ധാക്ക: ഇന്ത്യക്കെതിരെ പ്രകോപന പരാമര്‍ശവുമായി ബംഗ്ലാദേശ് മുന്‍ ആര്‍മി ജനറല്‍. ഇന്ത്യ കഷണങ്ങളായി ഉടയുംവരെ ബംഗ്ലാദേശിന് പൂര്‍ണ്ണമായി സമാധാനം ഉണ്ടാകില്ലെന്ന് ജമാഅത്തെ ഇസ്ലാമി മുന്‍ മേധാവി ഗുലാം ആസമിന്റെ മകന്‍ റിട്ട. ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ലഹില്‍ അമാന്‍ അസ്മി പറഞ്ഞു. ഇന്ത്യ എപ്പോഴും ബംഗ്ലാദേശിനുള്ളില്‍ അസ്വസ്ഥത നിലനിര്‍ത്തുന്നുവെന്നും ആരോപിച്ചു. ധാക്കയിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയിലായിരുന്നു പ്രകോപനപരമായ പരാമര്‍ശം.

ഇന്ത്യ കഷണങ്ങളായി ഉടയുംവരെ ബംഗ്ലാദേശിന് പൂര്‍ണ്ണമായി സമാധാനം ഉണ്ടാകില്ല. 1975 മുതല്‍ 1996 വരെ തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ചിറ്റഗോങ് ഹില്‍ ട്രാക്ട്‌സ് മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചതില്‍ ഇന്ത്യക്ക് പങ്കുണ്ട്. ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ സര്‍ക്കാരിന്റെ കാലത്ത്, പാര്‍ബത്യ ചിറ്റഗോങ് ജന സംഹതി സമിതി രൂപീകരിച്ചു. അതിന്റെ സായുധ വിഭാഗമായിരുന്നു ശാന്തി ബഹിനി.

ഇന്ത്യ അവരെ സംരക്ഷിക്കുകയും ആയുധങ്ങളും പരിശീലനവും നല്‍കുകയും ചെയ്തു. ഇത് 1975 മുതല്‍ 1996 വരെ മേഖലയില്‍ രക്തച്ചൊരിച്ചിലിന് കാരണമായി. 1997 ല്‍ ഒപ്പുവെച്ച ചിറ്റഗോങ് ഹില്‍ ട്രാക്ട്‌സ് സമാധാന ഉടമ്പടിയുടെ ഭാഗമായി ശാന്തി ബഹിനി ആയുധങ്ങള്‍ ഉപേക്ഷിച്ചത് പ്രദര്‍ശനത്തിന് മാത്രമായിരുന്നു. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

സൈനിക ഉദ്യോഗസ്ഥന്റെ ഈ പരാമര്‍ശം യാദൃശ്ചികമല്ലെന്നും മറിച്ച് ബംഗ്ലാദേശിലെ അധികാര കേന്ദ്രങ്ങളില്‍ രഹസ്യമായി വളര്‍ന്ന ഒരു മനോഭാവമാണെന്നും പ്രതിരോധ വിദഗ്ധനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ കേണല്‍ മയങ്ക് ചൗബെ പറഞ്ഞു. ഇത്തരം പ്രസ്താവനകളാണ് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധൈര്യം നല്‍കുന്നത്. നയതന്ത്രത്തിന് വേണ്ടി ചിരിക്കുമ്പോള്‍ തന്നെ നമ്മുടെ തകര്‍ച്ചയെക്കുറിച്ച് പരസ്യമായി സ്വപ്നം കാണുന്ന അയല്‍ശക്തികളെക്കുറിച്ച് ഇന്ത്യ ജാഗ്രതയോടെയും വ്യക്തമായ ധാരണയോടെയും ഇരിക്കണം. അദ്ദേഹം എക്‌സില്‍ കുറിച്ചു.