ന്യുയോര്‍ക്ക്: സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ തകര്‍ച്ചയെ ക്ഷണിച്ചു വരുത്തിയ യൂറോപ്പിനെ കുറ്റപ്പെടുത്തിക്കൊണ്ട് പുറത്തുവന്ന പുതിയ അമേരിക്കന്‍ ദേശീയ സുരക്ഷാ നയം (എന്‍ എസ് എസ്) ബ്രസ്സല്‍സിനെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, ഈ ഭൂഖണ്ഡത്തിലെ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് ഇതൊരു ഉത്തേജനമായി മാറിയിട്ടുമുണ്ട്. പതിറ്റാണ്ടുകളായുള്ള നയം മാറ്റം മൂലം യൂറോപ്പ് ഒരു സാംസ്‌കാരിക അധപതനത്തിന്റെ വക്കിലാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട രേഖയില്‍ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക് കല്‍പ്പിക്കുന്നതും, കൂട്ടത്തോടെയുള്ള കുടിയേറ്റത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പടെയുള്ള യൂറോപ്യന്‍ നയങ്ങളെ അത് നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.

ഈ നയം തുടര്‍ന്നാല്‍ വരുന്ന രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ അസ്തിത്വം ചോര്‍ന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാകുമെന്ന മുന്നറിയിപ്പും അതില്‍ നല്‍കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യരാജ്യമായ അമേരിക്കയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിന്റെ സൂചനയായി ചിലര്‍ ഈ പുതിയ അമേരിക്കന്‍ നയത്തെകാണുന്നുണ്ട്. ഒരുപക്ഷെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആഗോള രാഷ്ട്രീയത്തെ നിര്‍വചിച്ചിരുന്ന ഒരു കൂട്ടുകെട്ട് പാടെ തകര്‍ന്നേക്കുമോ എന്ന് സംശയിക്കുന്നവര്‍ വരെയുണ്ട്.

നേരത്തെ ഓണ്‍ലൈന്‍ കണ്‍ടെന്റ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് തന്റെ എക്സ് മാധ്യമ കമ്പനിക്ക് 120 മില്യന്‍ യൂറോ പിഴയിട്ട യൂറോപ്യന്‍ യൂണിയനെതിരെ എലന്‍ മസ്‌കും രംഗത്ത് വന്നിരുന്നു. യൂറോപ്യന്‍ യൂണിയന്‍ പിരിച്ചു വിടണമെന്നും, ഓരോ രാജ്യങ്ങള്‍ക്കും പരമാധികാരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, 33 പേജ് വരുന്ന അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ നയത്തെ പ്രകീര്‍ത്തിച്ച് റഷ്യ രംഗത്ത് എത്തിയിട്ടുണ്ട്. ഇത് ഏറെക്കുറെ റഷ്യയുടെ വീക്ഷണവുമായി ഒത്തുപോകുന്നതാണ് എന്നാണ് റഷ്യന്‍ വക്താവ് അഭിപ്രായപ്പെട്ടത്.

എന്നാല്‍, യൂറോപ്പ് പുതിയ നയത്തെ കടന്നാക്രമിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായി അമേരിക്ക് യൂറോപ്യന്മാര്‍ക്കൊപ്പം നിലകൊള്ളില്ലെന്ന് വ്യക്തമാക്കിയതായി ജര്‍മന്‍ പാര്‍ലമെന്റ് അംഗം നോര്‍ബെര്‍ട്ട് റോട്ട്‌ജെന്‍ കുറ്റപ്പെടുത്തി. ഈ നയം പിന്തുടരുകയാണെങ്കില്‍ യൂറോപ്പ് ഇല്ലാതെയാകുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലെ ഒരുതരത്തിലുള്ള ഇടപെടലുകളും അനുവദിക്കാനാവില്ല എന്നായിരുന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ആന്റോണിയോ കോസ്റ്റ ബ്രസ്സല്‍സില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞത്.

അതേസമയം, നെതര്‍ലാന്‍ഡ്‌സിലെ വലതുപക്ഷ പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്സ് ട്രംപിന് അനുകൂലമായി രംഗത്തെത്തി. പ്രസിഡണ്ട് എഴുതിയത് പൂര്‍ണ്ണമായും സത്യമാണെന്നായിരുന്നു അദ്ദേഹം എക്സില്‍ കുറിച്ചത്. തുറന്ന അതിര്‍ത്തിയും, കൂട്ടത്തോടെയുള്ള കുടിയേറ്റവും കാരണം യൂറോപ്പ് മദ്ധ്യകാല ഘട്ടത്തിലെ ഭൂഖണ്ഡത്തിലേക്ക് തിരികെ പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. നമ്മള്‍ ഉടനടി പ്രതികരിച്ചില്ലെങ്കില്‍ അനധികൃത അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചില്ലെങ്കില്‍ യൂറോപ്യന്‍ സംസ്‌കാരം കടയറ്റു പോകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യൂറോപ്പിനെ കൂടുതല്‍ രോഷാകുലരാക്കിയ മറ്റൊരു കാര്യം ദേശീയ സുരക്ഷാ നയത്തില്‍ റഷ്യയെ അമേരിക്കയ്ക്കുള്ള വലിയൊരു ഭീഷണിയായി പരിഗണിച്ചിട്ടില്ല എന്നാണ്. മാത്രമല്ല, യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് തടയിടുന്നത് യൂറോപ്യന്‍ യൂണിയനാണ് എന്ന കുറ്റപ്പെടുത്തലും അതിലുണ്ട്. വ്‌ളാഡിമിര്‍ പുടിന് അനുകൂലമായ ഏറെ പരാമര്‍ശങ്ങള്‍ ഉള്ള ഈ നയം ഇപ്പോള്‍ യൂറോപ്പിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. മദ്ധ്യവര്‍ത്തി നയം പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ വിമര്‍ശിക്കുമ്പോള്‍ വലതുപക്ഷ പാര്‍ട്ടികള്‍ ഇതിനെ പൂര്‍ണ്ണമായി അനുകൂലിക്കുകയാണ്.

യൂറോപ്പിന്റെ മുഖമുദ്രയായ ലിബറല്‍ ഡെമോക്രസിയുടെ ആഭ്യന്തര ശത്രുക്കളുമായി അമേരിക്ക സഹകരിക്കുന്നു എന്നായിരുന്നു ജര്‍മ്മന്‍ എം പി റോട്ട്‌ജെന്‍ ആരോപിച്ചത്. ജര്‍മ്മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡിയെ പരാമര്‍ശിച്ചായിരുന്നു ഇത്. അതേസമയം, ഹംഗറിയുടെ പ്രധാനമന്ത്രി യുക്രെയിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്റെ നയത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡണ്ടിനെയും റഷ്യന്‍ പ്രസിഡണ്ടിനെയും അദ്ദേഹം ഏറെ പ്രശംസിക്കുകയും ചെയ്തു. അധികാരമുള്ളവര്‍ പ്രവര്‍ത്തിക്കും അല്ലാത്തവര്‍ ശബ്ദിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.