ലണ്ടന്‍: യൂറോപ്പില്‍, കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയത് ബ്രിട്ടനില്‍ 2024 ല്‍ ഇവിടെ 1,08,000 ല്‍ അധികം അഭയാര്‍ത്ഥികള്‍ അഭയത്തിനായി അപേക്ഷിച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 28 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ് എത്തിയത്.

ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ ഇ സി ഡി) രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം, രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച 1979 ന് ശേഷം ഏറ്റവും അധികം അഭയാര്‍ത്ഥികള്‍ എത്തിയ വര്‍ഷമായിരുന്നു 2024. നേരത്തെ 2022 ല്‍ 1,03,000 അഭയാര്‍ത്ഥികള്‍ എത്തിയതായിരുന്നു റെക്കോര്‍ഡ്. അതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ചാനല്‍ വഴി ചെറു യാനങ്ങളില്‍ എത്തുന്നതുള്‍പ്പടെയുള്ള അനധികൃത കുടിയേറ്റം തടയുന്നതില്‍ ലേബര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അധികാരത്തിലെത്തിയ ഉടന്‍ തന്നെ സര്‍ കീര്‍ സ്റ്റാര്‍മര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റുവാണ്ടന്‍ പദ്ധതി വേണ്ടെന്ന് വച്ചു. പകരം, ലേബര്‍ സര്‍ക്കാര്‍ തന്നെ രൂപം കൊടുത്ത വണ്‍ ഇന്‍ വണ്‍ ഔട്ട് പദ്ധതിയാണെങ്കില്‍ തുടര്‍ച്ചയായി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏര്‍പ്പെടുത്തിയ എല്ലാ പ്രതിബന്ധങ്ങളും ഈ സര്‍ക്കാര്‍ തകര്‍ത്തതാണ് അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമാകാന്‍ കാരണമായതെന്ന് ഷാഡോ ഹോം സെക്രട്ടരി ക്രിസ് ഫിലിപ്പ് കുറ്റപ്പെടുത്തുന്നു. ലേബര്‍ സര്‍ക്കാരിന് അതിര്‍ത്തികളിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ഇന്ന് ബ്രിട്ടന് ഏറെ ആവശ്യമായ നടപടികള്‍ എടുക്കാനുള്ള ആര്‍ജ്ജവവും സര്‍ക്കാരിന് നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം 44,000 പേര്‍ അനധികൃതമായി ബ്രിട്ടനില്‍ കുടിയേറാന്‍ ശ്രമിച്ചതായി ഒ ഇ സി ഡി കണ്ടെത്തി. അതില്‍ അധികം പേരും ചാനല്‍ വഴിയാണ് എത്തിച്ചേര്‍ന്നത്. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 37,000 ആയിരുന്നു. പാകിസ്ഥാനില്‍ നിന്നാണ് ഏറ്റവും അധികം അഭയാര്‍ത്ഥികള്‍ എത്തിയത്, 10,000 പേര്‍. രണ്ടാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും 8000 ല്‍ അധികം പേര്‍ വീതമാണ് എത്തിച്ചേര്‍ന്നത്. സര്‍ കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇതുവരെ 60,000 ചെറു യാനങ്ങളാണ് അഭയാര്‍ത്ഥികളുമായി ചാനല്‍ കടന്നെത്തിയത്.

അതേസമയം, ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍ വണ്‍ ഔട്ട് കരാര്‍, അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടിയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രായോഗിക തലത്തില്‍ അത് കാര്യക്ഷമമല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മാത്രമല്ല, ഈ പദ്ധതി അനുസരിച്ച് ഫ്രാന്‍സിലേക്ക് നാടുകടത്തിയ ഒരു ഇറാനിയന്‍ പൗരന്‍ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ചെത്തിയതോടെ ഈ പദ്ധതി നടപ്പാക്കുന്നതില്‍ ഫ്രഞ്ച് സര്‍ക്കാരിനും ഇമിഗ്രേഷന്‍ വകുപ്പിനുമുള്ള പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഇയാള്‍ ഇപ്പോഴും യു കെയില്‍ തുടരുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്.