ന്യൂഡല്‍ഹി: ഇന്ത്യയുടെ എണ്ണ ഇറക്കുമതി തുടരുന്നത് ഉറപ്പാക്കാന്‍ അമേരിക്കയുടെ ഉപരോധങ്ങള്‍ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് റഷ്യ. റഷ്യന്‍ ക്രൂഡ് ഓയില്‍ ഏറ്റവുമധികം വാങ്ങുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയേക്കാള്‍ ഇതിന് വിലയും കുറവാണ്. യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമായി മാറിയിരുന്നു.

പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കാരണം ഇത് വളരെയധികം കുറഞ്ഞിരിക്കുകയാണ്. യുക്രൈന് എതിരെ നടത്തുന്ന യുദ്ധത്തിന് ഇന്ത്യ റഷ്യക്ക് ധനസഹായം നല്‍കിയെന്ന് ആരോപിച്ച്, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ നിര്‍ബന്ധിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ യുഎസ്-ഇന്ത്യ ബന്ധം സമീപ കാലത്ത് വഷളായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍, റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിയതിന് യു.എസിലേക്കുള്ള ഇറക്കുമതിക്ക് 25% അധിക തീരുവ ചുമത്തി ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചു. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഒരു പരമാധികാര പ്രശ്‌നമാണെന്നും ഇന്ത്യയുടെ ഊര്‍ജ്ജ നയത്തില്‍ മൂന്നാമത് ഒരു രാജ്യത്തിന്റെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും വാദിച്ചു കൊണ്ട് ഇന്ത്യ പിന്‍മാറാന്‍ വിസമ്മതിക്കുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ അതിനുശേഷം ഒരു തീരുമാനത്തില്‍ എത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ച, ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണി മുഴക്കിയിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലിനെതിരെ 500% തീരുവ ചുമത്തുമെന്നും ഇന്ത്യയുടെ നേതൃത്വത്തിലുള്ള നിരവധി ആഗോള സംരംഭങ്ങളില്‍ നിന്ന് പിന്മാറുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഏറ്റവും പുതിയ യുഎസ് ഉപരോധങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ഇത് സംഭവിച്ചത്.

നവംബര്‍ അവസാനം മുതല്‍, റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണ കയറ്റുമതിക്കാരും ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ വില്‍ക്കുന്നവരുമായ റോസ്നെഫ്റ്റില്‍ നിന്നും ലുക്കോയിലില്‍ നിന്നും എണ്ണ വാങ്ങിയ കമ്പനികളെയോ റിഫൈനറികളെയോ ലക്ഷ്യമിട്ട് അമേരിക്ക ഉപരോധങ്ങള്‍ കൊണ്ടുവന്നു. റോസ്നെഫ്റ്റില്‍ നിന്നും ലുക്കോയിലില്‍ നിന്നും പ്രതിദിനം വാങ്ങിയിരുന്ന ശരാശരി 1.7 മില്യണ്‍ ബാരല്‍ എണ്ണയില്‍ നിന്ന് ഡിസംബറില്‍ ഏകദേശം 1.2 മില്യണ്‍ ബാരലായി ഇന്ത്യ കുറച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ മൂന്നിലൊന്നാണ് ഇതിലൂടെ കുറഞ്ഞത്. ഉപരോധങ്ങള്‍ക്ക് ശേഷവും, ഇന്ത്യയിലെ ഏറ്റവും വലിയ ഏഴ് എണ്ണ ശുദ്ധീകരണശാലകളില്‍ നാലെണ്ണം ഇപ്പോഴും പ്രധാനമായും പ്രവര്‍ത്തിക്കുന്നത് റഷ്യന്‍ എണ്ണയിലാണ്.

ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് യുഎസ് ഉപരോധങ്ങള്‍ മറികടക്കാന്‍ അനുവദിക്കുന്നതിനായി റഷ്യ അതിന്റെ വിതരണ ശൃംഖല പുനഃക്രമീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നതിന്റെ സൂചനകള്‍ ഇതിനകം തന്നെ ഉണ്ട്. ഡിസംബറോടെ നിരവധി പുതിയ റഷ്യന്‍ എണ്ണ കയറ്റുമതിക്കാര്‍ ഉയര്‍ന്നുവന്നതായി കയറ്റുമതി ഡാറ്റ കാണിക്കുന്നു. ഈ പുതിയ കമ്പനികള്‍ ഇതിനകം തന്നെ കയറ്റുമതിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. 90% എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണയുടെ കുറഞ്ഞ വിലയില്‍ നിന്ന് പിന്മാറാന്‍ പ്രയാസമാണ്. യുഎസ് ഉപരോധങ്ങള്‍ക്ക് ശേഷം, റഷ്യന്‍ ക്രൂഡിന്റെ കിഴിവുകള്‍ കൂടുതല്‍ കുറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ കമ്പനിയും മുമ്പ് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളുമായ റിലയന്‍സ് നവംബര്‍ മുതല്‍, ജാംനഗര്‍ റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യില്ലെന്ന് കമ്പനി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് ഇനി വെനിസ്വേലയില്‍ നിന്നും എണ്ണ വാങ്ങാനും സാധ്യതയുണ്ട്. ഇന്ത്യക്ക് നേരേ ഉപരോധം വരുന്നതിന് മുമ്പ് തന്നെ കമ്പനി വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.