- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഷിലെ മാരത്തണില്‍ അണിനിരന്നതില്‍ ഏറെയും ചുവന്ന ടി-ഷര്‍ട്ടുകള്‍ ധരിച്ച സ്ത്രീകള്‍; ഇറാനിയന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ച വസ്ത്രധാരണ രീതികളെ തള്ളിക്കളയുന്നതിന്റെ തെളിവോ? വീഡിയോ പ്രചരിച്ചതോടെ മത്സരത്തിന്റെ സംഘാടകര്‍ അറസ്റ്റില്‍; ഇറാനില്‍ വീണ്ടും ഹിജാബ് വിവാദം കത്തുന്നു
ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും ഹിജാഹ് വിവാദം കത്തുന്നു. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മാരത്തണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടി സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ ഇറാനിയന്‍ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവിട്ടതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഈ നടപടി. തീരദേശ ദ്വീപായ കിഷില്‍ നടന്ന മാരത്തണില്‍ ഏകദേശം 2,000 സ്ത്രീകളും 3,000 പുരുഷന്മാരും പ്രത്യേകമായി പങ്കെടുത്തിരുന്നു. ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, സ്ത്രീകള്‍ ചുവന്ന ടി-ഷര്‍ട്ടുകളാണ് ധരിച്ചിരുന്നത്, ചിലര്‍ ഹിജാബോ തല മറയ്ക്കുന്ന മറ്റ് വസ്ത്രങ്ങളോ ധരിച്ചിരുന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കടുത്ത നടപടി.
'മത്സരത്തിന്റെ രണ്ട് പ്രധാന സംഘാടകരെ അറസ്റ്റ് ചെയ്തതായി ഇറാനിയന്‍ നീതിന്യായ വിഭാഗത്തിന്റെ മിസാന്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ കിഷ് ഫ്രീ സോണിലെ ഉദ്യോഗസ്ഥനാണ്, മറ്റൊരാള്‍ മത്സരത്തിന്റെ സ്വകാര്യ സംഘാടക കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ്,' ബിബിസിയുടെ റിപ്പോര്‍ട്ട് പറയുന്നു.
ഹിജാബ് വിഷയത്തിലെ അറസ്റ്റ് സമ്മിശ്ര പ്രതികരണങ്ങള്‍ക്കാണ് വഴിവെച്ചത്. ഇസ്ലാമിക രാജ്യമായ ഇറാനില്‍ മാറ്റം ആഗ്രഹിക്കുന്ന നിരവധി പേര്‍ ഇറാനിയന്‍ സ്ത്രീകള്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ച വസ്ത്രധാരണ രീതികളെ തള്ളിക്കളയുന്നതിന്റെ തെളിവായി ഈ ചിത്രങ്ങളെ സ്വാഗതം ചെയ്തു. എന്നാല്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഇതിനെ നിലവിലെ സ്ഥിതിയ്ക്ക് എതിരെയുള്ള നീക്കമായി കണക്കാക്കി.
മാരത്തണ്‍ നടത്തിയ രീതി പൊതുവായ സദാചാരത്തിന്റെ ലംഘനമാണെന്നാണ് കിഷിലെ പ്രോസിക്യൂട്ടര്‍ വാദിച്ചത്. 'രാജ്യത്തെ നിലവിലെ നിയമങ്ങള്‍, ചട്ടങ്ങള്‍, മത, സാമൂഹിക, തൊഴില്‍പരമായ തത്വങ്ങള്‍ എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്‍ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും ഈ പരിപാടി പൊതു സദാചാരം ലംഘിക്കുന്ന രീതിയിലാണ് നടന്നത്', പ്രാദേശിക പ്രോസിക്യൂട്ടര്‍ പറഞ്ഞതായി ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്തു.
നിലപാട് കടുപ്പിച്ച് ഭരണകൂടം
മൂന്ന് വര്‍ഷം മുന്‍പ് വസ്ത്രധാരണ രീതി ലംഘിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത കുര്‍ദ് ഇറാനിയന്‍ യുവതി മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ പ്രക്ഷോഭങ്ങള്‍ സൈനിക ശക്തി ഉപയോഗിച്ച് ഇറാന്‍ അടിച്ചമര്‍ത്തുകയും ചെയ്തു. ഇതിനുശേഷവും ചില സ്ത്രീകള്‍ വസ്ത്രധാരണ നിയമങ്ങള്‍ ലംഘിക്കുന്നുണ്ട്.
