ന്യുയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ മണ്ണിലെത്തിച്ചതോടെ അതിവേഗത്തിലുള്ള നിയമനടപടികളിലേക്കാണ് ട്രംപ് ഭരണകൂടം കടക്കുന്നത്. ന്യൂയോര്‍ക്കിലെ അതീവ സുരക്ഷാ തടവറയായ ബ്രൂക്ലിന്‍ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയ ഇവര്‍ക്ക് വരും ദിവസങ്ങളില്‍ മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരും.

2020 മുതല്‍ നിലവിലുള്ള നാര്‍ക്കോ-ഭീകരവാദം, ആയുധക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലായിരിക്കും വിചാരണ. അമേരിക്കന്‍ നീതിന്യായ ചരിത്രത്തില്‍ ഒരു വിദേശ രാഷ്ട്രത്തലവന്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ നിയമപോരാട്ടത്തിനാകും ന്യൂയോര്‍ക്ക് കോടതി സാക്ഷ്യം വഹിക്കുക. ഇതിന് പുറമെ വെനസ്വേലയിലെ ഭരണം സംബന്ധിച്ചും നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടായേക്കും.

മഡുറോയുടെ അറസ്റ്റിലൂടെ വെനസ്വേലയില്‍ പുതിയൊരു ജനാധിപത്യ ഭരണകൂടത്തെ സ്ഥാപിക്കാനാണ് അമേരിക്കന്‍ നീക്കം. സൈനിക നടപടിയിലൂടെ അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍ വെനസ്വേലയുടെ എണ്ണസമ്പത്തിന്മേലുള്ള നിയന്ത്രണവും അന്താരാഷ്ട്ര വിപണിയിലെ ഇടപാടുകളും അമേരിക്കയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും. റഷ്യയും ചൈനയും ഉയര്‍ത്തിയേക്കാവുന്ന നയതന്ത്ര വെല്ലുവിളികളെ നേരിടുന്നതിനൊപ്പം, പിടിച്ചെടുത്ത മഡുറോയുടെ ആസ്തികള്‍ കണ്ടുകെട്ടുന്ന നടപടികളും യുഎസ് ട്രഷറി വകുപ്പ് ആരംഭിച്ചുകഴിഞ്ഞു.

ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ് എന്നു പേരിട്ട സൈനിക നടപടിക്കായി മഡുറോയുടെ വസതിയുടെ മാതൃക നിര്‍മിച്ച് ഡെല്‍റ്റ ഫോഴ്‌സ് മാസങ്ങളോളം പരിശീലനം നടത്തി. അതീവസുരക്ഷ ഉറപ്പാക്കി സ്ഥാപിച്ച ലോഹവാതിലുകള്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുന്നതിന്റെ രീതിയുള്‍പ്പെടെ പരിശീലിച്ചു. സിഐഎയുടെ സംഘം ഓഗസ്റ്റ് മുതല്‍ വെനസ്വേലയിലുണ്ടായിരുന്നു. മഡുറോയുടെ ദിനചര്യ, നീക്കങ്ങള്‍ എന്നിവയെല്ലാം പഠിച്ചു.

ദൗത്യത്തിന് 4 ദിവസം മുന്‍പേ ട്രംപ് അനുമതി നല്‍കിയെങ്കിലും മേഘങ്ങളൊഴിഞ്ഞ നല്ല കാലാവസ്ഥയ്ക്കായി അല്പം കൂടി കാത്തിരിക്കാനായിരുന്നു ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനം. അങ്ങനെ മാറ്റി വച്ച ഔത്യം ഒടുവില്‍ വിജയകരമായി നടപ്പാക്കിയത് ശനിയാഴ്ച പുലര്‍ച്ചെ. ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ ട്രംപും സംഘവും ആ ദൗത്യം തത്സമയം കണ്ടു.