- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത് വര്‍ഷം മുന്‍പ് പോളണ്ടുകാര്‍ ബ്രിട്ടനിലേക്ക്; ഇന്ന് ചെലവ് കുറഞ്ഞ ജീവിതം തേടി ബ്രിട്ടീഷുകാര്‍ പോളണ്ടിലേക്ക്
ലണ്ടന്‍: ഇനിയുള്ള കാലം ലോകം വളരുക ഭൂമിയുടെ കിഴക്കന്‍ അര്‍ദ്ധഗോളത്തെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ശതകോടീശ്വരനായ ജാക്ക് മാ മുന്‍പ് പ്രവചിച്ചിരുന്നു. ഈ പ്രവചനം എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെങ്കിലും, യൂറോപ്പിന്റെ സാമ്പത്തിക സന്തുലനത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാണ്. വികസിത പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിവേഗ സാമ്പത്തിക വളര്‍ച്ചയും കുറഞ്ഞ ജീവിതച്ചെലവുമുള്ള പോളണ്ടാണ് ഈ മാറ്റത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. നിരവധി ബ്രിട്ടീഷുകാര്‍ പോളണ്ടിലേക്ക് താമസം മാറ്റുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2000-മാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടനിലേക്ക് പോളണ്ടുകാരുടെ വന്‍ കുത്തൊഴുക്കായിരുന്നു. മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ പോളണ്ടുകാരുടെ എണ്ണം 2016 ആയപ്പോഴേക്കും പത്ത് ലക്ഷം കവിഞ്ഞിരുന്നു. എന്നാല്‍, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ (Brexit) ആ ഒഴുക്ക് കുറയുകയും പലരും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.
കാലത്തിന്റെ കാവ്യനീതി എന്നതുപോലെ ഇപ്പോള്‍ കുടിയേറ്റത്തിന്റെ ഗതി മാറിയിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് നിരവധി ബ്രിട്ടീഷുകാര്‍ പോളണ്ടിലേക്ക് കുടിയേറുന്നു. വാള്‍സാലില്‍ നിന്ന് വാഴ്സയിലേക്കും ക്രോയ്ഡോണില്‍ നിന്ന് ക്രാക്കോവിലേക്കും ബ്രിട്ടീഷുകാര്‍ ഇപ്പോള്‍ ചേക്കേറുന്നത് ഇരുപത് വര്‍ഷം മുന്‍പ് പോളണ്ടുകാര്‍ അനുഭവിച്ച അതേ സാഹചര്യങ്ങള്‍ കൊണ്ടാണ്. ബ്രിട്ടനില്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായപ്പോള്‍, പോളണ്ട് യൂറോപ്പിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി മാറി.
ഈ വര്‍ഷം പോളണ്ട് 3.5 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍, ബ്രിട്ടന്റേത് വെറും 1.3 ശതമാനം മാത്രമാണ്. 2015-നും 2024-നും ഇടയില്‍ പോളണ്ടിലേക്ക് കുടിയേറിയ ബ്രിട്ടീഷുകാരുടെ എണ്ണത്തില്‍ 340 ശതമാനം വര്‍ദ്ധനവുണ്ടായതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങളായ മാള്‍ട്ടയിലേക്കും ഫ്രാന്‍സിലേക്കും പോകുന്നവരേക്കാള്‍ ഇരട്ടിയിലധികം ആളുകളാണ് ഇപ്പോള്‍ പോളണ്ട് തിരഞ്ഞെടുക്കുന്നത്.
2015-ല്‍ പോളണ്ടില്‍ 41,000 ബ്രിട്ടീഷ് കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ 2024-ല്‍ അത് 1,84,900 ആയി ഉയര്‍ന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിന് ശേഷം ദാരിദ്ര്യത്തിലേക്ക് വീണ പോളണ്ട്, യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നതോടെയാണ് സാമ്പത്തികമായി ഉയിര്‍ത്തെഴുന്നേറ്റത്. അവസരങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിച്ച പോളണ്ട് 2025-ഓടെ ലോകത്തിലെ ഏറ്റവും വലിയ 20 സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറിയിരിക്കുകയാണ്. മറ്റ് പല വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ വളരുന്ന പോളണ്ട്, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും വലിയ പത്ത് സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറുമെന്നാണ് വിദഗ്ധരുടെ പ്രവചനം.




