- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഫ്ഗാന്‍ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നു; ഇന്ത്യയുമായി യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല; രാജ്യം സമ്പൂര്‍ണ ജാഗ്രത പാലിക്കണം'; ആശങ്ക തുറന്നുപറഞ്ഞ് പാക്ക് പ്രതിരോധ മന്ത്രി; നിരാശാജനകമായ വഴിതിരിച്ചുവിടല്‍ തന്ത്രമെന്ന് ഇന്ത്യ
ഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധത്തിനുള്ള സാധ്യത എഴുതിത്തള്ളാനാവില്ലെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രാജ്യത്തിന് നേരെയുള്ള അഫ്ഗാന്‍ ആക്രമണങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ രാജ്യം പൂര്‍ണ ജാഗ്രയിലാണെന്നും ആസിഫ് വ്യക്തമാക്കി.
''ഞങ്ങള്‍ ഒരു സാഹചര്യത്തിലും ഇന്ത്യയെ അവഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതിര്‍ത്തി ലംഘനങ്ങളോ (അഫ്ഗാനില്‍ നിന്നുള്ള) ആക്രമണങ്ങളോ ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നുള്ള ഒരു സമ്പൂര്‍ണ്ണ യുദ്ധമോ ശത്രുതാപരമായ തന്ത്രങ്ങളോ തള്ളിക്കളയാന്‍ എന്റെ വിശകലനമനുസരിച്ച് കഴിയില്ല. നാം പൂര്‍ണ്ണ ജാഗ്രത പാലിക്കണം.' സമാ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പാക്ക് മന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ ട്രെയിലര്‍ മാത്രമാണെന്ന ഇന്ത്യന്‍ ചീഫ് ഓഫ് ദ ആര്‍മി സ്റ്റാഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം. രാജ്യത്തെ സേനാവിഭാഗങ്ങള്‍ പൂര്‍ണ സജ്ജരാണെന്നും പാക്കിസ്ഥാന്‍ അവസരം നല്‍കിയാല്‍ അയല്‍ക്കാരോട് ഉത്തരവാദിത്വപരമായി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പഠിപ്പിക്കുമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞിരുന്നു.
ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാക്‌പോര് രൂക്ഷമാണ്. നവംബര്‍ ആദ്യവാരത്തിലും ആസിഫ് പ്രകോപനപരമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. 'ഞങ്ങള്‍ തയ്യാറാണ്; കിഴക്കിലെയും (ഇന്ത്യ) പടിഞ്ഞാറിലെയും (അഫ്ഗാനിസ്താന്‍) അതിര്‍ത്തികളെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ പൂര്‍ണ സജ്ജരാണ്. ആദ്യ റൗണ്ടില്‍ ദൈവം ഞങ്ങളെ സഹായിച്ചു, രണ്ടാം റൗണ്ടിലും അവന്‍ ഞങ്ങളെ സഹായിക്കും. അവര്‍ ഫൈനല്‍ റൗണ്ടിന് മുതിരുകയാണെങ്കില്‍ നമുക്ക് യുദ്ധമല്ലാതെ മറ്റ് മാര്‍ഗമില്ല,' എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ ഖ്വാജ ആസിഫിന്റെ വാക്കുകള്‍.
എന്നാല്‍ സ്വന്തം പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ 'ഇന്ത്യക്കെതിരെ വ്യാജമായ കഥകള്‍ മെനയുന്ന' പാക്കിസ്ഥാന്റെ തന്ത്രമാണിതെന്ന് ഇന്ത്യ പ്രതികരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം പ്രതിക്ഷിച്ചിരുന്നു എന്ന് പറഞ്ഞാണ് ഷെരീഫിന്റെ പരാമര്‍ശത്തോട് ഇന്ത്യ പ്രതികരിച്ചത്.
പാക് പ്രധാനമന്ത്രിയുടെ ആരോപണത്തെ 'നിരാശാജനകമായ വഴിതിരിച്ചുവിടല്‍ തന്ത്രം' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ''സമനില തെറ്റിയ പാക്കിസ്ഥാന്‍ നേതൃത്വം ഉന്നയിക്കുന്ന അടിസ്ഥാനരഹിതവും തെളിവില്ലാത്തതുമായ ആരോപണങ്ങളെ ഇന്ത്യ നിസ്സംശയം തള്ളിക്കളയുന്നു. രാജ്യത്തിനകത്ത് അരങ്ങേറുന്ന സൈനിക പ്രേരിതമായ ഭരണഘടനാ അട്ടിമറിയില്‍നിന്നും അധികാരം പിടിച്ചെടുക്കലില്‍നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യക്കെതിരെ വ്യാജമായ കഥകള്‍ മെനയുന്നത് പാകിസ്താന്റെ പതിവ് തന്ത്രമാണ്.' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പാക്കിസ്ഥാനും അഫ്ഗാനിസ്താനും ഇടയില്‍ സംഘര്‍ഷം മൂര്‍ഛിക്കുന്ന സാഹചര്യത്തില്‍ കൂടെയാണ് ആസിഫിന്റെ പരാമര്‍ശം. കഴിഞ്ഞ മാസം, അതിര്‍ത്തി കേന്ദ്രീകരിച്ച് പാക്കിസ്ഥാന്‍ സൈന്യവും താലിബാനും തമ്മില്‍ കനത്ത ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഒക്ടോബര്‍ 19ന് സമാധാന കരാര്‍ നിലവില്‍ വന്നതോടെയാണ് സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനമായത്.
അഫ്ഗാന്‍ അതിര്‍ത്തിക്കകത്ത് നിന്ന് തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരരര്‍ക്കെതിരെ താലിബാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ, പാക് ആരോപണം തളളി അഫ്ഗാനിസ്താനും രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോര് തുടരുന്നതിനിടെ പാക്കിസ്ഥാന്‍, അഫ്ഗാന്‍ അതിര്‍ത്തി കടന്ന് വ്യോമാക്രണമം നടത്തി. ഇതിന് പിന്നാലെ, താലിബാന്‍ തിരിച്ചടിച്ചതോടെയാണ് അതിര്‍ത്തി സംഘര്‍ഷഭരിതമായത്.
ഇതിനിടെ, അഫ്ഗാനിസ്ഥാനില്‍ നിന്ന് നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു ആസിഫിന്റെ അവകാശവാദം. ഇത് പാക്കിസ്ഥാനുമായുള്ള ഇരുരാജ്യങ്ങളുടെ അതിര്‍ത്തികളിലും ഏറ്റുമുട്ടലിലേക്ക് വഴിവെച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്‌ലാമാബാദിനും കാബൂളിനും ഇടയിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന പ്രേരകശക്തി ഇന്ത്യയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.
ഒക്ടോബറില്‍ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ 'അഫ്ഗാന്റെ തീരുമാനങ്ങള്‍ ഡല്‍ഹിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്നതിനാല്‍, വെടിനിര്‍ത്തലിന്റെ സാധുതയില്‍ സംശയമുണ്ടെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. കാബൂള്‍ ഡെല്‍ഹിക്ക് വേണ്ടി നിഴല്‍യുദ്ധം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.




