- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കിഴക്കും പടിഞ്ഞാറും അതിര്‍ത്തികളില്‍ യുദ്ധത്തിന് സജ്ജം; ഇസ്ലാമാബാദിലെ സ്‌ഫോടനം താലിബാന്റെ സന്ദേശം'; ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമെതിരെ പ്രകോപന പരാമര്‍ശവുമായി പാക്കിസ്ഥാന്
ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമെതിരെ പ്രകോപനപരമായ അവകാശവാദവുമായി പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്്. ഇന്ത്യയ്ക്കെതിരെയും താലിബാനെതിരെയും യുദ്ധം ചെയ്യാന്‍ തങ്ങളുടെ രാജ്യം പൂര്‍ണമായും സജ്ജമാണ് എന്നാണ് ഖ്വാജ ആസിഫിന്റെ അവകാശവാദം. 'ഞങ്ങള്‍ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികളില്‍ യുദ്ധത്തിന് സജ്ജമാണ്. ആദ്യ റൗണ്ടില്‍ ദൈവം ഞങ്ങളെ സഹായിച്ചു, രണ്ടാം റൗണ്ടിലും അദ്ദേഹം ഞങ്ങളെ സഹായിക്കും'', കിഴക്ക് വശത്തുള്ള ഇന്ത്യയേയും പടിഞ്ഞാറുള്ള അഫ്ഗാനിസ്ഥാനേയും പരാമര്‍ശിച്ച് ഖ്വാജ ആസിഫ് പ്രസ്താവിച്ചു. ഒരു പൊതുപരിപാടിയിലായിരുന്നു ഖ്വാജയുടെ പ്രസ്താവന.
രണ്ട് അതിര്‍ത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവനയാണ് പുതിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പൊതു പരിപാടിയില്‍ സംസാരിക്കവേയാണ് കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യയ്ക്കെതിരെയും പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അഫ്ഗാനിസ്ഥാന്റെ താലിബാന്‍ സര്‍ക്കാരിനെതിരെയും യുദ്ധത്തിന് തയാറാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പിന്തുണയോടെ സജീവമായ ഗ്രൂപ്പുകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആരോപിച്ചപ്പോള്‍, ബോംബാക്രമണത്തിലൂടെ താലിബാന്‍ സന്ദേശം നല്‍കുകയായിരുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു.
'അഫ്ഗാനിലെ ഭരണാധികാരികള്‍ക്ക് പാകിസ്താനിലെ ഭീകരവാദം തടയാന്‍ കഴിയും, എന്നാല്‍ ഈ യുദ്ധം ഇസ്ലാമാബാദ് വരെ എത്തിച്ചത് താലിബാനില്‍ നിന്നുള്ള ഒരു സന്ദേശമാണ്, അതിന് മറുപടി നല്‍കാന്‍ പാക്കിസ്ഥാന് സമ്പൂര്‍ണശേഷിയുണ്ട്,' എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഖ്വാജ പറഞ്ഞു.
ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള വിവാദപരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ആസിഫിന്റെ പുതിയ പ്രസ്താവനകള്‍. സ്‌ഫോടനത്തെ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം മാത്രമാണെന്ന് ഖ്വാജ വിശേഷിപ്പിക്കുകയും ഇന്ത്യ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ശ്രദ്ധ തിരിക്കാനുള്ള നിരാശാജനകമായ ശ്രമം എന്ന് ഈ ആരോപണത്തെ ഇന്ത്യന്‍ അധികൃതര്‍ തള്ളിക്കളഞ്ഞു.
ഇസ്ലാമാബാദ് കോടതിക്കു മുന്നില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതിനു ദിവസങ്ങള്‍ക്ക് ശേഷമാണ് ആസിഫിന്റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാന്‍ (പാക്ക് താലിബാന്‍) ഏറ്റെടുത്തിരുന്നു. ചാവേര്‍ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. പാക്ക് താലിബാന് അഫ്ഗാനിസ്ഥാന്‍ പിന്തുണ നല്‍കുന്നുവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.
നേരത്തേ, പാക്കിസ്ഥാന്‍ യുദ്ധാവസ്ഥയിലാണെന്ന് ഖ്വാജ ആസിഫ് സൂചിപ്പിച്ചിരുന്നു. അതേസമയം, ഇസ്ലാമാബാദ് ബോംബാക്രമണത്തിനു പിന്നില്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത ഭീകരവാദികളാണെന്ന് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു. ഷെഹ്ബാസ് ഷെരീഫിന്റെ ആരോപണങ്ങള്‍ തള്ളിയ ഇന്ത്യ, അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങളാണിതെന്നാണ് വിശേഷിപ്പിച്ചത്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.




