- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുകളില്‍ കൂട്ടിയിട്ടിരിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍; പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ; ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു; ആശുപത്രികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയില്‍; മാലിയെ ശ്വാസം മുട്ടിച്ച് ഇന്ധന ഉപരോധം; അല്‍-ഖ്വയ്ദ ബന്ധമുള്ള ജിഹാദിസ്റ്റുകള്‍ പിടിമുറുക്കിയതോടെ വഴിമുട്ടി ജനജീവിതം
ബമാക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ രണ്ട് മാസമായി തുടരുന്ന ഇന്ധന ഉപരോധം അവിടുത്തെ ജനജീവിതം തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. തലസ്ഥാന നഗരമായ ബമാക്കോയിലെ നിരത്തുകളിലും വാഹനങ്ങളൊന്നും തന്നെ കാണാന്‍ കഴിയുന്നില്ല. റോഡുകളില്‍ പലയിടങ്ങളിലും ആളുകള്‍ അവരുടെ മോട്ടോര്‍ സൈക്കിളുകള്‍ മറിച്ചിട്ടിരിക്കുന്നതായി കാണാം. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദിസ്റ്റ് സായുധ സംഘമായ ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വാള്‍-മുസ്ലിമിന്‍ ആണ് മാലിയിലേക്ക് ഇന്ധനം കൊണ്ടുവരുന്ന ടാങ്കറുകളെ ആക്രമിക്കുകയും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കലാപം വിപുലീകരിക്കുകയും ചെയ്തത്.
ജെ.എന്‍.ഐ.എമ്മിന്റെ പ്രവര്‍ത്തകര്‍ ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോകുകയും ബമാകോയിലേക്ക് പോകുന്ന 100-ലധികം ട്രക്കുകള്‍ കത്തി്ക്കുകയും ചെയ്തിരുന്നു. ഇതോടെ ദശലക്ഷക്കണക്കിന് മാലി നിവാസികളുടെ ദൈനംദിന ജീവിതം താറുമാറായിരിക്കുകയാണ്. സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചുപൂട്ടേണ്ടിവന്നു. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ആശുപത്രികളില്‍ പലതിലും വെദ്യുതി മുടക്കവും നേരിടുന്നു. മാലിക്ക് പുറത്തും ഇന്ധനക്ഷാമം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അമേരിക്കക്കാര്‍ മാലിയിലേക്ക് യാത്ര ചെയ്യരുതെന്ന് ഭരണകൂടം ആവശ്യപ്പെട്ടു. ഫ്രാന്‍സും അവരുടെ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ക്ക് പുറത്ത് കെട്ടിക്കിടക്കുന്ന നീണ്ട ക്യൂവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മൂന്നും നാലും ദിവസങ്ങളാണ് പലരും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ കാത്തുകെട്ടി കിടക്കുന്നത്. എല്ലാവരുടേയും ജോലിയേയും ഈ പ്രശ്നം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. മാലിയുടെ സൈനിക നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നാണ് ജനങ്ങള്‍ കരുതുന്നത്.
പല ഡ്രൈവര്‍മാരും പെട്രോള്‍ പമ്പുകളിലാണ് ഉറങ്ങുന്നത്. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഗതാഗത നിരക്കുകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചതോടെ, ചില യാത്രക്കാര്‍ ബസ് പൂര്‍ണ്ണമായും ഉപേക്ഷിച്ച് ജോലിസ്ഥലത്തേക്ക് ദീര്‍ഘദൂരം നടക്കുകയാണ്. നഗരത്തില്‍ ഭക്ഷണ വില മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായി ആളുകള്‍ പറയുന്നു. കൂടാതെ എല്ലാ സാധങ്ങള്‍ക്കും ഇവിടെ വലിയതോതില്‍ വില കൂടിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി ജെ.എന്‍.ഐ.എം ഈ പ്രദേശത്ത് ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മാലി കരയാല്‍ ചുറ്റപ്പെട്ടതിനാല്‍ സെനഗല്‍, ഐവറി കോസ്റ്റ് പോലുള്ള അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ധനം റോഡ് മാര്‍ഗം കൊണ്ടുവരണം. ജെഎന്‍ഐഎമ്മിന്റെ
അണികള്‍ മാലിയെ പടിഞ്ഞാറും തെക്കും അയല്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഹൈവേകളാണ് ലക്ഷ്യമിടുന്നത്.
ഇന്ധനക്ഷാമം ആശുപത്രികളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട് - ഡീസല്‍ ക്ഷാമം മൂലം പല ആരോഗ്യ കേന്ദ്രങ്ങളിലും ജനറേറ്ററുകള്‍ ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. അതിര്‍ത്തികളില്‍ നിന്ന് തലസ്ഥാനത്തേക്ക് ഇന്ധന വാഹനവ്യൂഹങ്ങള്‍ സൈനികരുടെ സംരക്ഷണയില്‍ കൊണ്ട് പോകുന്നുണ്ട്. എന്നിട്ടും പല ടാങ്കറുകളും ആക്രമിക്കപ്പെട്ടിരുന്നു. റഷ്യയുമായി മാലി സര്‍ക്കാര്‍ അടിയന്തര ഇന്ധന വിതരണ കരാറിലും ഒപ്പുവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.




