ലണ്ടന്‍: അല്പം ആകാക്ക്ഷയും ഉത്ക്കണ്ഠയും പരിഭ്രമവുമെല്ലാം അവിടെ കൂടിയിരിക്കുന്നവരുടെ മുഖത്ത് കാണാം. അതൊരു പ്രസവ വാര്‍ഡോ ഓപ്പറേഷന്‍ തീയറ്ററിനു മുന്നിലെ കാത്തിരിപ്പ് മുറിയോ ഒന്നുമല്ല, ഷയര്‍ ഹോള്‍ ആണ്. എല്ലാ ആഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കാറുള്ള ഒരു ചടങ്ങാണിത്. പക്ഷെ, ഓരോ തവണയും ചടങ്ങിനെത്തുന്നവര്‍ വ്യത്യസ്തരായിരിക്കും എന്ന് മാത്രം.

ഇത് ബ്രിട്ടീഷ് പൗരത്വം നല്‍കുന്ന ചടങ്ങാണിത്. നിരവധി വര്‍ഷം കുടിയേറ്റക്കാരായി ബ്രിട്ടനില്‍ ജീവിച്ച്, ഏറെ നാള്‍ കാത്തിരുന്ന്, ഏറെ കടമ്പകള്‍ കടന്ന് ബ്രിട്ടീഷ് പൗരത്വം കൈവരുന്ന നാള്‍. ഏറെ പേരൊന്നും ഈ ചടങ്ങിനുണ്ടാവില്ല. ഏകദേശം മുപ്പത് പേരോളമായിരിക്കും ഓരോ ചടങ്ങിലും ഉണ്ടാവുക. ഓരോരുത്തരായി എഴുന്നേറ്റ് നിന്ന് സ്വന്തം പേര് പറയും. പിന്നീട് രാജാവിനോടും രാജ്യത്തോടും കൂറു പുലര്‍ത്തുന്ന പ്രതിജ്ഞ ചൊല്ലും. എല്ലാവരും പ്രതിജ്ഞ ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ ദേശീയ ഗാനം മുഴങ്ങും. അതുകഴിഞ്ഞ് ഫോട്ടോ സെഷനാണ്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അന്ന് പൗരത്വം സ്വീകരിക്കുന്നുണ്ടെങ്കിലും, പൊതുവേ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്ന വിദേശികളില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നും ഉള്ളവരാണ്. അത്രയധികം വികസിതമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം വേണമെന്ന് ആഗ്രഹിക്കും. ബ്രിട്ടന്‍ നല്‍കുന്ന അവസരങ്ങള്‍ അവര്‍ പ്രയോജനപ്പെടുത്തും,ബ്രിട്ടീഷ് പൗരത്വം ലഭിച്ച ഫിലിപ്പൈന്‍ വംശജയായ സിഡ്‌നി എന്ന നഴ്സ് പറയുന്നു. കൂടാതെ, ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനവും ഈ രണ്ട് രാജ്യക്കാര്‍ക്കും ബ്രിട്ടീഷ് പൗരത്വം കൂടുതലായി ലഭിക്കുന്നതില്‍ സഹായകരമാവുന്നു എന്നും അവര്‍ പറയുന്നു.

ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പായി, ചടങ്ങ് നിയന്ത്രിക്കുന്നയാള്‍, അന്ന് ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്നുണ്ടെന്ന് അറിയിക്കും. സിഡ്‌നിക്ക് പൗരത്വം ലഭിച്ച ചടങ്ങില്‍ ഇന്ത്യയ്ക്കും ഫിലിപ്പൈന്‍സിനും പുറമെ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. അതില്‍ ഒരാളാണ് റഷ്യന്‍ വംശജയായ 30 കാരി എവിലിന. തന്റെ പന്ത്രണ്ടാം വയസ്സില്‍ ബ്രിട്ടനില്‍ എത്തിയതായിരുന്നു അവര്‍.

പൗരത്വത്തിലേക്കുള്ള തന്റെ യാത്ര ഏറെ ദൈര്‍ഘ്യമേറിയതായിരുന്നു എന്ന് അവര്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ മികവാണ് തന്നെ ബ്രിട്ടനില്‍ തുടരാന്‍ പ്രേരിപ്പിച്ചതെന്ന് മൂന്ന് ബിരുദങ്ങള്‍ സ്വന്തമായി ഉള്ള അവര്‍ പറയുന്നു. പൗരത്വം എന്നത് കേവലം ഒരു രേഖയല്ലെന്നും, ഒരു സമൂഹവുമായുള്ള ഉള്‍ച്ചേരലാണെന്നുമാണ് കേംബ്രിഡ്ജില്‍ അധ്യാപികയായ എവിലിന പറയുന്നത്. അധ്യാപിക എന്ന നിലയില്‍ തനിക്ക് ബ്രിട്ടീഷ് സമൂഹത്തിനായി ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ബ്രിട്ടനില്‍ ജീവിച്ചവര്‍ക്കാണ് ഇവിടെ പൗരത്വം ലഭിക്കുക. മാത്രമല്ല, നിയമപരമായി ബ്രിട്ടനില്‍ എത്തിയവര്‍ക്ക് മാത്രമെ പൗരത്വം ലഭിക്കുക. അതിന് കടമ്പകള്‍ എറെയുണ്ട്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മുതല്‍ ബ്രിട്ടീഷ് സംസ്‌കാരത്തിലും ജീവിത ശൈലിയിലുമുള്ള പ്രാവീണ്യവും തെളിയിക്കെണ്ടതുണ്ട്.