ന്യൂഡല്‍ഹി: ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീന്‍ സഈദി തീര്‍ത്തും ദുരൂഹ വ്യക്തിത്വം. ഡോ. ഷഹീന്‍ പുരോഗമന കാഴ്ചപ്പാടുള്ളയാളായിരുന്നുവെന്നും മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ പറഞ്ഞു. 2015ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. 2015ല്‍ വേര്‍പിരിഞ്ഞശേഷം തനിക്കു ഷഹീനുമായി ബന്ധമില്ലെന്നും രണ്ടു മക്കളും തന്നോടൊപ്പമാണു താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷഹീനിന്റെ അറസ്റ്റ് വിശ്വസിക്കാനായില്ലെന്നാണ് പിതാവ് സയ്യിദ് അഹമ്മദ് അന്‍സാരി പറഞ്ഞത്. മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ കുടുംബവും അവരെ തള്ളി പറയുകയാണ്.

പിരിയുന്നതിനുമുമ്പ് രണ്ടു മക്കളുമായി ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കണമെന്ന് ഷഹീന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഓസ്ട്രേലിയയിലേക്കു പോകുന്നതിനെച്ചൊല്ലി തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഡോ. ഹയാത്ത് വ്യക്തമാക്കി. ഷഹീന്റെ കുടുംബവുമായി ഹയാത്ത് ഇപ്പോഴും അടുപ്പത്തിലാണ്. ഇത് ഷഹീന്റെ അച്ഛനും സമ്മതിക്കുന്നു. ഷഹീന്‍ അവസാനമായി താനുമായി സംസാരിച്ചത് ഒരു മാസം മുമ്പാണെങ്കിലും മകളുടെ മുന്‍ ഭര്‍ത്താവായ ഡോ. ഹയാത്ത് സഫറുമായി താന്‍ എല്ലാ ആഴ്ചയും സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഹമ്മദ് അന്‍സാരി പറഞ്ഞു. വനിതാ വിഭാഗം രൂപവത്കരിക്കാന്‍ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവിനിടെയാണ് ഷഹീന്‍ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് സൂചന. ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. പിരിഞ്ഞശേഷം മക്കള്‍ എനിക്കൊപ്പമാണ്. ഓസ്‌ട്രേലിയയിലേക്കു കുടിയേറുന്നതില്‍ ഞാനും ഷഹീനുമായി ഭിന്നതയുണ്ടായിരുന്നു. മക്കള്‍ അവളോട് സംസാരിക്കാറില്ല. ഷഹീന്‍ പള്‍മൊണോളജി അധ്യാപികയായിരുന്നെന്നും 2006ലാണ് അവര്‍ ബിരുദം പൂര്‍ത്തിയാക്കിയതെന്നും ഡോ. ഹയാത്ത് സഫര്‍. ഷഹീന് രണ്ടു സഹോദരങ്ങളാണുള്ളത്. മൂത്തയാള്‍ ഷോയബ് അച്ഛന്‍ സയീദ് അഹമ്മദ് അന്‍സാരിക്കൊപ്പം താമസിക്കുന്നു. അനുജന്‍ പര്‍വേസ് അന്‍സാരി.

വിവാഹ ചടങ്ങുകള്‍ക്കിടെ ഒഴികെ ഷഹീന്‍ ഒരിക്കലും ബുര്‍ഖ ധരിച്ചിരുന്നില്ല. ബുര്‍ഖ ധരിച്ച് അവളെ താന്‍ കണ്ടിട്ടേയില്ല. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളുമായി ഷഹീന് ബന്ധമുണ്ടോയെന്ന് തനിക്കറിയില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ വിവാഹമോചനത്തിനു ശേഷമാകാമെന്നും ഡോക്ടര്‍ സഫര്‍ ഹയാത്ത് പറയുന്നു. വിവാഹമോചനത്തിലേക്ക് നയിക്കാന്‍ മാത്രം എന്തായിരുന്നു അവളുടെ മനസ്സില്‍ എന്ന് തനിക്ക് ഇപ്പോഴും അറിയില്ല. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തര്‍ക്കമോ വഴക്കോ ഉണ്ടായിരുന്നില്ല. ഷഹീന്‍ സ്നേഹവും കരുതലും ഉള്ള വ്യക്തിയായിരുന്നുവെന്നും ഡോക്ടര്‍ സഫര്‍ ഹയാത്ത് പറഞ്ഞു. വിവാഹമോചനത്തിനുശേഷം ഷഹീനുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. ഷഹീന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് കരുതിയിരുന്നില്ല. കുടുംബത്തോടും കുട്ടികളോടും അവര്‍ ആഴത്തില്‍ അടുപ്പം പുലര്‍ത്തിയിരുന്നു, അവരെ വളരെയധികം സ്നേഹിച്ചിരുന്നു, അവരുടെ പഠനവും ശ്രദ്ധിച്ചിരുന്നുവെന്ന് സഫര്‍ ഹയാത്ത് പറഞ്ഞു. ഡോ. ഷഹീന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടെന്ന് അറിഞ്ഞതും അടുത്തിടെയാണെന്നും ഹയാത്ത് കൂട്ടിച്ചേര്‍ത്തു.

