ന്യുയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയറായി സൊഹ്റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായി മാറുന്നു. മംദാനിക്കെതിരെ വലിയ തോതിലുള്ള ഭീഷണിയും മുന്നറിയിപ്പും എല്ലാം നല്‍കിയിട്ടും ന്യൂയോര്‍ക്കിലെ ജനങ്ങള്‍ അതെല്ലാം തള്ളിക്കളഞ്ഞത് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള എതിര്‍പ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. മംദാനിയെ ജയിപ്പിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിനുള്ള എല്ലാ ഫെഡറല്‍ സഹായങ്ങളും റദ്ദാക്കും എന്ന് പോലും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും മംദാനിക്ക് വിജയിക്കാന്‍ കഴിഞ്ഞത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലത്തില്‍ ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും കടുത്ത നിരാശയിലാണ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മംദാനി നേടിയ വിജയം ന്യൂയോര്‍ക്കിന് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും ആദ്യത്തെ ദക്ഷിണേഷ്യന്‍ മേയറെയും ലഭിക്കുന്നതിന് അവസരം ഒരുക്കി. അതേ സമയം എന്നാല്‍ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ പലരും അദ്ദേഹത്തിന്റെ വിജയം തങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ആശങ്കയിലുമാണ്. ട്രംപ് സഹായങ്ങള്‍ വെട്ടിക്കുറച്ചാല്‍ തൊഴില്‍ ഇല്ലായ്മ രൂക്ഷമാകുമെന്നും ജൂത വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും അവര്‍ ഭയപ്പെടുന്നു. ചിലരെങ്കിലും ന്യൂയോര്‍ക്ക് വിട്ടു പോകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ മംദാനിയുടെ വിജയത്തില്‍ ട്രംപിന്റെ പ്രതികരണവും പുറത്തു വന്നിരുന്നു. ഇത്രയും വലിയ വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തങ്ങള്‍ ഇതില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ പഠിച്ചു എന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ മംദാനി തന്റെ ആദ്യ പ്രസംഗത്തില്‍ താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ബ്രൂക്ലിന്‍ പാരാമൗണ്ടില്‍ ആഘോഷങ്ങള്‍ രാത്രി വളര വൈകിയും നടന്നു. അമേരിക്കയിലെ നിരവധി പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുത്തു. ട്രംപിന്റെ വിമര്‍ശകനും ലണ്ടന്‍ മേയറുമായ സാദിഖ് ഖാന്‍ പരസ്യമായി മംദാനിയെ അഭിനന്ദിക്കുകയും ന്യൂയോര്‍ക്ക് ഭയത്തിനുപകരം പ്രതീക്ഷ തിരഞ്ഞെടുത്തുവെന്ന് പറയുകയും ചെയ്തു.

'ന്യൂയോര്‍ക്കുകാര്‍ക്ക് പ്രതീക്ഷയ്ക്കും ഭയത്തിനും ഇടയില്‍ വ്യക്തമായ ഒരു തിരഞ്ഞെടുപ്പുണ്ടായിരുന്നു, ലണ്ടനില്‍ നമ്മള്‍ കണ്ടതുപോലെ, പ്രത്യാശ വിജയിച്ചു എന്നാണ് സാദിഖ് ഖാന്‍ പ്രതികരിച്ചത്. ട്രംപ് നേരത്തേ പലവട്ടം മംദാനിയെ കമ്മ്യൂണിസ്റ്റ്' എന്ന് മുദ്രകുത്തിയിരുന്നു. പ്രശസ്ത സംവിധായിക മീരാ നായരുടെ മകനായ മംദാനി ഏഴ് വയസ്സുള്ളപ്പോള്‍ മംദാനി മാതാപിതാക്കളോടൊപ്പം ന്യൂയോര്‍ക്കിലേക്ക് താമസം മാറി. അദ്ദേഹം ജനിച്ചത് ഉഗാണ്ടയിലാണ്. ഇത് മാറ്റത്തിനായുള്ള ജനവിധിയാണെന്ന് യുഎസിലെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സൊഹ്‌റാന്‍ മംദാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ സ്വതന്ത്രമായെന്ന് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ജവഹര്‍ലാല്‍ നെഹ്റു നടത്തിയ ചരിത്രപ്രസിദ്ധമായ 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണ് ബ്രൂക്ലിനില്‍ വിജയാഹ്ലാദറാലിയില്‍ മംദാനി തുടങ്ങിയത്.

''നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നെഹ്റുവിന്റെ വാക്കുകള്‍ ഓര്‍ത്തുപോവുകയാണ്. ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നിമിഷം ആഗതമായിരിക്കുന്നു, നാം പഴയതില്‍നിന്ന് പുതിയതിലേക്ക് കാലെടുത്തുവെക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവിന് ശബ്ദം ലഭിക്കുമ്പോള്‍...'- നെഹ്റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് മംദാനി പറഞ്ഞു. ഈ രാത്രി ന്യൂയോര്‍ക്ക് അത് ചെയ്തിരിക്കുന്നു. ഇനി പുതിയകാലം, ഒഴികഴിവുകള്‍ പറഞ്ഞ് മാറിനില്‍ക്കില്ല. വ്യക്തതയും കാഴ്ചപ്പാടും കരുത്തുറ്റ നേതൃത്വവും ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് സമ്മാനിക്കും. പ്രസിഡന്റ് ട്രംപിനാല്‍ വഞ്ചിക്കപ്പെട്ട രാജ്യത്തിന്, അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് ആര്‍ക്കെങ്കിലും കാണിച്ചുകൊടുക്കാന്‍ സാധിക്കുമെങ്കില്‍, അത് അദ്ദേഹത്തെ സൃഷ്ടിച്ച ഈ നഗരത്തിനാണ് മംദാനി പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെടുന്നത് സാമ്രാജ്യത്വ, വംശീയ അധികാരശക്തികളുടെ നിഴലിലായ ജനാധിപത്യ ലോകക്രമത്തിന് പുതിയ ഉണര്‍വാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി മംദാനി നല്‍കിയ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യം പ്രസക്തമായി നില്‍ക്കുന്നു. ട്രംപിന്റെ ഭീഷണിയെയും ശക്തിയെയും മറികടക്കാന്‍ പുരോഗമനപരമായ വാഗ്ദാനങ്ങളാണ് മംദാനി നല്‍കിയത്.

വാടക മരവിപ്പിക്കല്‍, സൗജന്യ സിറ്റിബസ് യാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ പണം കണ്ടെത്തണം. കോര്‍പ്പറേറ്റ് ഭീമന്മാരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്നത് കടുത്ത എതിര്‍പ്പിന് വഴിവയ്ക്കും. ധനികര്‍ക്ക് അധികനികുതി ഇൗടാക്കാന്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ അനുമതി വേണം. നടപ്പിലായാല്‍ തന്നെ അധിക നികുതി എന്ന കടമ്പ കടക്കാന്‍ ഉയര്‍ന്ന വരുമാനക്കാരും ബിസിനസുകാരും ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്ന് താമസംമാറാനും സാധ്യതയുണ്ട്. ഇത് നഗരവരുമാനത്തില്‍ കനത്ത ഇടിവുണ്ടാക്കും.

കൂടാതെ സൗജന്യ സിറ്റിബസ് യാത്ര, സാര്‍വത്രിക ശിശു സംരക്ഷണം, നഗരത്തിന്റെ ഉടമസ്ഥതയില്‍ പലചരക്ക് കടകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നഗരത്തിന്റെ ബജറ്റിനെ കൂടുതല്‍ സങ്കീര്‍ണമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക സേവനങ്ങള്‍, സുരക്ഷ എന്നിവ നടപ്പിലാക്കാന്‍ ഫെഡറല്‍ ഫണ്ടില്‍ കുറവ് വരാന്‍ പാടില്ല. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റിക്കുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇനി നിലവിലുള്ള ഫണ്ട് എങ്ങനെ നേടിയെടുക്കുമെന്നത് വലിയ വെല്ലുവിളിയാകും. വാടകനിയന്ത്രണം നടപ്പിലാക്കുന്‌പോള്‍ ഭൂവുടമകളില്‍നിന്ന് മറ്റും നിയമപരവും രാഷ്ട്രീയവുമായ എതിര്‍പ്പുയരും-അങ്ങനെ പ്രതിസന്ധികള്‍ ഏറെയാണ്.