ലണ്ടന്‍: പാശ്ചാത്യ രാജ്യങ്ങളിലെ ശരാശരിയേക്കാള്‍ ഇരട്ടിയോളം വിദേശ ഡോക്ടര്‍മാരും നഴ്സുമാരുമാണ് ബ്രിട്ടനില്‍ ഉള്ളതെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ബ്രിട്ടന്‍ വിദേശികളെ അമിതമായി ആശ്രയിക്കുന്നു എന്ന ആരോപണത്തെ ശരിവെക്കുന്നതാണ് ഈ വസ്തുതകള്‍. 2023-ലെ കണക്കുകള്‍ പ്രകാരം, ബ്രിട്ടനിലെ ആരോഗ്യ മേഖലയിലെ മൊത്തം ജീവനക്കാരില്‍ 38.3 ശതമാനം പേര്‍ വിദേശികളാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (OECD) പുറത്തുവിട്ട കണക്കുകളാണിത്. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ (GMC) കണക്കുപ്രകാരം ഡോക്ടര്‍മാരുടെ ഇടയില്‍ ഇത് 42 ശതമാനത്തോളമാണ്.

വികസിത രാജ്യങ്ങളുടെ പട്ടിക പരിശോധിക്കുമ്പോള്‍, ആരോഗ്യ മേഖലയിലെ വിദേശ ജീവനക്കാരുടെ സാന്നിധ്യം ശരാശരി അഞ്ചിലൊന്ന് (19.6 ശതമാനം) മാത്രമാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും ഈ അനുപാതം ഇതിലും കുറവാണ്; അവര്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും തദ്ദേശീയമായി തന്നെ പരിശീലിപ്പിച്ചെടുക്കുന്നു. ജര്‍മ്മനിയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദേശികള്‍ 15 ശതമാനവും, ഫ്രാന്‍സില്‍ 11 ശതമാനവും, ഇറ്റലിയില്‍ വെറും ഒരു ശതമാനവുമാണ്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി നോര്‍വേയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ 44 ശതമാനം പേരും വിദേശികളാണ്.

ബ്രിട്ടനിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റി കൂടി പങ്കാളിയായ ഒരു റിപ്പോര്‍ട്ടില്‍, തദ്ദേശീയരായ ജീവനക്കാരും വിദേശ ജീവനക്കാരും തമ്മില്‍ ശരിയായ സന്തുലനം കൊണ്ടുവരേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞിരുന്നു. നിലവില്‍ രാജ്യത്തെ മെഡിക്കല്‍ പരിശീലന സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശ ജീവനക്കാര്‍ നല്‍കുന്ന സേവനത്തെ പ്രകീര്‍ത്തിക്കുമ്പോഴും, അവരെ അമിതമായി ആശ്രയിക്കുന്നത് ശാശ്വതമായ പരിഹാരമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, യുകെയിലെ മെഡിക്കല്‍ ബിരുദധാരികളും റെസിഡന്റ് ഡോക്ടര്‍മാരും നേരിടുന്ന പ്രധാന പ്രശ്‌നം സ്‌പെഷ്യലിസ്റ്റ് ട്രെയിനിംഗിന്റെ ലഭ്യതക്കുറവാണ്. റെസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയ അഞ്ചു ദിവസത്തെ സമരത്തില്‍ ശമ്പള വര്‍ദ്ധനവിനൊപ്പം ഈ പ്രശ്‌നവും പ്രധാനമായും ഉന്നയിച്ചിരുന്നു.