മോസ്‌കോ: യുദ്ധം ചെയ്യാനായി യുക്രൈനിലെത്തിയ ഒരു സംഘം റഷ്യന്‍ സൈനികര്‍ പട്ടിണി കിടന്ന് മരിക്കുന്നതായി റിപ്പോര്‍ട്ട്. യുക്രൈനിലെ മറ്റ് റഷ്യന്‍ സൈനികരില്‍ നിന്ന് ഇവര്‍ ഒറ്റപ്പെട്ട് പോയിരിക്കുകയാണ്. യുക്രൈനിലെ മരണദ്വീപ് എന്ന് വിളിക്കപ്പെടുന്ന മേഖലയിലാണ് ഇവര്‍ കുടുങ്ങിയത്. ഇതിനകം അയ്യായിരത്തോളം റഷ്യന്‍ സൈനികരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

ഡിനിപ്രോ നദിയിലെ ദ്വീപുകളില്‍ റഷ്യയുടെ ആയിരക്കണക്കിന് സൈനികര്‍ കുടുങ്ങിക്കിടക്കുകയും പട്ടിണി കിടക്കുകയും ചെയ്യുന്നുണ്ടെന്നാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്. കെര്‍സണിന് തെക്കുള്ള ഒരു ചതുപ്പുനില ദ്വീപാണ് മരണദ്വീപ് എന്നറിയപ്പെടുന്നത്. 2022 നവംബറില്‍ യുക്രേനിയന്‍ സൈന്യം തെക്കന്‍ മേഖല മോചിപ്പിച്ചിരുന്നു. എന്നാല്‍ ദ്വീപിന്റെ വലത് ഭാഗം ഇപ്പോഴും യുക്രൈന്റെ കൈവശവും താഴ്ന്ന പ്രദേശവും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ ഇടത് കര റഷ്യന്‍ നിയന്ത്രണത്തിലുമാണ്.

നിരന്തരമായ ഡ്രോണ്‍ ആക്രമണങ്ങള്‍, രാത്രികാല ബോംബിംഗ് എന്നിവ കാരണം ഈ പ്രദേശം ഏറ്റവും അപകടകരമായ യുദ്ധക്കളമായി മാറിയിരുന്നു. വലത് കരയിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്ന്, യുക്രേനിയന്‍ പട്ടാളക്കാര്‍ മുകളില്‍ നിന്ന് ഒറ്റപ്പെട്ട റഷ്യക്കാരെ നിരീക്ഷിക്കുകയും, തുറന്നുകിടക്കുന്ന ദ്വീപുകളിലേക്ക് ഡ്രോണുകളം പീരങ്കികളും ഉപയോഗിച്ച് അവരെ ആക്രമിക്കുകയും ചെയ്യുന്നു. യുക്രൈന്റെ ആക്രമണങ്ങള്‍ നിന്ന് ഒളിച്ചിരിക്കാന്‍ ഇവിടെ ഒരു സ്ഥലവും ഇല്ല.

മൊത്തം തുറസായ മേഖലയാണ്. കഴിഞ്ഞ ജനുവരി മുതല്‍ ദ്വീപില്‍ 5,100 റഷ്യക്കാര്‍ മരിച്ചുവെന്നാണ് യുക്രൈന്‍ ഇന്റലിജന്‍സ് കണക്കാക്കുന്നത്. ഭക്ഷ്യ വസ്തുക്കളുടെ അഭാവം മൂലം സൈനികര്‍ പട്ടിണി കിടന്ന് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ പ്രദേശം റഷ്യയ്ക്ക് ഒരു മരണമേഖലയാണ് സൈനികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അവര്‍ക്ക് ഒളിക്കാന്‍ ഇടമില്ലാത്തത് തന്നെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുടിവെള്ളം പോലും ലഭിക്കാത്ത റഷ്യന്‍ സൈനികര്‍ക്ക് നദിയില്‍ നിന്ന് വെള്ളം കോരി കുടിക്കേണ്ടി വന്നു.

റഷ്യന്‍ സൈനികര്‍ മരച്ചില്ലകള്‍ കൊണ്ട് ശരീരം മറച്ച് വെച്ച് ഇവിടെ നിന്ന് ചെറിയ ഡിങ്കികളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. യുക്രൈന്റെ ഡ്രോണുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഇവരെ കൃത്യമായി പിന്തുടര്‍ന്ന് ആക്രമിക്കാന്‍ അവസരം ഒരുക്കിയിരുന്നു. യുക്രൈന്‍ സൈന്യം ഇവരുടെ ഓരോ നീക്കവും നിരീക്ഷിക്കുകയാണ്. ഇവര്‍ രക്ഷപ്പെടാനായി ബോട്ടുകളില്‍ കയറുമ്പോള്‍ തന്നെ ഡ്രോണുകള്‍ ഉപയോഗിച്ച് യുക്രൈന്‍ അവരെ വധിക്കുകയാണ്.

എന്നാല്‍ ഈ ദ്വീപ് താഴ്ന്ന പ്രദേശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതുമാണ്. റഷ്യന്‍, സൈനികരെ കൃത്യമായി ഉന്നം വെയ്ക്കാന്‍ യുക്രൈന് സാധിക്കുന്നതും ഇത് കാരണമാണ്.