വിവാഹം കഴിച്ച സമയത്തൊന്നും ഷഹീന്‍ തീവ്രവാദ ആശയങ്ങളോട് ഒരു തരത്തിലുള്ള ചായ്വും കാണിച്ചിട്ടില്ല. മെച്ചപ്പെട്ട ശമ്പളത്തിനും ജീവിത നിലവാരത്തിനും വേണ്ടി ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാമെന്ന് ഒരിക്കല്‍ ഷഹീന്‍ പറഞ്ഞിരുന്നു. എന്നാല്‍ നമുക്കിവിടെ നല്ല ജോലിയുണ്ടെന്നും, കുട്ടികളുമൊത്ത് നല്ല ജീവിതമാണ് നയിക്കുന്നതെന്നും താന്‍ പറഞ്ഞു. നമ്മുടെ ബന്ധുക്കളെല്ലാം ഇവിടെയാണുള്ളത്. അവിടെ പോയാല്‍ നമ്മള്‍ ഒറ്റപ്പെട്ടു പോകുമെന്നും ഷഹീനോട് പറഞ്ഞിരുന്നുവെന്ന് നേത്രരോഗവിദഗ്ഝന്‍ കൂടിയായ ഡോക്ടര്‍ സഫര്‍ ഹയാത്ത് കൂട്ടിച്ചേര്‍ത്തു. തന്റെ സഹോദരിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഡോക്ടര്‍ ഷഹിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് ഷോയിബ് പറഞ്ഞു. കുടുംബവുമായി കഴിഞ്ഞ നാലുവര്‍ഷമായി ഷഹീന് ഒരു ബന്ധവുമില്ല. നാലു വര്‍ഷം മുമ്പാണ് ഷഹീന്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചതെന്നും ഷോയിബ് പറഞ്ഞു. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഷഹീന്‍.

സംഘത്തിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മേല്‍നോട്ടം വഹിക്കുകയും 35 മുതല്‍ 40 ലക്ഷം രൂപ വരെ വരുന്ന ഫണ്ട് കൈമാറ്റം ഏകോപിപ്പിക്കുകയും ചെയ്തതായും ഇതില്‍ ഭൂരിഭാഗവും അവരുടെ ബന്ധങ്ങള്‍ വഴിയാണു കൈമാറ്റം ചെയ്യപ്പെട്ടതെന്നും വിലയിരുത്തലുകളുണ്ട്. ഷഹീന്‍ ഇതിനുമുന്പ് ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള ജിഎസ്വിഎം മെഡിക്കല്‍ കോളജില്‍ ലക്ചററായി ജോലി ചെയ്തിരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയാണ് അവര്‍ക്കു നിയമനം ലഭിച്ചത്. എന്നാല്‍, മുന്നറിയിപ്പില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്നത് പതിവായതോടെ 2021ല്‍ അവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ആരെയും അറിയിക്കാതെ ഷഹീന്‍ പുറത്തുപോകുമായിരുന്നുവെന്ന് അല്‍ ഫലാ സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകനും പ്രതികരിച്ചു.

ഡോ. ഷഹീന്‍ ഷാഹിദിന്റെ യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും. സ്‌ഫോടനമുണ്ടായ കാര്‍ ഓടിച്ച ഡോ. ഉമര്‍ നബിയുടെ സുഹൃത്താണ് ഷഹീന്‍ ഷാഹിദ്. ഷഹീന്‍ ഷാഹിദിന്റെ മുന്‍ ഭര്‍ത്താവ് സഫര്‍ ഹയാത്ത് മഹാരാഷ്ട്ര സ്വദേശിയായതിനാല്‍ അവിടെയുള്ളവരുമായുള്ള ബന്ധവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഇതിനൊപ്പമാണ് മുന്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ വരുന്നത്. ഭീകരവാദസംഘത്തിന് ഫണ്ടും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതില്‍ ഷഹീന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. ഇവര്‍ ഒട്ടേറെത്തവണ ജമ്മു-കശ്മീരിലേക്ക് യാത്രനടത്തിയിട്ടുണ്ടെന്നും ഈ യാത്രകള്‍ക്ക് ഭീകരാക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശ്രീനഗറില്‍നടന്ന ചോദ്യംചെയ്യലിലാണ് ഷഹീന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് അന്വേഷണസംഘം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഫരീദാബാദിലെ ഫലാഹ് മെഡിക്കല്‍ കോളേജില്‍ വെച്ച് ഉമര്‍ നബിയുമായി സംസാരിച്ചിരുന്നതായും തീവ്രനിലപാടുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഷഹീന്‍ മൊഴി നല്‍കിയെന്നാണ് വിവരം. ലക്‌നൗവിലെ ദലിഗഞ്ച് സ്വദേശിയായ ഷഹീന്‍ ജെയ്ഷ് ഇ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉള്‍ മൊമിനത്തിന്റെ ഇന്ത്യയിലെ മേധാവിയായിരുന്നെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചനയും.