- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വനിതയെ പ്രസിഡന്റാക്കി ട്രംപ് വെനിന്‍സുല ഭരിക്കും; ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപം; പണ്ടേ വെനിന്‍സുല വിട്ട് വിദേശത്ത് അഭയം തേടിയവര്‍ ആഘോഷത്തില്‍; ട്രംപിനെ തള്ളി അധിനിവേശം എന്ന് പ്രഖ്യാപിച്ച് ന്യുയോര്‍ക്ക് മേയര്‍ മാംദാനി
കാരക്കാസ്: വെനിന്‍സുല പ്രസിഡണ്ട് നിക്കോളസ് മഡുറോ പിടിയിലായതോടെ തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെ നോബല്‍ പുരസ്‌കാര ജേതാവായ മരിയ കൊറിന മച്ചാഡൊവിനെ പ്രസിഡണ്ട് ആക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മദ്ധ്യ- വലത് രാഷ്ട്രീയ സമീപനം പുലര്‍ത്തുന്ന വെന്റെ വെനിസുല എന്ന പ്രതിപക്ഷ കക്ഷിയുടെ നേതാവാണ് മച്ചാഡൊ. മഡുറോവിനെ സ്ഥാനഭ്രഷ്ടനാക്കുകയും അദ്ദേഹം പിടിയിലാവുകയും ചെയ്തതോടെ വെനിന്‍സുലയ്ക്ക് സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍ എത്തി എന്നായിരുന്നു അവര്‍ എക്സില്‍ കുറിച്ചത്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും, സ്ഥാനം ഒഴിയാതിരുന്ന മഡുറോയെ നീക്കി രാജ്യത്ത് നിയമം സ്ഥാപിച്ചതിന് അമേരിക്കയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. മഡുറോയ്ക്ക് എതിരെ മത്സരിച്ച്, യഥാര്‍ത്ഥത്തില്‍ ജയിച്ച എഡ്മുണ്ടോ ഗൊണ്‍സാലെസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മച്ചാഡൊ പറഞ്ഞു. പാര്‍ട്ടി അധികാരം ഏറ്റെടുക്കുമെന്നും രാജ്യത്ത് നിയമവ്യവസ്ഥ പുനസ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, രാഷ്ട്രീയ തടവുകാരെ മുഴുവന്‍സ്വതന്ത്രരാക്കുമെന്നും മച്ചാഡോ അറിയിച്ചു.
അതേസമയം, മച്ചാഡോവിനെ പ്രസിഡണ്ട് ആക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത ട്രംപ് നിഷേധിച്ചിട്ടുണ്ട്. വെനിന്‍സുലയുടെ നിയന്ത്രണം അമേരിക്ക തത്ക്കാലത്തേക്ക് ഏറ്റെടുക്കുമെന്നും അവിടത്തെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മച്ചാഡോയുടെയും ഗൊണ്‍സാലസിന്റെയും നേതൃത്വത്തില്‍ ഒരു ഇടക്കാല സര്‍ക്കാരായിരിക്കും വരിക എന്നാണ് എക്കനോമിക് ഇന്‍ക്ലൂഷന്‍ ഗ്രൂപ്പിന്റെ പ്രസിഡണ്ട് ജോര്‍ജ്ജ് ജ്രൈസ്സറ്റി ഫോക്സ് ന്യൂസിനോട് പറഞ്ഞത്.
എഴുപത് ശതമാനത്തിലധികം വെനിന്‍സുല ജനതയുടെ പിന്തുണ അവര്‍ക്കുണ്ടെന്നാണ് ജ്രൈസറ്റി പറയുന്നത്. മാത്രമല്ല, മച്ചാഡോയ്ക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള പ്രാപ്തിയും ആര്‍ജ്ജവവും ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു ഏകാധിപതിയുടെ ഭരണം വരുത്തിയ വിനകള്‍ മാറ്റാന്‍ അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാത്രമല്ല, മച്ചാഡോയ്ക്കൊപ്പം നില്‍ക്കുന്നവര്‍ ഏറെയും യുവാക്കളും പ്രൊഫഷണലുകളുമാണ്, പരമ്പരാഗത രാഷ്ട്രീയക്കാരല്ല എന്നതും ഇവിടെ ഒരു പ്ലസ് പോയിന്റ് ആണെന്ന് അദ്ദേഹം പറയുന്നു.
