ലണ്ടന്‍: വംശീയ വെറി ഏറെ അനുഭവിച്ച ഒരു ഭൂതകാലത്തിന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് തന്റെ അഭയാര്‍ത്ഥി നിയമ പരിഷ്‌കരണത്തിനെതിരെ വിമര്‍ശനവുമായി എത്തിയവര്‍ക്ക് നേരെ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് ആഞ്ഞടിച്ചു. തന്റെ പുതിയ പദ്ധതികള്‍ പുറത്തു വിട്ട മഹ്‌മൂദിനെതിരെ സ്വന്തം പാര്‍ട്ടിയിലെ ചിലര്‍ തന്നെ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍, തികച്ചും അശ്ലീലമായ പദങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാനി എന്ന് തന്നെ ആട്ടിയിരുന്നത് കേട്ട് വളര്‍ന്ന ഹോം സെക്രട്ടറിയുടെ ബാല്യകൗമാരങ്ങളുടെ കഥ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജനപ്രതിനിധി സഭയെ ഞെട്ടിച്ചു. അഭയാര്‍ത്ഥി പ്രതിസന്ധി ബ്രിട്ടനെ എങ്ങനെ വിഘടിപ്പിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു അത്.

ആക്റ്റിവിസ്റ്റുകള്‍ എന്ന വിധേന പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ കൂടുതലായുള്ള അഭയാര്‍ത്ഥി കോടതികള്‍ നിര്‍ത്തലാക്കാനാണ് ബ്രിട്ടന്റെ ആദ്യ മുസ്ലീം ഹോം സെക്രട്ടറിയായ ഷബാന മഹ്‌മൂദിന്റെ നീക്കം. അതിനു പകരമായി ഹോം ഓഫീസിന്റെ നിരീക്ഷണത്തിലുള്ള സ്വതന്ത്ര അഡ്ജുഡിക്കേറ്റേഴ്സിനെ നിയമിക്കും. അതിനുപുറമെ, പാര്‍ട്ടിക്കുള്ളിലെ അതിതീവ്ര ഇടതുപക്ഷത്തെ അസ്വസ്ഥരാക്കിക്കൊണ്ട്, അഭയാപേക്ഷ നിരാകരിക്കപ്പെട്ടാല്‍ മനുഷ്യാവകാശ സംരക്ഷണ നിയമങ്ങളുടെ പിന്‍ബലത്തില്‍ അതിനെതിരെ നടപടികള്‍ക്ക് ഒരുങ്ങാനുള്ള അഭയാര്‍ത്ഥികളുടെ അവകാശം വെട്ടിച്ചുരുക്കുകയും ചെയ്തു.

ഇതിനെതിരെ ലിബറല്‍ ഡെമോക്രാറ്റിലെ വിദേശകാര്യ വക്താവ് മാക്സ് വില്‍ക്കിന്‍സണ്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയപ്പോഴാണ്, വിവേചനം അനുഭവിക്കാതെ ഈ രാജ്യത്ത് ചുറ്റിക്കറങ്ങാനുള്ള അവസരം എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ അത്യധികം ആഗ്രഹിച്ചിട്ടുണ്ട് എന്ന് മഹ്‌മൂദ് തിരിച്ചടിച്ചത്. ഈ വിഭാഗീയത് സൃഷ്ടിക്കുന്നത് പ്രധാനമായും കുടിയേറ്റവും അഭയാര്‍ത്ഥി പ്രവാഹവും നിമിത്തമാണെന്നും അവര്‍ തുറന്നടിച്ചു. തനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ വ്യക്തിയുടെ ബാല്യകാലമായിരുന്നില്ല തന്റേതെന്നും, പാകിസ്ഥാനി എന്നതിനോടൊപ്പം അശ്ലീലപദങ്ങള്‍ കൂട്ടിച്ചേര്‍ത്ത നിരവധി വിളികള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നതായും അവര്‍ പറഞ്ഞു.

അഭയം നല്‍കുന്ന പ്രക്രിയ രാജ്യത്ത് എത്രമാത്രം വിഭാഗീയത സൃഷ്ടിക്കുന്നുണ്ടെന്ന് തനിക്ക് സ്വന്തം അനുഭവത്തില്‍ നിന്നും അറിയാമെന്നും അവര്‍ പറഞ്ഞു. ഷബാന മഹ്‌മൂദ് ഉപയോഗിച്ച ചില പദങ്ങള്‍ക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ താക്കീത് നല്‍കിയപ്പോള്‍ ക്ഷമാപണം നടത്തിയ അവര്‍ പക്ഷെ തന്റെ അനുഭവത്തിന്റെ പ്രതിഫലനമാണവയെന്നും, തന്റെ നേര്‍ക്ക് ഉപയോഗിച്ച പദങ്ങളായിരുന്നു അവയൊക്കെയെന്നും പറഞ്ഞു. ഏതായാലും, റീസ്റ്റോറിംഗ് ഓര്‍ഡര്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്ന പേരിട്ട 33 പേജ് വരുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ വിഭാഗീയതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഡിസ്റ്റോപ്യന്‍ നയങ്ങള്‍ എന്ന് വിളിച്ച ചില വിമത ലേബര്‍ എം പിമാര്‍, അത്തരം മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും അറിയിച്ചു. റിഫോം യു കെയുടെ നയത്തിനോട് ഒപ്പിച്ച് പോകാനുള്ള ഒരു പാഴ്ശ്രമം മാത്രമാണിതെന്നും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മന്ത്രിസഭ ഇതില്‍ നിന്നും മലക്കം മറിയുമെന്നും അവര്‍ പറയുന്നു. ഇത്തരത്തിലുള്ള ക്രൂരമായ നയങ്ങള്‍ എടുക്കുന്നു എന്നത് ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ച് അത്യന്തം ലജ്ജാകരമാണെന്നാണ് മറ്റൊരു ഇടതുപക്ഷ എം പിയായ നാദിയ വിറ്റോം പറഞ്ഞത്. എന്നാല്‍, ഈ നയങ്ങളോടുള്ള എതിര്‍പ്പ് കേവലം ലേബര്‍ പാര്‍ട്ടിയിലെ ഇടതുപക്ഷത്തിനുള്ളില്‍ ഒതുങ്ങുകയില്ല എന്നാണ് കരുതപ്പെടുന്നത്.

