തിരുവനന്തപുരം; കേരളത്തിന്റെ തൊഴില്‍ വിപണിയുടെ നട്ടെല്ലൊടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നമ്മുടെ നാടിന്റെ നിര്‍മ്മാണ മേഖലയും ഹോട്ടലുകളും പ്ലൈവുഡ് ഫാക്ടറികളും ചലിപ്പിച്ചിരുന്ന 'ഭായിമാര്‍' കൂട്ടത്തോടെ നാടുവിടുകയാണ്. വെറുമൊരു അവധിക്കാല യാത്രയല്ല ഇത്, ബംഗാളിലും അസമിലും നടക്കാന്‍ പോകുന്ന നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പും പൗരത്വ വിഷയങ്ങളുമാണ് ഇവരെ നാട്ടിലേക്ക് മടക്കുന്നത്. ഇത് കേരളത്തെ പ്രതിസന്ധിയിലാക്കുന്നു.

സ്വന്തം നാട്ടില്‍ പോയി വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുമോ എന്ന ഭീതിയിലാണ് ഇവര്‍. 'ചുനാവ് ഹേ ഭായ്' എന്ന് പറഞ്ഞ് പെരുമ്പാവൂരിലെയും എറണാകുളത്തെയും ഫാക്ടറികളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ഇറങ്ങുന്നവര്‍ പതിനായിരങ്ങളാണ്. ഇതോടെ വരാനിരിക്കുന്ന മാസങ്ങളില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാകുമെന്ന ഭീതിയിലാണ് വ്യാപാരികളും ഹോട്ടല്‍ ഉടമകളും.

നിലവില്‍ കേരളത്തിലെ ഹോട്ടലുകളില്‍ പണിയെടുക്കുന്നവരില്‍ 90 ശതമാനവും ഇതര സംസ്ഥാനക്കാരാണ്. അസമില്‍ നിന്നുമാത്രം അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവര്‍ കൂട്ടത്തോടെ പോകുന്നതോടെ പല റെസ്റ്റോറന്റുകളും അടച്ചിടേണ്ടി വരുമെന്ന് ഹോട്ടല്‍ ഉടമകള്‍ തന്നെ വ്യക്തമാക്കുന്നു. പകരം മലയാളികളെ ജോലിക്കെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം.

ഭായിമാരെ പിടിച്ചുനിര്‍ത്താന്‍ ബോണസും ശമ്പള വര്‍ദ്ധനവും പോലും മുതലാളിമാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പൗരത്വ പേടിക്ക് മുന്നില്‍ അതൊന്നും വിലപ്പോകുന്നില്ല. ഇവര്‍ മടങ്ങുമ്പോള്‍ വെറുമ കയ്യോടെയല്ല പോകുന്നത്, കേരളത്തില്‍ നിന്നും വിയര്‍പ്പൊഴുക്കി നേടിയ കോടിക്കണക്കിന് രൂപയുമായാണ്.

ഇത് കേരളത്തിന്റെ പ്രാദേശിക വിപണിയെയും ദോഷകരമായി ബാധിക്കും. ചുരുക്കത്തില്‍, വരും ദിവസങ്ങളില്‍ ഒരു പൊറോട്ട കഴിക്കണമെങ്കിലും വീടിന്റെ ഒരു പണി തീര്‍ക്കണമെങ്കിലും മലയാളികള്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബംഗാളും അസമും കേരളത്തിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണം, പൗരത്വ വിഷയം തുടങ്ങിയവ വടക്കുകിഴക്കന്‍ മേഖലയില്‍ ചൂടന്‍ വിഷയമായതിനാല്‍ തിരഞ്ഞെടുപ്പിന് പോകേണ്ടത് അനിവാര്യമാണെന്ന് കരുതുകയാണ് ഇതര സംസ്ഥാനക്കാര്‍.

മാര്‍ച്ച്-ഏപ്രില്‍ കാലയളവിലായി നടക്കാന്‍ സാധ്യതയുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി പതിനായിരക്കണക്കിന് അസം, ബംഗാള്‍ സംസ്ഥാനക്കാരാണ് കേരളത്തില്‍ നിന്ന് പോകുന്നത്. ആയിരക്കണക്കിനുപേര്‍ ഇതിനകംതന്നെ പോയിക്കഴിഞ്ഞു. ഈ സംസ്ഥാനങ്ങളിലേക്ക് എത്താവുന്ന ട്രെയിനുകളെല്ലാം തിരക്കിലായി കഴിഞ്ഞു. ടിക്കറ്റും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാനക്കാര്‍ ലോങ് ലീവെടുത്ത് പോകുന്നത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ കനത്ത അടിയാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ സേവന, വ്യവസായ മേഖലയ്ക്ക് ഇവരുടെ അഭാവം വലിയ തിരിച്ചടിയാകും.

റസ്റ്ററന്റുകള്‍, കൃഷിത്തോട്ടങ്ങള്‍, കടകള്‍, കെട്ടിടനിര്‍മാണം മുതല്‍ ഫാക്ടറികള്‍ വരെയുള്ള കേരളത്തിന്റെ അടിസ്ഥാന തൊഴില്‍വിപണിയുടെ നട്ടെല്ല് ഇപ്പോള്‍ ഇതര സംസ്ഥാനത്തൊഴിലാളികളാണ്. കൂടുതലും അസം, ത്രിപുര, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍. ആകെ ഇതര സംസ്ഥാന തൊഴിലാളികളില്‍ 31 ശതമാനവും അസമില്‍ നിന്നുള്ളവര്‍. ഇതിലേറെയുണ്ട് ബംഗാളില്‍ നിന്നുള്ളവര്‍. ഫെബ്രുവരി മുതലാണ് കൂടുതല്‍ പേരും നാട്ടിലേക്ക് മടങ്ങിത്തുടങ്ങുക. കുറഞ്ഞത് 45 ദിവസമെങ്കിലും കഴിയാതെ ഇവര്‍ മടങ്ങാറുമില്ല.