ന്യുയോര്‍ക്ക്: അമേരിക്കന്‍ വ്യവസായ - വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തന്നെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ വിദേശ തൊഴിലാളികളുടെ കുടിയേറ്റത്തിനെതിരെ കടുത്ത നടപടികള്‍ എടുക്കുമ്പോഴും, വലിയ രീതിയില്‍ തന്നെ വിദേശ തൊഴിലാളികളെ താത്ക്കാലികമായി ജോലിക്ക് നിയമിച്ച് ഈ വര്‍ഷം ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബ ബിസിനസ്സ് തഴച്ചു വളരുകയായിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബറില്‍ നിന്നുള്ള കണക്കുകള്‍ വിശകലനം ചെയ്ത് ഫോബ്‌സ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 2025 ല്‍ മാത്രം ചുരുങ്ങിയത് 184 വിദേശ തൊഴിലാളികളെയെങ്കിലും ട്രംപിന്റെ, ഫ്‌ലോറിഡയിലുള്ള മാര്‍ എ ലാഗോയില്‍ ജോലിക്കായി താത്ക്കാലികാടിസ്ഥാനത്തില്‍ കൊണ്ടുവന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഗോള്‍ഫ് ക്ലബ്ബുകളിലേക്കും വെര്‍ജീവിയ വൈനറിയിലേക്കും ജോലിക്കായി കൊണ്ടുവന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. സെര്‍വര്‍മാര്‍, ക്ലാര്‍ക്ക്, ഹൗസ് കീപ്പര്‍, കിച്ചന്‍ സ്റ്റാഫ്, ഫാം വര്‍ക്കര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള താത്ക്കാലിക ജീവനക്കാര്‍ക്കുള്ള എച്ച് 2 എ, എച്ച് 2 ബി വിസകളാണ് ട്രംപിന്റെ കമ്പനി ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്. ട്രംപിന്റെ ആദ്യ ഭരണം അവസാനിച്ച 2021 ല്‍ 121 പേരെയാണ് ഇത്തരത്തില്‍ അമേരിക്കയില്‍ എത്തിച്ചതെങ്കില്‍, ഈ വര്‍ഷം ഇതുവരെ 184 പേരെ കൊണ്ടുവന്നു കഴിഞ്ഞു.

മാത്രമല്ല, കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍ അഞ്ച് തവണയാണ് ട്രംപ് 100 ല്‍ അധികം താത്ക്കാലിക ജീവനക്കാരെയാണ് സീസണല്‍ ജോലികള്‍ക്കായി അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ അനുമതി തേടിയത് എന്ന് പാം ബീച്ച് പോസ്റ്റ് കണ്ടുവെന്ന് അവകാശപ്പെടുന്ന രേഖകളില്‍ പറയുന്നു. നിയമപരമായ കുടിയേറ്റം പോലും പരമാവധി തടയാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് ഫീസ് 1 ലക്ഷം പൗണ്ടായി ഉയര്‍ത്തിയും കൂടുതല്‍ സൂക്ഷ്മ പരിശോധനകളും മറ്റും നടത്തിയുമാണ് നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാന്‍ ട്രംപ് ശ്രമിക്കുന്നത്.

2017 മുതല്‍ 2021 വരെയുള്ള ആദ്യ ഭരണകാലത്തും 2025 ലും ആയി 566 വിദേശ തൊഴിലാളികളെയാണ് ട്രംപിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിയമിച്ചിരുന്നതെന്ന് ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ ഫോക്സ ന്യൂസില്‍ വന്ന, വിദേശ തൊഴിലാളികളുടെ ആവശ്യകത അടിവരയിട്ടു പറയുന്ന ട്രംപിന്റെ വാക്കുകള്‍ക്കെതിരെ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഒരു രാജ്യം 10 ബില്യന്‍ ഡോളര്‍ മുടക്കി, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി തൊഴിലെടുക്കാത്തവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ഇവിടെയെത്തുമെന്ന് പ്രതീക്ഷിക്കരുതെന്നായിരുന്നു ട്രംപ് പറഞ്ഞത്.