി-52എച്ച് ബോംബറുകള്‍ക്ക് മണിക്കൂറില്‍ ഉയര്‍ന്ന സബ്‌സോണിക് വേഗതയില്‍ 50,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ ശേഷിയുണ്ട്.
ശീതയുദ്ധകാലത്ത് രൂപകല്‍പ്പന ചെയ്ത ഈ ദീര്‍ഘദൂര സ്ട്രാറ്റജിക് ബോംബര്‍ ലോകത്തെവിടെയും വലിയ സൈനിക സാമഗ്രികള്‍ എത്തിക്കാന്‍ കഴിവുള്ളതാണ്. ഈ ദുരൂഹമായ സൈനിക നീക്കം, യുഎസും വെനസ്വേലയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം കൂടുതല്‍ രൂക്ഷമാക്കും.