- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ വിഷയം എന്റെ ചാര്‍ട്ടില്‍ ഉണ്ടായിരുന്നില്ല; ഇടപെല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭ്യര്‍ഥിച്ചതിനാല്‍'; സുഡാനിനെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്ന് ട്രംപ്
വാഷിങ്ടണ്‍: സുഡാനിനെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണു ട്രംപിന്റെ തീരുമാനം. തങ്ങള്‍ വിഷയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് സൗദി നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു. രണ്ടര വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ നേരിട്ടുള്ള സമ്മര്‍ദ്ദം ആവശ്യമാണെന്നാണു സൗദി കിരീടാവകാശി വിശ്വസിക്കുന്നത്. കഴിഞ്ഞ മാസം ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതില്‍ ട്രംപ് വഹിച്ച പങ്കാണിതിന് കാരണം.
സുഡാനീസ് സായുധ സേനയും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും ആര്‍എസ്എഫും തമ്മിലുള്ള അധികാര വടംവലിയുടെ ഫലമായി 2023ലാണു സുഡാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വംശീയ അതിക്രമങ്ങള്‍ നിറഞ്ഞ കൂട്ടക്കൊലകള്‍ക്കും വ്യാപകമായ നാശത്തിനും വലിയ തോതിലുള്ള ജനങ്ങളുടെ പലായനത്തിനും സംഘര്‍ഷം കാരണമായിരുന്നു. സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതിക്രമങ്ങളെ അപലപിച്ച ട്രംപ്, സൗദി കിരീടാവകാശിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഇടപെടലിനൊരുങ്ങുന്നതെന്നും വ്യക്തമാക്കി. സുഡാന്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള വിനാശകരമായ യുദ്ധം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉന്നയിക്കുന്നത് വരെ തന്റെ പട്ടികയിലില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. യു.എ.ഇ അടക്കം മേഖലയിലെ വിവിധ ശക്തികളുമായി ചേര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.
2023 ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും 12 ദശലക്ഷം ആളുകള്‍ പലായനം ചെയ്തുവെന്നുമാണ് കണക്കുകള്‍. വിഷയത്തില്‍ ആഗോളതലത്തില്‍ കൂടുതല്‍ ഇടപെടലുണ്ടാവണമെന്ന് ഐക്യരാഷ്ട്രസഭ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിരുന്നു.
'സുഡാനുമായി ബന്ധപ്പെട്ട് ഞാന്‍ വളരെ ശക്തമായ എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു,' സൗദി രാജകുടുംബവുമായുള്ള ഒരു ബിസിനസ് ചര്‍ച്ചയില്‍ ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സ്വീകരിക്കാന്‍ വൈറ്റ് ഹൗസില്‍ പ്രൗഢഗംഭീരമായ സ്വീകരണമൊരുക്കിയിരുന്നു.
' വിഷയം എന്റെ ചാര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, നിങ്ങള്‍ക്കും ഈ മുറിയിലുള്ള നിരവധി സുഹൃത്തുക്കള്‍ക്കും, സുഡാനും അത് എത്രത്തോളം പ്രധാനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ സുഡാനില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും,' ട്രംപ് പറഞ്ഞു.
'സുഡാനില്‍ അതിഭീകരമായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഭൂമിയിലെ ഏറ്റവും അക്രമാസക്തമായ സ്ഥലമായി അത് മാറിയിരിക്കുന്നു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്, മറ്റ് പശ്ചിമേഷ്യന്‍ പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും സുഡാനില്‍ സ്ഥിരത കൊണ്ടുവരുന്നതിനും ശ്രമിക്കും,' മണിക്കൂറുകള്‍ക്ക് ശേഷം ട്രംപ് ട്രൂത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ കുറിച്ചു.
ഇതിനിടെ, സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍-ബുര്‍ഹാന്റെ നേതൃത്വത്തില്‍ സുഡാനിലെ സൗദി പിന്തുണയുള്ള പരമാധികാര കൗണ്‍സില്‍, അമേരിക്കയുമായും റിയാദുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. സുഡാനിലെ രക്തച്ചൊരിച്ചില്‍ തടയാനുള്ള ശ്രമങ്ങള്‍ക്ക് വാഷിംഗ്ടണിനും റിയാദിനും പ്രസ്താവനയില്‍ കൗണ്‍സില്‍ നന്ദി പറഞ്ഞു.




