ലണ്ടന്‍: ഐസിസില്‍ നിന്നും ആവേശമുള്‍ക്കൊണ്ട്, ബ്രിട്ടനിലെ തെരുവില്‍ യഹൂദരക്തം വീഴ്ത്താന്‍ പദ്ധതിയിട്ട രണ്ട് മതഭാന്തന്മാര്‍ ബ്രിട്ടനില്‍ ജീവപര്യന്തം തടവ്. ഒക്ടോബര്‍ 7 ലെ ഭീകരാക്രമണത്തിന് ശേഷം ബ്രിട്ടീഷ് ജൂതവംശക്കാര്‍ക്കെതിരെ എത്രമാത്രം വെറുപ്പും വിദ്വേഷവുമാണ് മതഭ്രാന്തന്മാര്‍ വെച്ചു പുലര്‍ത്തുന്നതെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ശിക്ഷ ലഭിച്ച വാലിദ് സദോയിയും അമര്‍ ഹുസൈനും. ബ്രിട്ടനില്‍ ചോരപ്പുഴയൊഴുക്കാന്‍ തോക്കുകളും മറ്റ് ആയുധങ്ങളുമാണ് അവര്‍ ഒരുക്കിയത്.

ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം കൈക്കൊണ്ട നടപടിക്കെതിരെയുള്ള പ്രതികാരം നടത്താന്‍ അവര്‍ തീരുമാനിച്ചത്, യഹൂദ വിരുദ്ധതയ്ക്കെതിരായി മാഞ്ചസ്റ്ററില്‍ നടന്ന ഒരു പ്രകടനത്തില്‍ പങ്കെടുത്തവരെ വെടിചെച്ചു വീഴ്ത്തിയായിരുന്നു. എന്നാല്‍, കൃത്യ സമയത്തെ പോലീസ് ഇടപെടല്‍ കൊണ്ടായിരുന്നു വലിയൊരു ദുരന്തം ഒഴിവായത്. ടുണീഷ്യന്‍ വംശജനായ സദോയി നേരത്തെ ഗ്രെയ്റ്റ് യാര്‍മത്തില്‍ ഒരു ഇറ്റാലിയന്‍ റെസ്റ്റോറന്റ് നടത്തിയിരുന്നു. മുന്‍ ഇറാഖി സൈനികന്‍ എന്ന് അവകാശപ്പെടുന്ന ഹുസൈന്‍ പോലീസിനോട് പറഞ്ഞത് ഒരു തീവ്രവാദി എന്നതില്‍ അഭിമാനിക്കുന്നു എന്നാണത്രെ.

പതിനഞ്ചോളം നിഷ്‌കളങ്കരുടെ ജീവന്‍ പൊലിഞ്ഞ ആസ്‌ട്രേലിയയില്‍ ബോണ്ടി ബീച്ച് ആക്രമണത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പദ്ധതി ആസൂത്രണങ്ങള്‍, സ്‌കൂളുകളും ജൂതപ്പള്ളികളും കേന്ദ്രീകരിച്ച് ആക്രമണം നടത്തി യഹൂദജനതയെ വധിക്കാനായിരുന്നു ഇവരുടെ പരിപാടി. തീവ്രവാദ സ്ലീപ്പിംഗ് സെല്‍ എന്ന് സംശയിക്കുന്ന ഒരു സംഘത്തിലേക്ക് നുഴഞ്ഞു കയറി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ അതി ധീരമായ ഇടപെടലുകളായിരുന്നു ഇപ്പോള്‍ ഇവരുടെ പദ്ധതികളെ തകര്‍ത്തത്.

18 കാരിയെ ബാലാത്സംഗം ചെയ്ത രണ്ട് സിറിയന്‍ അഭയാര്‍ത്ഥികള്‍ പിടിയില്‍

ഞായറാഴ്ച, ചെഷയര്‍ വിന്‍സ്‌ഫോര്‍ഡില്‍ ഒരു 18 കാരി അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയായതറിഞ്ഞായിരുന്നു അതിരാവിലെ 5 മണിയോടെ പോലീസ് എത്തിയത്.പട്ടണത്തിലെ വാര്‍ടണ്‍ ഭാഗത്തുള്ള ഒരു സ്വകാര്യ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിയാര്‍ മൊഹമ്മദ് അബ്ദുള്‍ സലാം എന്ന 27 കാരനും ദില്‍ഗാഷ് ആദില്‍ എന്ന 31 കാരനുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇരുവര്‍ക്കു മേലും ബലാത്സംഗക്കേസാണ് ചാര്‍ജ്ജ്‌ചെയ്തിരിക്കുന്നത്. സിറിയന്‍ വംശജരായ ഇരുവരെയും ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഫലസ്തീന്‍ സമരത്തെ അനുകൂലിച്ച ഗ്രെറ്റ തുംബെര്‍ഗ് ലണ്ടനില്‍ അറസ്റ്റില്‍

ജയിലില്‍ ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഗ്രെറ്റ തുംബെര്‍ഗ് അറസ്റ്റിലായി.'ഞാന്‍ ഫലസ്തീന്‍ ആക്ഷന്‍ തടവുകാരെ പിന്തുണയ്ക്കുന്നു, വംശീയഹത്യയെ താന്‍ എതിര്‍ക്കുന്നു'എന്നിങ്ങനെ എഴുതിയ ഒരു ബാനറുമായി ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ആസ്ഥാനത്തിന് പുറത്ത് ഇരിക്കുന്ന ഇവരുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. ഇസ്രയേല്‍ ബന്ധം ആരോപിക്കപ്പെടുന്ന പ്രതിരോധ നിര്‍മ്മാണ സ്ഥാപനമായ എല്‍ബിറ്റ് സിസ്റ്റത്തിന് സേവനങ്ങള്‍ നല്‍കുന്നതിനാലാണ് തങ്ങള്‍ ആസ്പെന്‍ ഇന്‍ഷുറന്‍സിനെ ഉന്നം വച്ചതെന്ന് പിന്നീട് ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പോലീസ് എത്തി അറസ്റ്റ് ചെയ്യുന്നതിന് മുന്‍പായി രണ്ട് പ്രതിഷേധക്കാര്‍ കെട്ടിടത്തിനു മുന്‍പില്‍ ചുമരില്‍ ചുവന്ന സ്പ്രേ പെയിന്റ് തെറിപ്പിച്ച് വൃത്തികേടാക്കിയിരുന്നു.ഇപ്പോള്‍ ജയിലിലുള്ള എട്ട് ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലാണ്. അതില്‍, എല്‍ബിറ്റ് സിസ്റ്റം ഫാക്റ്ററിക്കെതിരെ നടന്ന ആക്രമണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായ ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് അവരുടെ ബന്ധുക്കള്‍ പറയുന്നത്. റോയല്‍ എയര്‍ഫോഴ്സിന്റെ വിമാനങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലായില്‍ സര്‍ക്കാര്‍ ഫലസ്തീന്‍ ആക്ഷന്‍ ചോഴ്സിനെ നിരോധിച്ചിരുന്നു.