- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റ് ചോര്‍ന്നു.. ഇമ്മിഗ്രെഷനില്‍ ഭിന്നത.. പ്രതിസന്ധിയിലായി സ്റ്റര്‍മാര്‍; ബ്രിട്ടനെ ശരിയാക്കാന്‍ ഇറങ്ങിയ ഷബാനയെ പുകക്കാന്‍ നീക്കങ്ങള്‍ ശക്തം; ബ്രിട്ടന്‍ ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം കൂടുന്നു.. കുടിയേറ്റം കുറഞ്ഞിട്ടും നെറ്റ് ഇമിഗ്രേഷന്‍ കൂടുന്നത് പുതിയ തലവേദന
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം കനക്കുന്നതിനിടയില്‍ ബജറ്റ് ചോര്‍ന്നതോടെ സ്റ്റാര്‍മര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍ക്കാരിനുള്ളില്‍ കലഹം മുറുകുന്നതല്ലാതെ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മനസ്സ് കാണിക്കുന്നില്ലെന്ന് ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ പറഞ്ഞ സ്റ്റാര്‍മര്‍ പൊതുജനങ്ങള്‍ക്ക് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നതായി മുന്നറിയിപ്പും നല്‍കി. സര്‍ കീര്‍ സ്റ്റാര്‍മര്‍ക്കെതിരെയുള്ള, വിമതരുടെ അസാധാരണമായ നീക്കം തിരിച്ചടിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിനുള്ളില്‍ ചേരിപ്പോര് അതിശക്തമാകുന്നു എന്ന തോന്നലുണ്ടായിരിക്കുന്നത്.
വിഷലിപ്തമായ സംസ്‌കാരവും സ്വയം നാശത്തിനുള്ള വഴിതോണ്ടലുമാണ് അധികാരത്തിന്റെ ഇടനാഴികളിലെന്ന ശക്തമായ ആരോപണവുമായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രംഗത്ത് വന്നപ്പോള്‍ തന്റെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മെക് സ്വീനിയെ പ്രതിരോധിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ശ്രമം. പിന്നീടാണ്, ആഴ്ചകളോളം സൂചനകള്‍ നല്‍കിയതിന് ശേഷം ബജറ്റില്‍ വരുമാന നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പ്രധാനമന്ത്രിയും ചാന്‍സലറും മലക്കം മറിഞ്ഞതായി വെളിപ്പെട്ടത്. ഇതിനു പിറകെ, യു ഗോവ് നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത ലെബര്‍ അനുഭാവികളില്‍ 23 ശതമാനം പേര്‍ പാര്‍ട്ടി നേതൃത്വം മാറണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
മറ്റൊരു 22 ശതമാനം പേര്‍ വിശ്വസിക്കുന്നത്, അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പായി സ്റ്റാര്‍മര്‍ നേതൃസ്ഥാനത്തു നിന്നും ഇറങ്ങി മറ്റൊരു നേതാവിനെ കണ്ടെത്തുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്നായിരുന്നു. 34 ശതമാനം പേര്‍ മാത്രമായിരുന്നു സ്റ്റാര്‍മര്‍ നേതാവായി തുടരണമെന്ന അഭിപ്രായം ഉയര്‍ത്തിയത്.
ഷബാനയ്ക്ക് പുറത്ത് പോകേണ്ടി വരുമോ?
ചാനല്‍ വഴി ചെറുയാനങ്ങളില്‍ അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളെ തടയാനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഒരു കൂട്ടം ലേബര്‍ എം പിമാര്‍ വ്യക്തമാക്കിയതോടെ ഭരണകക്ഷിയിലെ ഉള്‍പ്പോര് മുറുകിയിരിക്കുകയാണ്. ബ്രിട്ടനും ബ്രിട്ടീഷ് പൗരന്മാര്‍ക്കും മുന്‍ഗണന നല്‍കി, രാജ്യത്തെ കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷിക്കാനായി കര്‍ശനമായ കുടിയേറ്റ നയങ്ങളുമായി ഇറങ്ങിത്തിരിച്ച ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിനെതിരെ വിമതര്‍ നീക്കം ശക്തമാക്കുകയാണ്. എന്നാല്‍, താറുമാറായ കുടിയേറ്റ നിയമങ്ങളില്‍ ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുവാനും, റിഫോം അധികാരത്തിലെത്തുന്നത് തടയുവാനും ഇത് മാത്രമെ മാര്‍ഗ്ഗമുള്ളുവെന്ന് മഹ്‌മൂദ് ആവര്‍ത്തിച്ചു പറയുന്നു.
ജനപ്രീതി നേടിയെടുക്കാനുള്ള നടപടികളാണ് മന്ത്രിമാര്‍ കൈക്കൊള്ളുന്നത് എന്നുവരെ എം പിമാര്‍ ആരോപിക്കുന്നു. അതേസമയം നിലവിലുള്ള നിയമങ്ങള്‍ നിയന്ത്രണാതീതമാണെന്നും നീതി പൂര്‍വ്വമല്ലെന്നും മഹ്‌മൂദ് കഴിഞ്ഞ ദിവസം ജനപ്രതിനിധി സഭയില്‍ പറഞ്ഞിരുന്നു. കുടിയേറ്റക്കാര്‍ക്ക് ഒരു സ്വര്‍ഗ്ഗഭൂമിയാണ് ബ്രിട്ടന്‍ എന്ന പ്രതിച്ഛായ മാറണം എന്നും അവര്‍ നിഷ്‌കര്‍ഷിച്ചു. അഭയം നിഷേധിക്കപ്പെടുന്നവരെ കുടുംബ സഹിതം നാടു കടത്തണമെന്നും അവര്‍ പറഞ്ഞു. അതേസമയം, ക്രൂരവും, അപ്രായോഗികവുമാണ് മന്ത്രിയുടെ നയങ്ങള്‍ എന്നാണ് ഒരുകൂട്ടം ഭരണകക്ഷി എം പിമാര്‍ തന്നെ വാദിക്കുന്നത്.
പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം കൂട്ടിക്കൊണ്ട് ജെറെമി കോര്‍ബിന്റെ പുതിയ യുവര്‍ പാര്‍ട്ടിയും ഗ്രീന്‍സും ലേബറില്‍ നിന്നും കൊഴിഞ്ഞുപോകുന്ന അണികളെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.യു ഗവ് പൊളില്‍ കണ്ടത് ഗ്രീന്‍സ് പാര്‍ട്ടിയുടെ ജനപ്രീതി 2 പോയിന്റ് വര്‍ദ്ധിച്ച് 17 പോയിന്റില്‍ എത്തിയതായാണ്. ഇതോടെ അവര്‍ ടോറികള്‍ക്ക് ഒപ്പമെത്തി. ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രണ്ട് പോയിന്റ് താഴെ മാത്രമാണ് ഇപ്പോള്‍ ഗ്രീന്‍സ്. അനധികൃത അഭയാര്‍ത്ഥികളായി എത്തുന്നവരുറ്റെ കൈകളിലെ ആഭരണം ഉള്‍പ്പടെയുള്ളവ പിടിച്ചെടുക്കുക, സ്ഥിരതാമസത്തിനുള്ള അനുമതിക്കായി 20 വര്‍ഷം വരെ കാത്തിരിക്കുക തുടങ്ങിയ നിബന്ധനകളും ഷബാന മഹ്‌മൂദ് മുന്നോട്ട് വെച്ച പുതിയ പദ്ധതിയിലുണ്ട്.
കുടിയേറ്റം കുറഞ്ഞിട്ടും നെറ്റ് ഇമ്മിഗ്രെഷന്‍ കൂടുന്നത് പുതിയ തലവേദന
നെറ്റ് ഇമിഗ്രേഷന്‍ വര്‍ദ്ധിച്ചു വരുന്നതായി പുതിയ റിപ്പോര്‍ട്ട്. എന്നാല്‍, ബ്രിട്ടീഷുകാര്‍ തന്നെ നാട് വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് കുറഞ്ഞു വരുമെന്നും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എന്‍ എസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. ലേബര്‍ പാര്‍ട്ടി അധികാരത്തിലെ എത്തിയതിന് പിന്നാലെ നാട് വിട്ട് വിദേശങ്ങളില്‍ ചേക്കേറുന്ന ബ്രിട്ടീഷുകാരുടെ, പ്രത്യേകിച്ചും സമ്പന്നരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക് ബ്രിട്ടനില്‍ താമസിക്കാന്‍ എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണവും, ബ്രിട്ടന്‍ വിട്ട് പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍.
2023 മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്തിനിടയിലായിരുന്നു ഒ എന്‍ എസ്സിന്റെ കണക്കുകള്‍ പ്രകാരം നെറ്റ് മൈഗ്രേഷന്‍ അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയത്. 9,44,00 ആയിരുന്നു അന്നത്തെ നെറ്റ് മൈഗ്രേഷന്‍. നേരത്തെ ഏറ്റവും ഉയര്‍ന്ന നെറ്റ് മൈഗ്രേഷന്‍ എന്ന് കരുതിയിരുന്നത് 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്തെ 9,06,000 ആയിരുന്നു. എന്നാല്‍, ഇഒപ്പോള്‍ തികച്ചും നാടകീയമായി കൂടുതല്‍ കൂടുതല്‍ ബ്രിട്ടീഷ് പൗരന്മാര്‍ നാട് വിട്ട് വിദേശങ്ങളില്‍ പോയി താമസമാരംഭിക്കുകയാണ്. 2021 മുതല്‍ 2024 വരെയുള്ള നാല് മാസ കാലയളവില്‍ 3,44,000 ബ്രിട്ടീഷുകാര്‍, നേരത്തേ കരുതിയിരുന്നതിലും കൂടുതലായി വിദേശങ്ങളിലേക്ക് ചേക്കേറി എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്.
സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ നികുതിവേട്ടയാണ് കൂടുതല്‍ ബ്രിട്ടീഷ് പൗരന്മാരെ രാജ്യത്തു നിന്നും അകറ്റുന്നത് എന്നാരോപണവുമായി ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ് രംഗത്ത് വന്നിട്ടുണ്ട്. അതിനിപുണരും അതുപോലെ സമ്പത്ത് ഉള്ളവരും ദുബായ്, മിലന്‍ പോലുള്ള ഇടങ്ങളിലേക്ക് ചേക്കേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബാക്കിയുള്ളവരാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അമിത നികുതി നല്‍കാന്‍ വിധിക്കപ്പെട്ട് രാജ്യത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.




