- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ആര്‍ ലഭിക്കാന്‍ പത്ത് വര്‍ഷം ബ്രിട്ടനില്‍ താമസിക്കണം എന്ന നിബന്ധനയില്‍ നിന്നും പ്രത്യേക വിസയില്‍ എത്തിയ ഹോങ്കോംഗുകാരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം; യുകെയിലെ ഈ അവസരം മുതലെടുക്കാന്‍ ഇന്ത്യാക്കാരും
ലണ്ടന്‍: ഹോങ്കോംഗിലെ ജനാധിപത്യ ഭരണം അവസാനിപ്പിച്ച് ചൈനയോട് കൂട്ടിച്ചേര്‍ത്തപ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് പ്രത്യേക വിസയില്‍ ബ്രിട്ടനിലേക്ക് പലായനം ചെയ്തത്. അങ്ങനെ പ്രത്യേക വിസയില്‍ വന്നവര്‍ക്കും, മനുഷ്യത്വ പരിഗണനയില്‍ നല്‍കിയ മറ്റു ചില വിസകളില്‍ വന്നവര്‍ക്കും, ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാന്‍ പത്ത് വര്‍ഷം താമസിക്കണം എന്ന നിബന്ധന ഒഴിവാക്കണമെന്ന് 34 ലേബര്‍ എം പി മാര്‍ ഒപ്പിട്ട കത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബ്രിട്ടനില്‍, സ്ഥിരമായി താമസിക്കുന്നതിനും, ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനുമൊക്കെ ആവശ്യമായ ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടി കൂടിയാണ്.
ഐ എല്‍ ആര്‍ ലഭിക്കുവാന്‍ ഒരു വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷം ബ്രിട്ടനില്‍ താമസിച്ചിരിക്കണം എന്നതായിരുന്നു നിബന്ധന. ഈ കാലാവധി പത്ത് വര്‍ഷമാക്കിക്കൊണ്ട് നവംബറിലായിരുന്നു പ്രഖ്യാപനമുണ്ടായത്. എന്നാല്‍, ഈ മാറ്റം ഏകദേശം 2 ലക്ഷത്തോളം വരുന്ന, ഹോങ്കോംഗില്‍ നിന്നും ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് (ബി എന്‍ ഒ) വിസയില്‍ 2021 മുതല്‍ എത്തിയവരെ ബാധിക്കില്ല എന്ന് ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എം പിമാര്‍ മൈഗ്രേഷന്‍ മന്ത്രി മൈക്ക് ടാപ്പിനാണ് കത്തെഴുതിയിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാരാണ് ചൈനീസ് അധിനിവേശത്തെ തുടര്‍ന്ന് ഇവരെ ബ്രിട്ടനില്‍ എത്തിച്ചത്.
ഐ എല്‍ ആര്‍ ലഭിക്കുന്നതിനുള്ള പുതിയ നിബന്ധനയനുസരിച്ച്, ഇംഗ്ലീഷിലെ പ്രാവീണ്യം ഇന്റര്‍മീഡിയറ്റ് ബി 1 ലെവലില്‍ നിന്നും അപ്പര്‍ ഇന്റര്‍മീഡിയറ്റ് ബ്2 ലെവലിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അത് മാത്രമല്ല, ഐ എല്‍ ആറിന് അപേക്ഷിക്കുന്നതിന് തൊട്ട് മുന്‍പുള്ള മൂന്ന് മുതല്‍ അഞ്ച് വര്‍ഷക്കാലം 12,570 പൗണ്ടില്‍ അധികം വേതനം ലഭിച്ചിരിക്കുകയും വേണം. ഏതായാലും, ഹോങ്കോംഗില്‍ നിന്നും എത്തിയവര്‍ക്ക് അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പി ആറിന് അപേക്ഷിക്കാന്‍ കഴിയും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മറ്റുള്ളവര്‍ക്ക് പത്ത് വര്‍ഷം കാത്തിരിക്കേണ്ടതായി വരും.
ഇപ്പോള്‍, വേതന പരിധിയും ഭാഷാ പ്രാവീണ്യവും സംബന്ധിച്ച് സര്‍ക്കാര്‍ ചില കണ്‍സള്‍ട്ടേഷനുകള്‍ നടത്തി വരികയാണ്. എന്നാല്‍, ഈ കണ്‍സള്‍ട്ടേഷന്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഹോങ്കോംഗുകാരുടെ കാര്യത്തില്‍ വ്യക്തത വരുത്തണം എന്നാണ് എം പിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ കണ്‍സള്‍ട്ടേഷന്‍ അവസാനിക്കും എന്നാണ് മനസ്സിലാക്കുന്നത്. 2026 മാര്‍ച്ച് മുതല്‍ തന്നെ ബി എന്‍ ഒ വിസയില്‍ എത്തിയവര്‍ക്ക് ഐ എല്‍ ആറിനായി അപേക്ഷിക്കാന്‍ കഴിയും.
എന്നാല്‍, വേതന പരിധിയില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പെന്‍ഷന്‍കാര്‍, അംഗ പരിമിതര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് വരുമാന പരിധി മാനദണ്ഡം പാലിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനര്‍ത്ഥം ഇവര്‍ക്ക് ഐ എല്‍ ആറിനായി അപേക്ഷിക്കാന്‍ കഴിയില്ല എന്നാണ്. അത്തരമൊരു സാഹചര്യം വന്നാല്‍, ഹോങ്കോംഗിലേക്കുള്ള തിരിച്ചു പോക്ക് ഇവരെ സംബന്ധിച്ച് ഒട്ടും സുരക്ഷിതമല്ലെന്നും എം പിമാര്‍ കത്തില്‍ പറയുന്നുണ്ട്. അതിനോടൊപ്പം, മനുഷ്യത്വ പരിഗണനയില്‍ നല്‍കിയ മറ്റു ചില പ്രത്യേക വിസകളില്‍ വന്നവര്‍ക്കും ഐ എല്‍ ആറിന് അപേക്ഷിക്കാന്‍ ഇളവുകള്‍ നല്‍കണം എന്ന് എം പിമാര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ അവസരം മുതലാക്കാന്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ കാത്തിരിക്കുകയാണ്.




