- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോന്കസ്റ്ററില് നിന്ന് ലണ്ടനിലേക്ക് പോയ ട്രെയിനില്‍ ഹണ്ടിങ്ങ്ടണില്‍ വച്ച് ഭീകരാക്രമണം; പ്രാണരക്ഷാര്‍ത്ഥം ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി; കുത്തേറ്റ് പരിക്കേറ്റ പത്തോളം പേര് ആശുപത്രീയില്‍; കേംബ്രിഡ്ജില്‍ വച്ച് ട്രെയിന്‍ വളഞ്ഞ് രണ്ടു പേരെ പിടികൂടി പോലീസ്
ലണ്ടന്‍: ശനിയാഴ്ച രാത്രി ഒരു ട്രെയിനില്‍ ഉണ്ടായ ആക്രമണത്തില്‍ 10 പേര്‍ക്ക് കത്തിക്കുത്തില്‍ പരിക്കേറ്റു. ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നത്.കേംബ്രിഡ്ജ്ഷയറിലെ ഹണ്ടിംഗ്ടണിനടുത്തു വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണ സ്ഥലത്തു വെച്ചു തന്നെ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചിട്ടുമുണ്ട്. ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ (എല്‍ എന്‍ ഇ ആര്‍) ട്രെയിന്‍ കേമ്പ്രിഡ്ജ്ഷയര്‍ ടൗണ്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ എത്തിയിരുന്നു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡോണ്‍കാസ്റ്ററില്‍ നിന്നും ലണ്ടന്‍ കിംഗ്‌സ് ക്രോസ്സിലേക്ക് യാത്ര ചെയ്യുകയായിരുന്നു ട്രെയിന്‍. ട്രെയിന്‍ പീറ്റര്‍ബറോ സ്റ്റേഷന്‍ വിട്ട് അധികം താമസിയാതെയായിരുന്നു ആക്രമണം ആരംഭിച്ചത്. പല യാത്രക്കാരും ജീവന്‍ രക്ഷിക്കാനായി ട്രെയിനിനകത്തെ ശുചിമുറികള്‍ക്കുള്ളില്‍ ഒളിക്കുകയായിരുന്നു. കത്തികളുമായാണ് അക്രമികള്‍ എത്തിയതെന്ന് ട്രെയിനിലുണ്ടായിരുന്നവര്‍ പറയുന്നു. ട്രെയിന്‍ നിര്‍ത്തി, ഇറങ്ങിയോടുന്നതിനിടയില്‍ നിരവധി പരിക്കേറ്റവരെ കാണുകയുണ്ടായി എന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഹണ്ടിംഗ്ടണ്‍ സ്റ്റേഷനില്‍ വെച്ചാണ് മുറിവേറ്റ യാത്രക്കാരെ ട്രെയിനില്‍ നിന്നും ഇറക്കി ചികിത്സകള്‍ക്കായി കൊണ്ടുപോയത്. അത്യധികം ആശങ്ക ഉയര്‍ത്തുന്ന സംഭവം എന്നായിരുന്നു പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. സംഭവത്തെ തുടര്‍ന്ന് പട്ടണത്തിന്റെ ഹൃദയഭാഗത്തേക്കുള്ള എ 1307 ഉം അടച്ചതായി കെംബ്രിഡ്ജ്ഷയര്‍ കോണ്‍സ്റ്റാബുലറി അറിയിച്ചു. ഈ പ്രദേശത്തുള്ളവര്‍ പോലീസിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമത്തില്‍ അതീവ ഉത്കുണ്ഠയുണ്ടെന്നായിരുന്നു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ പ്രതികരണം. ഏതായാലും രണ്ട് അക്രമികളെ ഉടനടി കസ്റ്റഡിയില്‍ എറ്റുക്കാന്‍ കഴിഞ്ഞതായും അവര്‍ പറഞ്ഞു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ യഥാ സമയം പുറത്തു വിടുമെന്നും കിംവദന്തികളും ഊഹോപോഹങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏറെ ആശങ്കയുളവാക്കുന്ന വാര്‍ത്ത എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക് പ്രതികരിച്ചത്.




