വാഷിങ്ടണ്‍: പൗരന്മാരല്ലാത്തവരെ ട്രാക്ക് ചെയ്യുന്നതിനായി അതിര്‍ത്തികളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അഥവാ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ വ്യാപകമാക്കാന്‍ അമേരിക്ക. ഏത് യാത്രാ ഘട്ടത്തിലും പൗരന്മാരല്ലാത്തവരുടെ ഫോട്ടോ എടുക്കാന്‍ അധികാരികള്‍ക്ക് ഇതിലൂടെ അധികാരം നല്‍കിയിരിക്കുകയാണ്. ഇന്നലെ പ്രസിദ്ധീകരിച്ച ഒരു സര്‍ക്കാര്‍ രേഖ പ്രകാരം, വിസ കാലാവധി കഴിഞ്ഞുള്ള താമസവും പാസ്‌പോര്‍ട്ട് തട്ടിപ്പും തടയുന്നതിനായി പൗരന്മാരല്ലാത്തവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും ട്രാക്ക് ചെയ്യുന്നതിന് മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം യുഎസ് വിപുലീകരിക്കും. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ലാന്‍ഡ് ക്രോസിംഗുകള്‍, മറ്റ് ഏതെങ്കിലും പുറപ്പെടല്‍ പോയിന്റുകള്‍ എന്നിവിടങ്ങളില്‍ പൗരന്മാരല്ലാത്തവരുടെ ഫോട്ടോ എടുക്കണമെന്ന് യുഎസ് അതിര്‍ത്തി അധികാരികള്‍ക്ക് പുതിയ നിയന്ത്രണം അനുമതി നല്‍കുന്നു.

കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണത്തിന് കീഴില്‍, വിരലടയാളം അല്ലെങ്കില്‍ ഡിഎന്‍എ പോലുള്ള മറ്റ് ബയോമെട്രിക്സുകള്‍ സമര്‍പ്പിക്കാന്‍ യുഎസ് അധികാരികള്‍ക്ക് ആവശ്യപ്പെടാമെന്ന് രേഖയില്‍ പറയുന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 79 വയസ്സിന് മുകളിലുള്ള പ്രായമായവര്‍ക്കും, നിലവില്‍ ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കും ഇക്കാര്യത്തില്‍ ഇളവ് ഉണ്ടായരിരിക്കുന്നതല്ല. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശനമായ നീക്കങ്ങളാണ് ഇതിന് പിന്നലെന്നാണ് കരുതപ്പെടുന്നത്. യുഎസ്-മെക്സിക്കോ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ അമേരിക്കന്‍ ഭരണകൂടം സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, വിസ കാലാവധി കഴിഞ്ഞും താമസിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികളും അവര്‍ സ്വീകരിച്ചിട്ടുണ്ട്.

യുഎസ് വിമാനത്താവളങ്ങളില്‍ മുഖം തിരിച്ചറിയലിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം, പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. 2024-ല്‍ യുഎസ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്സ് നടത്തിയ ഒരു റിപ്പോര്‍ട്ടില്‍, മുഖം തിരിച്ചറിയലില്‍ കറുത്തവര്‍ഗ്ഗക്കാരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും തെറ്റായി തിരിച്ചറിയാനുള്ള സാധ്യത കൂടുതലാണെന്ന് പരിശോധനകള്‍ തെളിയിച്ചിട്ടുണ്ട്. 2023-ല്‍ കോണ്‍ഗ്രസ്സ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം അക്കാലത്ത് യുഎസില്‍ നിയമവിരുദ്ധമായി താമസിച്ചിരുന്ന 11 ദശലക്ഷം കുടിയേറ്റക്കാരില്‍ ഏകദേശം 42% പേര്‍ വിസ കാലാവധി കഴിഞ്ഞും താമസിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

1996-ല്‍ യു.എസ് കോണ്‍ഗ്രസ് ഒരു ഓട്ടോമേറ്റഡ് എന്‍ട്രി-എക്സിറ്റ് സിസ്റ്റം സൃഷ്ടിക്കുന്നത് നിര്‍ബന്ധമാക്കുന്ന ഒരു നിയമം പാസാക്കി. പക്ഷേ അത് ഒരിക്കലും പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഇതിനകം തന്നെ എല്ലാ വിമാന എന്‍ട്രികള്‍ക്കും മുഖം തിരിച്ചറിയല്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ എക്സിറ്റുകള്‍ രേഖപ്പെടുത്താന്‍ മാത്രമേ ഇത് ഉപയോഗിക്കുന്നുള്ളൂവെന്ന് സര്‍ക്കാര്‍ പറയുന്നു. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രവേശനത്തിനും പുറത്തുകടക്കലിനും ബയോമെട്രിക് എന്‍ട്രി-എക്സിറ്റ് സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയുമെന്നാണ് ട്രംപ് ഭരണകൂടം കണക്കാക്കുന്നത്.