സൈന്യത്തെ അയ്ച്ച് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗ്രീന്‍ലാന്‍ഡിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ ജര്‍മ്മനി. അതിനിടയില്‍ ഡെന്‍മാര്‍ക്ക് പ്രതിനിധി വാഷിംഗ്ടണിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗ്രീന്‍ലാന്‍ഡിനെ ചൊല്ലി ഡെന്‍മാര്‍ക്കും അമേരിക്കയും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസത്തിലാണ്.

ഡാനിഷ് വിദേശകാര്യമന്ത്രി ലാര്‍സ് ലോക്കെ റാസ്മുസ്സെന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ തൃപ്തി രേഖപ്പെടുത്തി. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിച്ചു എന്ന് പറഞ്ഞ റാസ്മുസൈന്‍ ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നാണ് തങ്ങളുടെ നിലപാടെന്ന് പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രി വിവിയന്‍ മോട്ട്‌സ്‌ഫെല്‍ഡിനൊപ്പവും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. പ്രസിഡന്റ് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുണ്ട്, ഞങ്ങള്‍ക്ക് വ്യത്യസ്തമായ നിലപാടാണുള്ളത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ്വീപിന്റെ സ്ഥാനം, ധാതുസമ്പത്ത്, മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന റഷ്യന്‍, ചൈനീസ് സൈനിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കാരണം ദ്വീപിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് വിഷയം ഉന്നയിക്കുകയാണ്. ട്രംപിന്റെ മുന്നറിയിപ്പുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കി. അമേരിക്ക വെനിസ്വേല ആക്രമിച്ച പശ്ചാത്തലത്തില്‍ ഡെന്‍മാര്‍ക്ക് കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കുകയാണ്. സ്വീഡനില്‍ നിന്നുള്ള സൈനികരും ഗ്രീന്‍ലാന്‍ഡില്‍ എത്തുകയാണ്. സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദ്വീപിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ ജര്‍മ്മനി പദ്ധതിയിടുന്നതായി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ജര്‍മ്മനിയുടെ സായുധ സേനയായ ബുണ്ടസ്വെഹറിലെ 13 അംഗങ്ങള്‍ ഈ സംഘത്തിലുണ്ടാകും. അവര്‍ രണ്ട് ദിവസം മാത്രമേ രാജ്യത്ത് തങ്ങൂ എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് ഇനിയും വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കായി യുഎസിന് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്ന് ആവര്‍ത്തിച്ചു.

'ഡെന്‍മാര്‍ക്കിന് ഉള്‍പ്പെടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് വളരെ പ്രധാനമാണ്,' ട്രംപ് പറഞ്ഞു. ഗ്രീന്‍ലാന്‍ഡിലേക്ക് സൈനികരെ വിന്യസിക്കുന്നതിനെക്കുറിച്ച് യുകെ തങ്ങളുടെ യൂറോപ്യന്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ബാള്‍ട്ടിക് കടലിലെ കപ്പലുകളുടെ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച നാറ്റോയുടെ 'ബാള്‍ട്ടിക് സെന്‍ട്രി' ഓപ്പറേഷനു സമാനമായി, 'ആര്‍ട്ടിക് സെന്‍ട്രി' എന്ന് പേരിട്ടിരിക്കുന്ന പുതിയ ദൗത്യം മേഖലയിലെ ഭീഷണികള്‍ നിരീക്ഷിക്കും. ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ട്രംപിന്റെ ഭീഷണികളെ തടയാന്‍ യൂറോപ്പ് പ്രതീക്ഷിക്കുന്ന ഒരു നീക്കത്തില്‍ ഡാനിഷ് ദ്വീപിനെ സംരക്ഷിക്കാന്‍ ബ്രിട്ടീഷ് സൈനികരെയും വിമാനങ്ങളെയും യുദ്ധക്കപ്പലുകളെയും വിന്യസിക്കാന്‍ പദ്ധതിയുണ്ട്.

സഖ്യകക്ഷികളുമായി കൂടുതല്‍ സഹകരണം രൂപപ്പെടുത്തുന്നതിനായി രണ്ട് നോര്‍വീജിയന്‍ സൈനികരെയും ഗ്രീന്‍ലാന്‍ഡിലേക്ക് അയയ്ക്കുമെന്ന് പ്രതിരോധ മന്ത്രി ടോര്‍ ഒ സാന്‍ഡ്വിക്ക മാധ്യമങ്ങളോട് പറഞ്ഞു.