ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. പാക്ക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാന്‍ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിനകം നിലവിലുണ്ടായിരുന്ന ദുര്‍ബലമായ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇരുവിഭാഗവും പരസ്പരം ആരോപിച്ചു. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള 1,600 മൈല്‍ (2,600 കി.മീ) അതിര്‍ത്തിക്ക് സമീപമുള്ള അഫ്ഗാന്‍ നഗരമായ സ്പിന്‍ ബോള്‍ഡക്കില്‍ നിന്ന് സംഘര്‍ഷത്തെ തുടര്‍ന്ന് ആളുകള്‍ പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍നടയായും വാഹനങ്ങളിലുമായി നിരവധി അഫ്ഗാനികള്‍ പലായനം ചെയ്യുന്നതായി പ്രദേശത്തു നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നു. നാല് മൃതദേഹങ്ങള്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചു. മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പാക്കിസ്ഥാന്റെ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്പിന്‍ ബോള്‍ഡാക് ഗവര്‍ണര്‍ അബ്ദുള്‍ കരീം ജഹാദ് എഎഫ്പിയോട് പറഞ്ഞു. അടുത്തിടെയായി ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ സംഘര്‍ഷങ്ങള്‍ പതിവാണ്. താലിബാന്‍ സൈന്യം പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. താലിബാന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയ്ദി പറഞ്ഞു. ഞങ്ങളുടെ സേന ഉചിതവും ശക്തവുമായ പ്രതികരണം നല്‍കി. പാക്കിസ്ഥാന്‍ അതിര്‍ത്തി സുരക്ഷയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്ക് ആക്രമണങ്ങളോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് താലിബാന്‍ അവകാശപ്പെട്ടത്.

ഖത്തറും തുര്‍ക്കിയും മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാറിന് ശേഷം രണ്ട് മാസത്തിനുള്ളിലാണ് ഏറ്റവും പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 2021 ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടിയത്. ആക്രമണം നടത്തുന്ന സായുധ ഗ്രൂപ്പുകള്‍ക്ക് താലിബാന്‍ സംരക്ഷണം നല്‍കുന്നു എന്ന് പാക്ക് സര്‍ക്കാര്‍ ആരോപിക്കുന്നു. അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്റെ ഒന്നാം നമ്പര്‍ ശത്രുവാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് അഭിപ്രായപ്പെട്ടിരുന്നു. വഞ്ചകര്‍ എന്നാണ് അദ്ദേഹം താലിബാനെ വിശേഷിപ്പിച്ചത്. അഫ്ഗാന്‍ പൗരന്മാര്‍ പാക്കിസ്ഥാനില്‍ കച്ചവടം നടത്തുകയും അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തുകയും ചെയ്യുന്നുവെന്നും ഖ്വാജ ആസിഫ് പറഞ്ഞു. കൂടാതെ പാക് വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അഭയം നല്‍കിയെന്നും ഇദ്ദേഹം പറഞ്ഞു.

സമീപ മാസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. അതേസമയം, അഫ്ഗാനിസ്താന്റെ താലിബാന്‍ സര്‍ക്കാറും പാക്കിസ്ഥാന്‍ രാജ്യത്തിനുള്ളില്‍ വ്യോമാക്രമണം നടത്തിയതായി ആരോപിച്ചു. രാത്രി മുഴുവന്‍ വെടിവെപ്പ് നടത്തിയതായി ഇരുപക്ഷവും സ്ഥിരീകരിച്ചു. അതേസമയം, പാക്കിസ്ഥാന്‍ വീണ്ടും ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടതായും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായെന്നും ഒരു താലിബാന്‍ വക്താവ് പറഞ്ഞു.

പാക്കിസ്ഥാന്‍ സൈന്യം ലൈറ്റ് ആന്‍ഡ് ഹെവി പീരങ്കികള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും സാധാരണക്കാരുടെ വീടുകള്‍ക്ക് നേരെ മോര്‍ട്ടാര്‍ വെടിവെപ്പ് നടത്തിയെന്നും കാണ്ഡഹാര്‍ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി അലി മുഹമ്മദ് ഹഖ്മല്‍ പറഞ്ഞു. ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ഒരു ആഴ്ചയിലധികം നീണ്ടുനിന്ന സംഘര്‍ഷത്തിന് വെടിനിര്‍ത്തലോടെ താല്‍ക്കാലിക വിരാമമായിരുന്നു. 2021ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം പാക്കിസ്ഥാനും താലിബാനും തമ്മിലുള്ള ഏറ്റവും മോശം ഏറ്റുമുട്ടലായിരുന്നു അത്.