- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ഷങ്ങളായി ചൈനീസ് ചാരന്മാര്‍ യുകെയില്‍ തലങ്ങും വിലങ്ങും ചാരപ്പണി എടുത്തു; തിരിച്ചറിഞ്ഞപ്പോള്‍ നടപടിക്ക് പേടി; ലണ്ടന്‍ നഗരത്തില്‍ പടുത്തുയര്‍ത്താന്‍ ഉദ്ദേശിക്കുന്ന പടുകൂറ്റന്‍ എംബസ്സിക്ക് അനുമതി തടഞ്ഞു; തിരിച്ചടി ഉണ്ടാവുമെന്ന് ചൈനയും
ലണ്ടന്‍: നഷ്ട പ്രതാപത്തിന്റെ സ്മരണകള്‍ ഉള്ളിലൊതുക്കി ജീവിക്കുകയാണ് ഭൂമിയുടെ പശ്ചിമാര്‍ദ്ധ ഗോളം വര്‍ത്തമാന കാലത്ത്. ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള പൂര്‍വ്വാര്‍ദ്ധഗോളത്തിലെ രാജ്യങ്ങള്‍ വന്‍ ശക്തികളായി ഉയര്‍ന്ന് വരുമ്പോള്‍ പല പാശ്ചാത്യ രാജ്യങ്ങള്‍ക്കും അത് നിസ്സഹായരായി നോക്കി നില്‍ക്കാനെ കഴിയുന്നുള്ളു.ബ്രിട്ടനില്‍ അങ്ങോളമിങ്ങോളം ചാരപ്പണി നടത്തിയ ചൈനീസ് ചാരന്മാര്‍ പിടിയിലായിട്ടും നടപടിക്ക് മുതിരാന്‍ ബ്രിട്ടന്‍ ഭയക്കുന്നത്, ഭൗമരാഷ്ട്രീയത്തിലെ പുതിയ പ്രവണതയേയാണ് സൂചിപ്പിക്കുന്നത്.
മാത്രമല്ല, ലണ്ടനില്‍ പണിയുന്ന തങ്ങളുടെ സൂപ്പര്‍ എംബസിക്ക് അനുമതി നല്‍കാന്‍ വൈകിപ്പിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന ഭീഷണിയും ഇപ്പോള്‍ ചൈന മുഴക്കിയിട്ടുണ്ട്. ലണ്ടന്‍ നഗരത്തിന് സമീപത്തുള്ള ചരിത്രപ്രാധാന്യമുള്ള ഒരിടത്താണ് ചൈന പുതിയ എംബസി പണിയുവാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, പരിസരവാസികളില്‍ നിന്ന് ഈ നീക്കത്തിന് കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്. ഈ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കണമോ എന്ന കാര്യം അടുത്തയാഴ്ച തീരുമാനിക്കുമെന്നായിരുന്നു ആദ്യ സൂചന.
എന്നാല്‍, ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഡിസംബര്‍ 10 വരെ സമയം നീട്ടിയിരിക്കുകയാണ് ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ്. ഇതില്‍ ആശങ്കയും കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരിക്കുകയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്. എംബസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചൈന പരമാവധി ആത്മാര്‍ത്ഥതയും ക്ഷമയും കാണിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ബ്രിട്ടന്‍ തീരെ സത്യസന്ധമല്ലാത്ത രീതിയില്‍ ഇക്കാര്യത്തില്‍ ഉദാസീന മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്നും ചൈനീസ് വക്താവ് കുറ്റപ്പെടുത്തി. ബ്രിട്ടന്‍ ഉടനടി തന്നെ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ചൈനയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ബ്രിട്ടന്‍ അനുഭവിക്കേണ്ടി വരുമെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി. പുതിയ എംബസി ചാരവൃത്തിക്കുള്ള കേന്ദ്രമായി ചൈന ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി കാര്യാലയത്തില്‍ നേരത്തെ മുഖ്യ ചുമതലകള്‍ വഹിച്ചിരുന്ന ഡൊമിനിക് കമ്മിംഗ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, പുതിയ എംബസി സംബന്ധിച്ച് ബ്രിട്ടന്‍ ഉറപ്പ് നല്‍കി എന്ന ചൈനീസ് വാദത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. പ്ലാനിംഗ് അനുമതി ലഭിക്കുക എന്നത് തികച്ചും സ്വതന്ത്രമായ ഒരു പ്രക്രിയയാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു. അതൊരു ക്വാസി ഡ്യുഡിഷല്‍ സമ്പ്രദായമാണെന്നും നിലവില്‍ ഹൗസിംഗ് മന്ത്രാലയത്തിന് മുന്‍പിലുള്ള കേസുകളെ കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രത്യാഘാതം അന്‍ഭവിക്കേണ്ടതായി വരും എന്ന ചൈനയുടെ മുന്നറിയിപ്പിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ വക്താവ് വിസമ്മതിച്ചു. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുകള്‍ ഉണ്ടെന്ന് മാത്രമായിരുന്നു ചോദ്യത്തിനോടുള്ള വക്താവിന്റെ പ്രതികരണം. 2019 നും 2020 നും ഇടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന സമയത്ത് യു കെ സുരക്ഷാ സര്‍വ്വീസുകള്‍ ചൈനയുടെ നിര്‍ദ്ദിഷ്ഠ എംബസിയെ കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാണ്‍ കമ്മിംഗ്‌സ് പറയുന്നത്.
ലണ്ടന്‍ നഗരത്തിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിനിമയം ചെയ്യുന്ന ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ക്ക് വളരെ അടുത്തായിട്ടാണ് ചൈനയുടെ നിര്‍ദ്ദിഷ്ഠ എംബസിക്കായി കണ്ടെത്തിയ സ്ഥലം. ഈ കേബിളുകള്‍ ടാപ് ചെയ്ത് ചൈന സുപ്രധാനമായ പല വിവരങ്ങളും ചോര്‍ത്തിയേക്കാം എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എംബസിപണിയുന്നതിനുള്ള അനുമതി നല്‍കരുത് എന്ന വാദവും ശക്തമായി ഉയരുന്നുണ്ട്.
ചൈനയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതിന് പിറ്റിയിലായ പാര്‍ലമെന്ററി റിസര്‍ച്ചര്‍ ക്രിസ്റ്റഫര്‍ ക്യാഷിനും, അദ്ധ്യാപകനായ ക്രിസ്റ്റഫര്‍ ബെറിക്കും എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതിന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. ചൈനയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതിന് രണ്ടു പേരെയും കഴിഞ്ഞ വര്‍ഷമായിരുന്നു ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. എന്നാല്‍, തെളിവുകള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഈ കേസ് തള്ളുകയായിരുന്നു.