ന്യുയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം പ്രസിഡന്റ് കാലാവധിയുടെ ആദ്യ പത്ത് മാസത്തിനുള്ളില്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കുള്ളിലും വൈറ്റ് ഹൗസ് ജീവനക്കാര്‍ക്കിടയിലും ആശങ്ക ശക്തമാവുന്നു. ഈ അതിവേഗ ലോകപര്യടനം രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ശ്രദ്ധ കുറയ്ക്കുന്നുവെന്നും ഇത് പ്രസിഡന്റിന്റെ ജനപിന്തുണ ഗണ്യമായി കുറച്ചുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ സര്‍വേ ഫലങ്ങള്‍ പ്രകാരം ട്രംപിന്റെ ജനപിന്തുണ 37 ശതമാനമായി കൂപ്പുകുത്തിയിട്ടുണ്ട്.

കാനഡ, ഈജിപ്ത്, ഇസ്രായേല്‍, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ ട്രംപ് ഇതിനോടകം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഗാസ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും ഓസ്ട്രേലിയയിലേക്കും ഭാവിയില്‍ യാത്ര ചെയ്യാനുള്ള സാധ്യതകളും അദ്ദേഹം സൂചിപ്പിച്ചു. അര്‍മേനിയയും അസര്‍ബൈജാനുമായി സമാധാന കരാര്‍ ഉണ്ടാക്കിയ ശേഷം അവിടം സന്ദര്‍ശിക്കാനും ആഫ്രിക്കയിലേക്കുള്ള യാത്രയ്ക്കും ട്രംപിന് പദ്ധതിയുണ്ട്. ഇത് അദ്ദേഹത്തിന്റെ ആദ്യ പ്രസിഡന്റ് കാലാവധിയിലെ യാത്രകളെക്കാള്‍ വളരെ കൂടുതലാണ്.

പ്രസിഡന്റ് അമേരിക്കന്‍ മണ്ണില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യങ്ങളില്‍ അതിരുവിട്ട ഇടപെടല്‍ ഒഴിവാക്കണമെന്നും ട്രംപിന്റെ വിശ്വസ്തര്‍ക്കിടയില്‍ നിന്ന് ശക്തമായ ആവശ്യം ഉയരുന്നുണ്ട്. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരും സമാനമായ ആശങ്കകള്‍ പങ്കുവെക്കുന്നു. 'ലോകകാര്യങ്ങള്‍ പരിഹരിക്കുന്നതിനായി വലിയ ഊര്‍ജ്ജമാണ് ഭരണകൂടം വിനിയോഗിക്കുന്നത്, ഇനി രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം' എന്ന് ഒരു വൈറ്റ് ഹൗസ് ജീവനക്കാരന്‍ അഭിപ്രായപ്പെട്ടു. കുടിയേറ്റം, സമ്പദ്വ്യവസ്ഥ, അതിര്‍ത്തി സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കുറയുന്നത് ജനപിന്തുണ കൂടുതല്‍ ഇടിയാന്‍ കാരണമാകുമെന്നും വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ട്രംപിന്റെ ജനപിന്തുണ 37 ശതമാനത്തിലേക്ക് താഴ്ന്നത് ഏറ്റവും കുറഞ്ഞ നിലവാരങ്ങളിലൊന്നാണ്. സിഎന്‍എന്‍/എസ്എസ്ആര്‍എസ് നടത്തിയ സര്‍വേ പ്രകാരം, രാജ്യത്തെ കാര്യങ്ങള്‍ 'മോശമായി' അല്ലെങ്കില്‍ 'വളരെ മോശമായി' പോകുന്നുവെന്ന് 68 ശതമാനം വോട്ടര്‍മാര്‍ വിശ്വസിക്കുന്നു. കാര്യങ്ങള്‍ 'വളരെ നന്നായി' അല്ലെങ്കില്‍ 'നന്നായി' പോകുന്നുവെന്ന് കരുതുന്നവര്‍ 32 ശതമാനം മാത്രമാണ്.

ഈ സാഹചര്യത്തില്‍, പ്രസിഡന്റ് ട്രംപിന്റെ അന്താരാഷ്ട്ര നയതന്ത്രവും ആഭ്യന്തര രാഷ്ട്രീയ വെല്ലുവിളികളും തമ്മിലുള്ള സംഘര്‍ഷം അദ്ദേഹത്തിന്റെ രണ്ടാം പ്രസിഡന്റ് കാലാവധിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.