ലണ്ടന്‍: വൃത്തികെട്ട സെല്ലുകള്‍, മയക്കു മരുന്നിന്റെ വ്യാപകമായ ഉപയോഗം, അന്തരീക്ഷമാകെ നിറഞ്ഞു നില്‍ക്കുന്ന നിരാശ. ആധുനിക ബ്രിട്ടീഷ് ജയിലുകള്‍ക്ക് സ്വായത്തമായ ഈ വസ്തുതകള്‍ക്ക് പുറമെ ഇപ്പോള്‍ പുതിയതായി മറ്റൊന്നുകൂടി ഉയര്‍ന്ന് വരികയാണ്.ജയിലുകള്‍ക്കുള്ളില്‍ ശക്തി പ്രാപിക്കുന്ന ഇസ്ലാമിക സംഘങ്ങളുടെ ശക്തിയാണത്. രാജ്യത്തിലെ ഏറ്റവും സുരക്ഷയുള്ള ജയിലുകളില്‍ ചിലവയില്‍ വലിയ സ്വാധീനമാണ് ഇത്തരം വര്‍ഗീയ ശക്തികള്‍ ചെലുത്തുന്നത്. ഫ്രാങ്ക്ലാന്‍ഡ്, ബെല്‍മാര്‍ഷ് പോലുള്ള അതിസുരക്ഷാ ജയിലുകളില്‍ ജീവനക്കാരെ പോലും ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണിവര്‍ എന്നാണ് റിപ്പോര്‍ട്ട്.

കെന്റിലെ സ്വയ്ല്‍സൈഡ് ജയിലിലെ കാറ്റഗറി ബി ഫെസിലിറ്റി മുഴുവനായി തന്നെ ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ്. തടയാന്‍ ആരുമില്ലെന്നാണ് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ക്കൊപ്പം ചേരാത്ത,അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത തടവുകാര്‍ ഇത്തരം ജയിലുകളില്‍ പലപ്പോഴും ക്രൂര മര്‍ദ്ദനത്തിന് വിധേയരാകുന്ന സാഹചര്യം വരെയുണ്ട്. ലവ് ജിഹാദിനും, നര്‍ക്കോട്ടിക് ജിഹാദിനും ശേഷം, ജയില്‍ ജിഹാദെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഇത് പല ജയിലുകളിലും ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നാണ്, സര്‍ക്കാരിന്റെ ടെററിസം നിയമങ്ങളുടെ സ്വതന്ത്ര വിശകലനം നടത്തുന്ന ജോനാഥന്‍ ഹാള്‍ കെ സി പറയുന്നത്.

ഇത്തരം സംഘങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്ന് പ്രിസണ്‍ ഓഫീസേഴ്സ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്റ്റീവ് ജില്ലനും പറയുന്നു. ജയിലുകള്‍ക്കുഇള്ളില്‍ കുറ്റവാളികള്‍ ചേര്‍ന്ന് സംഘങ്ങള്‍ രൂപീകരിക്കുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. എന്നാല്‍, അത്തരം സംഘങ്ങളുടെ സ്വഭാവത്തിലും പ്രകൃതത്തിലുമൊക്കെ അടുത്ത കാലത്തായി മാറ്റങ്ങള്‍ വന്നിരിക്കുകയാണ് എന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനു പ്രധാനകാരണം ഇപ്പോള്‍ ജയിലനകത്തുള്ളവരുടെ പ്രകൃതത്തില്‍ വന്ന മാറ്റം തന്നെയാണെന്നും അവര്‍ പറയുന്നു.

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ബ്രിട്ടീഷ് ജയിലുകള്‍ക്ക് സംഭവിച്ച പ്രധാന പരിവര്‍ത്തനം, തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ കുറ്റവാളികള്‍ ജയിലുകളിലേക്ക് എത്താന്‍ തുടങ്ങി എന്നാണ്. ഇത് ജയിലുകള്‍ക്കുള്ളില്‍ തീവ്രവാദ ആശയങ്ങള്‍ക്ക് വലിയ പ്രചാരണം ലഭിക്കാന്‍ ഇടയായി. ബ്രിട്ടനില്‍, സെപ്റ്റംബര്‍ 11, 7/7 ലണ്ടന്‍ ബോംബിംഗ് പോലെ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ ജയിലിലാകുന്ന തീവ്രവാദികളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇവര്‍ മറ്റ് തടവുകാര്‍ക്ക് ഉണ്ടാക്കുന്ന ഭീഷണി ആദ്യമായി തിരിച്ചറിഞ്ഞത്. ഇയാന്‍ ഏയ്ക്ക്‌സണ്‍ ആയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 2016 ല്‍ അദ്ദേഹം തയ്യാറാക്കിയ റീവ്യൂ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല, ഏറ്റവും അപകടകാരികളായ തീവ്രവാദികളെ പാര്‍പ്പിച്ചിരിക്കുന്ന ചില ജയിലുകളില്‍, അവരെ മറ്റ് തടവുകാരില്‍ നിന്നും മാറ്റി പാര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, തികച്ചും വിധി വൈപരീത്യം എന്ന് തന്നെ പറയട്ടെ, വലിയ രീതിയില്‍ ഇസ്ലാമിക തീവ്രവാദം ശക്തിയാര്‍ജ്ജിച്ച ഫ്രാങ്ക്ലാന്‍ഡ് ജയിലില്‍, ഇവരില്‍ നിന്നും രക്ഷിക്കാനായി മറ്റ് തടവുകാരെ പ്രത്യേകം പാര്‍പ്പിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. കൂടെക്കൂടെ ജയിലുകള്‍ സന്ദര്‍ശിക്കാറുള്ള ക്രിമിനല്‍ അഭിഭാഷകനായ ടോണി വ്യാറ്റും ഇക്കാര്യം ശരിവയ്ക്കുന്നു. ജയില്‍ അന്തേവാസികള്‍ പലയിടങ്ങളിലും ഇത്തരം സംഘങ്ങള്‍ക്കൊപ്പം ചേരാന്‍ നിര്‍ബന്ധിതരാവുകയാണ്. ചേരാത്തവര്‍ കൊടിയ പീഢനങ്ങള്‍ക്ക് വിധേയരാകേണ്ടി വരും. ചിലയിടങ്ങളില്‍ ജയില്‍ ജീവനക്കാരുടെ രഹസ്യ പിന്തുണയും ഇത്തരം സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില ജയിലുകളില്‍ ഇത്തരം സംഘാംഗങ്ങള്‍ ജയില്‍ ജീവനക്കാര്‍ക്ക് നേരെ വരെ അക്രമങ്ങള്‍ അഴിച്ചു വിടുന്നുണ്ട്. മാഞ്ചസ്റ്ററില്‍ ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് തിളച്ച എണ്ണ കോരിയെറിഞ്ഞത് അതില്‍ ഒരു സംഭവമാണ്. മയക്കുമരുന്ന് ഉപയോഗവും ജയിലുകളില്‍ വ്യാപകമാവുകയാണ്.സ്വെയ്ല്‍ഡെയ്ല്‍ പോലുള്ള ചില ജയിലുകളില്‍ നിയന്ത്രണം വലിയ തോതില്‍ തന്നെ തീവ്രവാദി സംഘങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലും അതിനകത്ത് നടക്കുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ജയിലിലെ മത തീവ്രവാദ സംഘടനകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പുറകെ ഇക്കാര്യം അന്വേഷിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്ന് ജയില്‍ വകുപ്പ് മന്ത്രി ലോര്‍ഡ് ടിംപ്സണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.