2024 ലെ തെരേഞ്ഞെടുപ്പില്‍ ഏകദേശം 2-1 മാര്‍ജിനിലായിരുന്നു ഗൊണ്‍സാലസിന് വന്‍ വിജയം ജനങ്ങള്‍ നല്‍കിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം അവഗണിച്ച് മഡുറോ അധികാരത്തില്‍ തുടരുകയായിരുന്നു. അമേരിക്കന്‍ അധിനിവേശത്തെ പിന്തുണയ്ക്കുമോ എന്ന് നേരത്തേ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, വെനിന്‍സുല ഇപ്പോള്‍ തന്നെ അധിനിവേശത്തിന് ഇരയായിരിക്കുകയാണെന്നും, ഒരു റഷ്യന്‍ ഏജന്റാണ് തങ്ങള്‍ക്കുള്ളതെന്നുമായിരുന്നു മച്ചാഡോ പറഞ്ഞത്. മാത്രമല്ല, മഡുറോ ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടെടുത്ത ട്രംപിന്റെ നയങ്ങളെ അവര്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ഒരു തീവ്ര ഇടതുപക്ഷക്കാരനെന്ന് അറിയപ്പെടുന്ന മഡുറോ 2013 മുതല്‍ വെനിന്‍സുലയില്‍ അധികാരത്തില്‍ ഉണ്ട്. ക്യൂബന്‍ സര്‍ക്കാരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന മഡുറോയുടെ ഭരണകാലത്ത് വെനിന്‍സുല കടുത്ത പ്രതിസന്ധികളിലേക്കാണ് കടന്നു പോയത്. കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ രാജ്യത്തു നിന്നും ഏകദേശം എണ്‍പത് ലക്ഷത്തോളം പേരാണ് മറ്റു രാജ്യങ്ങളില്‍ അഭയം തേടിപ്പോയത്. സാമ്പത്തിക തകര്‍ച്ച രൂക്ഷമായതോടെ പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നു. മരുന്നിനും ഭക്ഷണത്തിനുമൊക്കെ കടുത്ത ക്ഷാമമായി.
പൊറുതി മുട്ടീയ ജനം തെരുവിലിറങ്ങിയതോടെ പട്ടാളത്തെ ഇറക്കി പ്രതിരോധിക്കാനായിരുന്നു മഡുറോ ശ്രമിച്ചത്. നൂറിലധികം പേര്‍ സൈനിക നടപടികളില്‍ കൊല്ലപ്പെട്ടപ്പോള്‍ ആയിരക്കണക്കീന് ആളുകള്‍ക്കായിരുന്നു പരിക്കേറ്റത് ഇതൊടെയായിരുന്നു വെനിന്‍സുലയിലേക്ക് ആഗോള ശ്രദ്ധ പതിഞ്ഞത്. ഏതായാലും മഡുറോ പിടിയില്‍ ആയതില്‍ ഏറെ സന്തോഷിക്കുകയാണ് വെനിന്‍സുലക്കാര്‍. അമേരിക്കയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് കേസുള്ള അദ്ദേഹത്തെ അവിടെ വിചാരണ ചെയ്യാനായിരിക്കും സാധ്യത.
വെനിന്‍സുലന്‍ ജനത തെരുവുകളില്‍ ആനന്ദനൃത്തമാടുമ്പോള്‍ മഡുറോയെ പുറത്താക്കിയതിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പുതിയ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്രന്‍ മംദാനി. ഇത് ഒരൂ അധിനിവേശമാണ് എന്നാണ് മംദാനി ആരോപിക്കുന്നത്. പരമാധികാരമുള്ള ഒരു രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് അധിനിവേശത്തിന് തുല്യമാണെന്നാണ് മംദാനി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. മാത്രമല്ല, ഇത് അമേരിക്കന്‍ ഫെഡറല്‍ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും കടുത്ത ലംഘനമാണെന്നും അദ്ദെഹം ആരോപിച്ചു.
ആയിരക്കണക്കിന് വെനിന്‍സുലക്കാര്‍ ഉള്‍പ്പടെയുള്ള ന്യൂയോര്‍ക്ക് നിവാസികളെ ഈ ഭരണകൂട മാറ്റം നേരിട്ട് ബാധിക്കുമെന്നും അതാണ് തന്റെ ആശങ്കയെന്നുമാണ് മംദാനി പറയുന്നത്. ന്യൂയോര്‍ക്കിലായിരിക്കും മഡുറോയെയും ഭാര്യയെയും തടവില്‍ പാര്‍പ്പിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. ഇയാള്‍ പ്രതിയായ മയക്കുമരുന്ന് കേസുകളുടെ വിചാരണയും നടക്കുന്നത് ന്യൂയോര്‍ക്കില്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രൂക്ലിന്‍ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലായിരിക്കും ഇവരെ പാര്‍പ്പിക്കുക.
അമേരിക്കന്‍ നീക്കത്തെ അപലപിച്ചു കൊണ്ട് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് സഭ ചൂണ്ടിക്കാട്ടുന്നു. ഇത് തികച്ചും അപകടകരമായ ചില കീഴ്വഴക്കങ്ങള്‍ക്ക് തുടക്കം കുറിച്ചേക്കുമെന്നും ഐക്യ രാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയുടെ വക്താവ് മുന്നറിയിപ് നല്‍കുന്നു.




