വാഷിംഗ്ടണ്‍: നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ സൈനികമായി ഇടപെടാന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. നൈജീരിയയ്ക്ക് എല്ലാ സഹായങ്ങളും നിര്‍ത്തലാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഭീകരരെ തുടച്ചുനീക്കാന്‍ 'തോക്കുകളുമായി' അമേരിക്ക ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൈജീരിയയില്‍ കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളും വംശീയ അതിക്രമങ്ങളും തുടരുകയാണ്. 2009 മുതല്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ബോക്കോ ഹറാം പോലുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ജിഹാദി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദികള്‍ ക്രിസ്ത്യാനികളെയും, തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്ത മുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്യുന്നു. ഫുലാനി മുസ്ലീം വിഭാഗക്കാരും പ്രധാനമായും ക്രിസ്ത്യാനികളായ കര്‍ഷക സമൂഹങ്ങളും തമ്മില്‍ ഭൂമി തര്‍ക്കങ്ങളെയും മതപരമായ വിഷയങ്ങളെയും ചൊല്ലിയുള്ള സംഘര്‍ഷങ്ങളും രൂക്ഷമാണ്.

നൈജീരിയയെ നേരത്തെ 'പ്രത്യേക ശ്രദ്ധ വേണ്ട രാജ്യം' എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരായ കൊലപാതകങ്ങള്‍ തുടര്‍ന്നാല്‍, നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തലാക്കുമെന്നും, ഭീകരവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ ആ തോക്കുമായി കടന്നുചെല്ലുമെന്നും' ട്രംപ് മുന്നറിയിപ്പ് നല്‍കി. 'നൈജീരിയന്‍ സര്‍ക്കാര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണം' എന്നും ട്രംപ് ശക്തമായി ആവശ്യപ്പെട്ടു.

ആഫ്രിക്കന്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കയും യുഎസ് ഇടപെടലിന്റെ സാധ്യതയും ആഗോള തലത്തില്‍ ചര്‍ച്ചയാണ്. മഹത്തായ ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം പരാമര്‍ശിച്ചാണ് ട്രംപ് പുതിയ ചര്‍ച്ചാ വിഷയം ഉയര്‍ത്തുന്നത്. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ക്രൂരതകള്‍ നടക്കുമ്പോള്‍ അമേരിക്ക വെറുതെ നോക്കിനില്‍ക്കില്ലെന്ന് ട്രംപ് പറഞ്ഞു.

നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാല്‍ ഞാന്‍ നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിക്കുന്നു. എന്നാല്‍ ഇത് ഏറ്റവും കുറഞ്ഞ നടപടി മാത്രമാണ്. നൈജീരിയയില്‍ സംഭവിക്കുന്നത് പോലെ ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോള്‍, എന്തെങ്കിലും ചെയ്തേ മതിയാകൂവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

വിഷയം അന്വേഷിക്കണമെന്ന നിര്‍ദേശവും ട്രംപ് മുന്നോട്ട് വെച്ചു. യുഎസ് കോണ്‍ഗ്രസ് പ്രതിനിധികളായ ടോം കോളിന്‍, റൈലി മൂര്‍ എന്നിവരെയാണ് അന്വേഷണത്തിനായി യുഎസ് പ്രസിഡന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നൈജീരിയയില്‍ ക്രിസ്ത്യന്‍ വംശഹത്യ നടക്കുന്നുവെന്ന് നേരത്തെയും യുഎസ് ആരോപണം ഉന്നിയിച്ചിരുന്നു.