- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ പോളിലും റിഫോം യുകെ തന്നെ മുന്പില്; കണ്‍സര്‍വേറ്റിവുകളും ലേബറും തുല്യനിലയില്‍; തൊട്ടു പിന്നാലെ ഗ്രീന്സു ലിബറല്‍ ഡമോക്രാറ്റുകളും; ബ്രിട്ടനിലെ ദ്വികക്ഷി രാഷ്ട്രീയത്തിന് അന്ത്യമാകുന്നു
ലണ്ടന്‍: ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേഫലങ്ങള്‍ നിരീക്ഷിക്കുകയാണെങ്കില്‍, നാളെയാണ് പൊതുതെരഞ്ഞെടുപ്പെങ്കില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്ന ചോദ്യം വളരെ ലളിതമായി തോന്നും. എന്നാല്‍, ഒക്ടോബര്‍ 28 ന് പുറത്തു വിട്ട, യു ഗവിന്റെ ഏറ്റവും പുതിയ സര്‍വ്വേഫലം കാണിക്കുന്നത് ബ്രിട്ടനിലെ ദ്വികക്ഷി രാഷ്ട്രീയത്തിന് അന്ത്യമാകുന്നു എന്നാണ്. റിഫോം യു കെ 27 ശതമാനം വോട്ടുകള്‍ നേടി മുന്‍പന്തിയിലെത്തിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും 17 ശതമാനം വോട്ടുകള്‍ വീതമാണ് ലഭിച്ചത്.
16 ശതമാനം വോട്ടുകള്‍ നേടി ഗ്രീന്‍സ് പാര്‍ട്ടി മൂന്നാം സ്ഥാനത്തും 15 ശതമാനം വോട്ടു നേടി ലിബറല്‍ ഡെമോക്രാറ്റുകള്‍ നാലാം സ്ഥാനത്തും എത്തിയപ്പോള്‍ എസ് എന്‍ പിക്ക് ലഭിച്ചത് 3 ശതമാനം വോട്ടുകളാണ്. പരമ്പരാഗത ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ശക്തികളായ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കൂടി 34 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. 2017 ല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 80 ശതമാനം വോട്ടുകളായിരുന്നു എന്നോര്‍ക്കണം.
ഗ്രീന്‍സിന് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, നാല് പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് പോയിന്റുകള്‍ മാത്രമാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. രണ്ടിലധികം കക്ഷികള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഫലമാണ് വരുന്നതെങ്കില്‍, ബ്രിട്ടന് ഏറെ പരിചിതമല്ലാത്ത ഒരു പാര്‍ലമെന്റ് ആയിരിക്കും നിലവില്‍ വരിക.
ഇരുപത്തിയഞ്ച് ശതമാനത്തിലധികം സ്‌കോര്‍ ചെയ്ത റിഫോം യു കെയ്ക്ക് ആയിരിക്കും ഏറ്റവും കൂടുതല്‍ എം പിമാരെ ലഭിക്കുക. എന്നാല്‍, അവര്‍ക്ക് ഒറ്റയ്ക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലാത്ത ഒരു സാഹചര്യമാണ് ഈ അഭിപ്രായ സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്. ഇലക്ഷന്‍ മാപ്‌സ് ഡോട്ട് യുകെയിലെ പ്രവചനം റിഫോം പാര്‍ട്ടിക്ക് 324 സീറ്റുകള്‍ ലഭിക്കും എന്നാണ്. അതായത് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകള്‍ കൂടി വേണ്ടിവരുന്ന അവസ്ഥ സംജാതമാകും. ലിബറല്‍ ഡെമോക്രാറ്റുകളായിരിക്കും പ്രധാന പ്രതിപക്ഷമെന്നും അതില്‍ പറയുന്നു.




