- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13 ഡങ്കി ബോട്ടുകളിലായി ശനിയാഴ്ച്ച മാത്രം എത്തിയത് 803 പേര്‍; ഈ വര്‍ഷം ഇതുവരെ എത്തിയത് 41000 പേര്‍; അഭയാര്‍ത്ഥി പ്രശ്നത്തില്‍ പരിപൂര്‍ണമായി തോറ്റ് ലേബര്‍ സര്‍ക്കാര്‍; റേപ് കേസിലെ പ്രതി..ലഹരി ഇടപാടുകാരന്... എന്നിട്ടും പാക്കിക്ക് അഭയാര്‍ത്ഥി വിസ നല്കി ബ്രിട്ടന്
ലണ്ടന്‍: നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതിന് കര്‍ശന നിയമങ്ങള്‍ക്ക് രൂപം കൊടുക്കുമ്പോഴും, ചെറുയാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ലേബര്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ ഇത്തരത്തിലെത്തുന്നവരുടെ എണ്ണം 41,000 കഴിഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ മനുഷ്യക്കടത്ത് സംഘങ്ങളെ തീര്‍ത്തുകളയും എന്ന ലേബറിന്റെ ഭീഷണി വെള്ളത്തില്‍ വരച്ച വരയായി എന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച മാത്രം 803 പേരാണ് 13 ചെറിയ ബോട്ടുകളിലായി അപകടകരമായ യാത്രയ്ക്കൊടുവില്‍ ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഹോം ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. ഇതോടെ 2025 ല്‍ ഇതുവരെ ചാനല്‍ കടന്ന് ബ്രിട്ടനിലെത്തിയവരുടെ എണ്ണം 41,455 ആയി. 2022 ല്‍ 45,755 പേര്‍ എത്തിയതാണ് ഇക്കാര്യത്തിലെ റെക്കോര്‍ഡ്. ഒക്ടോബര്‍ 8 ന് ഒരൊറ്റ ദിവസം 1075 പേര്‍ എത്തിയതിനു ശേഷം ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയതും ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു.
തണുത്തുറയുന്ന കാലാവസ്ഥയും, മൂടല്‍ മഞ്ഞില്‍ തടയപ്പെടുന്ന കാഴ്ചയുമെല്ലാമായി സാധാരണ ഡിസംബര്‍ മാസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ചാനല്‍ കടന്നെത്താറില്ല. ഇതുവരെ രേഖപ്പെടുത്തിയ, ഏറ്റവും കൂടുതല്‍ അനധികൃത അഭയാര്‍ത്ഥികള്‍ എത്തിയ ഡിസംബര്‍ 2024 ലേത് ആയിരുന്നു. അന്ന് 3,254 പേരായിരുന്നു എത്തിയത്. ഈ ഡിസംബറില്‍, ഇതുവരെ 2,163 പേര്‍ എത്തിയിട്ടുണ്ട്. അതിനിടയില്‍, യുകെയിലേക്ക് കടത്താന്‍ ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നല്‍കുന്ന പുതിയ നിയമം ജര്‍മ്മനി കഴിഞ്ഞ ദിവസം പാസ്സാക്കിയിരുന്നു.
അഭയം ലഭിച്ച ലഹരി വ്യാപാരി സ്ത്രീ പീഢനക്കേസിലും പ്രതി
ബ്രിട്ടീഷ് ഇമിഗ്രേഷന്‍ - അസൈലും സിസ്റ്റത്തെ മുഴുവന്‍ കരിനിഴലിലാക്കുന്ന സംഭവങ്ങളാണ് പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഇഷാന്‍ എന്ന 22 കാരനുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 11 ന് ആയിരുന്നു ഇയാളെ നാടുകടത്താനുള്ള തീരുമാനം അപ്പീല്‍ കോടതി റദ്ദാക്കിയത്. മാനസികാരോഗ്യ പ്രശ്നങ്ങളായിരുന്നു കാരണമായി പറഞ്ഞത്. നേരത്തെ മയക്കു മരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന ഇയാള്‍, ബ്രിട്ടനില്‍ താമസിക്കാന്‍ അനുവാദം ലഭിച്ച് തൊട്ടടുത്ത ദിവസം രണ്ട് സ്ത്രീകളെ ലൈംഗികമായി പീഢിപ്പിച്ചതായ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പട്ടാപകല്‍ നോര്‍വിച്ചിലെ തിരക്കേറിയ ഹൈ സ്ട്രീറ്റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ജെയിലില്‍ നിന്നും വീഡിയോ ലിങ്ക് വഴിയാണ് ഇയാള്‍ വിചാരണയില്‍ പങ്കെടുത്തത്. ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് 200 പൗണ്ട് പിഴ വിധിക്കുകയും ചെയ്തു. നേരത്തെ മയക്കു മരുന്ന് കേസില്‍ 30 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധേയനായി കൊണ്ടിരിക്കുകയാണിയാള്‍. ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ നാട് കടത്താനുള്ള തീരുമാനമാണ് അപ്പീല്‍ കോടതി വിധിയോടെ നിര്‍ത്തി വയ്ക്കേണ്ടി വന്നത്.
പാകിസ്ഥാനിലേക്ക് നാടുകടത്തുന്നത് ഇയാളുടെ മാനസികാരോഗ്യത്തെ പ്രതികൊലമായി ബാധിച്ചേക്കുമെന്നും, നാട്ടിലെത്തിയാല്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗം തുടരാന്‍ ഇടയുണ്ടെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്. എ ഡി എച്ച് ഡി ഉള്‍പ്പടെയുള്ള ചില മാനസിക നിലകള്‍ ഇയാള്‍ക്കുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല, 2010 ല്‍ ഏഴു വയസ്സുള്ളപ്പോള്‍ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ബ്രിട്ടനിലെത്തിയ ഇയാള്‍, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് മികച്ച ഒരു വിദ്യാര്‍ത്ഥി ആയിരുന്നു എന്ന കാര്യവും കോടതി പരിഗണിച്ചിരുന്നു.