അതേ സമയം രാജ്യത്തെ വസ്ത്രധാരണ രീതിയെ ന്യായീകരിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേരത്തെ രംഗത്ത് വന്നിരുന്നു. 'സ്ത്രീകളുടെ അന്തസ്സ് കവര്‍ന്നെടുക്കുന്നതിന്' അമേരിക്കയെയും പാശ്ചാത്യ മുതലാളിത്തത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനിയന്‍ സ്ത്രീകള്‍ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ കര്‍ശനമായ വസ്ത്രധാരണ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഹിജാബ് നിയമം നടപ്പാക്കുന്നതില്‍ ജുഡീഷ്യറി പരാജയപ്പെട്ടുവെന്ന് ഇറാനിലെ യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള പാര്‍ലമെന്റിലെ പകുതിയിലധികം പേര്‍ ആരോപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഖമേനിയുടെ ഈ പ്രതികരണം.
നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍, ലിംഗഭേദം തിരിച്ചുള്ള വേര്‍തിരിവ്, വസ്ത്രധാരണ നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇസ്ലാമിക 'സ്ത്രീകളുടെ അവകാശങ്ങള്‍', പടിഞ്ഞാറന്‍ രാജ്യങ്ങളേക്കാള്‍ ധാര്‍മ്മികമായി മികച്ചതാണെന്ന് ബുധനാഴ്ച എക്‌സിലെ (X) ഒരു പരമ്പര പോസ്റ്റുകളിലൂടെ ഖമേനി തുറന്നടിച്ചു. സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള ഇറാന്റെ ക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ ലോകമെമ്പാടും വിമര്‍ശനം നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ വെല്ലുവിളി നിറഞ്ഞ പ്രസംഗം.
'സാമൂഹിക പെരുമാറ്റത്തിലും കുടുംബത്തിനുള്ളിലും നീതി ഉറപ്പാക്കുക' എന്നതാണ് ഏതൊരു സമൂഹത്തിന്റെയും പ്രാഥമിക കടമയെന്ന് ഖമേനി വാദിച്ചു. ഒരു സ്ത്രീയുടെ 'സുരക്ഷ, അന്തസ്സ്, ബഹുമാനം' എന്നിവ സംരക്ഷിക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ശഠിച്ചു.
പാശ്ചാത്യ മുതലാളിത്ത സമ്പ്രദായങ്ങള്‍ സ്ത്രീകളെ വെറും വസ്തുക്കളായി ചുരുക്കുകയും അവരുടെ അടിസ്ഥാന അന്തസ്സ് ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം ആരോപിച്ചു. 'ദുഷിച്ച മുതലാളിത്ത യുക്തി സ്ത്രീകളുടെ അന്തസ്സ് ചവിട്ടിമെതിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു,' അദ്ദേഹം എഴുതി. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകളെ 'ഭൗതിക ചൂഷണത്തിന്' ഉപയോഗിക്കുന്നു എന്നും ഒരേ ജോലിക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനം അവര്‍ക്ക് പതിവായി നല്‍കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റുകളിലുടനീളം, സ്ത്രീകളോടുള്ള ഇസ്ലാമിന്റെ 'ബഹുമാനത്തെ' പാശ്ചാത്യ നിലവാരവുമായി താരതമ്യം ചെയ്ത ഖമേനി, ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് 'സ്വാതന്ത്ര്യം, മുന്നോട്ട് പോകാനും പുരോഗമിക്കാനുമുള്ള കഴിവ്, ഒരു വ്യക്തിത്വം' എന്നിവയുണ്ടെന്നും, മുതലാളിത്ത സമൂഹങ്ങളില്‍ ഇതില്ല എന്നും അവകാശപ്പെട്ടു.
സ്ത്രീകളെ 'വീട്ടിലെ ഒരു പുഷ്പം പോലെ'യാണ് കാണേണ്ടതെന്നും വീട്ടുജോലിക്കാരെപ്പോലെ പരിഗണിക്കുന്നതിന് പകരം പരിചരണവും ബഹുമാനവും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ മറിയം (മേരി), ഫറവോന്റെ ഭാര്യ എന്നിവരെ സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ മാതൃകയായി അവതരിപ്പിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം, ഈ ഉദാഹരണങ്ങള്‍ ഇസ്ലാം എങ്ങനെ സ്ത്രീകള്‍ക്ക് അന്തസ്സും ആത്മീയ സ്ഥാനവും നല്‍കുന്നു എന്ന് വ്യക്തമാക്കുന്നു എന്നും വാദിച്ചു.