സര്‍ കീര്‍ സ്റ്റാര്‍മറുടെ നയങ്ങളില്‍ മതാന്ധതയും മതവിരോധവും നിഴലിക്കുന്നു എന്ന ആരോപണവുമായി നിരവധി ലേബര്‍ എം പിമാര്‍ രംഗത്ത് വന്ന സാഹചര്യത്തിലാണിത്. ബജറ്റ് അവതരിപ്പിക്കാന്‍ കേവലം ഒരാഴ്ച മാത്രമെ ബാക്കിയുള്ളും എന്നതും എം പിമാരുടെ അഭിപ്രായ പ്രകടനത്തെയും എതിര്‍പ്പിനേയും അത്യന്തം പ്രാധാന്യമുള്ളതാക്കുന്നു. അഭയാര്‍ത്ഥികളായി എത്തി, അഭയം ലഭിച്ചാല്‍ തന്നെ അത് താത്ക്കാലികമാക്കുന്നതും, ഓരോ രണ്ടര വര്‍ഷം കൂടുമ്പോഴും അത് പുനപരിശോധിക്കുന്നതും ഷബാന മഹ്‌മൂദിന്റെ പദ്ധതിയിലുണ്ട്. അതുപോലെ നികുതിദായകരുടെ പണം ഉപയോഗിച്ച് അഭയാര്‍ത്ഥികളെ സംരക്ഷിക്കേണ്ടത് നിയമപരമായ ഒരു ബാദ്ധ്യതയല്ലാതെയാക്കുകയും ചെയ്യും.

അഭയാപേക്ഷ നിരസിക്കപ്പെട്ട അഭയാര്‍ത്ഥികളുടെ കുടുംബങ്ങളെയും നാടുകടത്താനുള്ള പദ്ധതികള്‍ കൊണ്ടുവരും. തിരികെ പോകാന്‍ സ്വമേധയാ തയ്യാറാകുന്നവര്‍ക്ക് ഗോള്‍ഡന്‍ ഗുഡ്‌ബൈ എന്ന പദ്ധതിയില്‍ നിന്നും 3000 പൗണ്ടിന്റെ ധനസഹായവും ലഭിക്കും. എന്നാല്‍, ഈ നിയമം പാസ്സാക്കിയാല്‍ നിരവധി നിയമനടപടികള്‍ അതിനെതിരെ ഉയരും എന്നാണ് ലേബര്‍ എം പിമാര്‍ തന്നെ പറയുന്നത്. അതേസമയം, സര്‍ക്കാര്‍ പദ്ധതികള്‍ ഒക്കെ തന്നെ ബാലിശമാണെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക് പറയുന്നത്. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് വിട്ട് പുറത്തു വരാത്തിടത്തൊളം കാലം അഭയാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള ഒരു പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കാന്‍ ആവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെന്മാര്‍ക്ക് മാതൃകയില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് ബ്രിട്ടന്‍ അഭയാര്‍ത്ഥികള്‍ക്ക് ആകര്‍ഷണീയമായ ഒരു ഇടമല്ലാതാക്കി തീര്‍ക്കുക എന്നതാണ് മഹ്‌മൂദിന്റെ ലക്ഷ്യം. അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാന്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടതുണ്ട്, അഭയത്തിന്റെ സ്റ്റാറ്റസ് ഓരോ 30 മാസം കൂടുമ്പോഴും പുനപരിശോധിക്കും തുടങ്ങിയവയെല്ലാം അത് ഉദ്ദേശിച്ചുള്ളതാണ്. ഡെന്മാര്‍ക്ക് മാതൃകയില്‍, ബ്രിട്ടനിലെത്തുന്ന അഭയാര്‍ത്ഥികളുടെ കൈവശമുള്ള ആഭരണങ്ങളും സ്മാര്‍ട്ട്‌ഫോണുകളും അടക്കമുള്ള വിലകൂടിയ വസ്തുക്കള്‍ പിടിച്ചു വാങ്ങി അത് വിറ്റുണ്ടാകുന്ന പണം അഭയാര്‍ത്ഥികളുടെ ചെലവുകള്‍ക്കായി ഉപയോഗിക്കാനുള്ള നിയമം പക്ഷെ ബ്രിട്ടനില്‍ വരാന്‍ സാധ്യത കുറവാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.