ലണ്ടന്‍: ബ്രിട്ടനിലെ പരമ്പരാഗത രാഷ്ട്രീയം അടിമുടി മാറുകയാണ്. കണ്‍സര്‍വേറ്റിവുകള്‍ക്ക് പകരം റിഫോം യുകെ ശക്തിപ്പെട്ടത് പോലെ തന്നെ പുതിയ ലെഫ്റ്റ് വിങ് പാര്‍ട്ടിയായി ഗ്രീന്‍ പാര്‍ട്ടിയും വളരുന്നു. ഏറെ വൈകാതെ ടോറികള്‍ മുഴുവന്‍ റിഫോം യുകെ ആയേക്കുമെന്ന സൂചനകള്‍ക്കിടയായില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞ് പോക്കുണ്ട്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിലുണ്ടാകാന്‍ പോകുന്ന ഈ മാറ്റത്തിന്റെ സൂചനകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ടത്. മുന്‍ ചാന്‍സലര്‍ നദീം സഹാവിയേയും, പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരാര്‍ത്ഥിയായിരുന്ന റോബര്‍ട്ട് ജെന്റിക്കിനെയും പോലുള്ള മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് നേതാക്കള്‍ വരെ റിഫോമില്‍ എത്തിയ നാളുകളായിരുന്നു കഴിഞ്ഞുപോയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും, ആ പാര്‍ട്ടിയോട് യോജിച്ച് പോയവര്‍ക്ക് ഇനിയിപ്പോള്‍ ആശ്രയം റിഫോം യുകെ മാത്രമാണെന്നും നെയ്ജല്‍ ഫരാജ് പറഞ്ഞത് വെറുതെയല്ല. ഇനിയും ഒഴുക്കുണ്ടാകുമെന്ന് ചുരുക്കം.

തലമുതിര്‍ന്ന കണ്‍സര്‍വേറ്റീവ് നേതാക്കള്‍ ആരും തന്നെ ബ്രിട്ടന്‍ തകര്‍ന്നു എന്ന് വിശ്വസിക്കുന്നില്ല എന്നായിരുന്നു പാര്‍ട്ടി മാറ്റത്തിന് ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ ജെന്റിക് പറഞ്ഞത്. എന്നാല്‍, കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണെന്ന് മാത്രം. എന്നാല്‍, കാര്യങ്ങള്‍ കഴിഞ്ഞ 14 വര്‍ഷത്തെ ഭരണത്തിന് ശേഷം കുഴഞ്ഞുമറിഞ്ഞു എന്ന വസ്തുത അംഗീകരിക്കാനോ, തെറ്റായ നയങ്ങള്‍ തിരുത്താനോ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ല എന്നതാണ് ഖേദകരമായ സത്യമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ നിയമപരിധിക്കുള്ളില്‍ നിന്നും പുറത്തു വരണമെന്നും, ബ്രിട്ടനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് ബ്രിട്ടീഷ് പൗരന്മാര്‍ക്കായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോണ്‍ ഡോം പദവി ഇല്ലാതെയാക്കാന്‍ തുടക്കം കുറിച്ചതും, വടക്കന്‍ കടലിലെ ഊര്‍ജ്ജ കമ്പനികള്‍ക്ക് അധിക നികുതി ചുമത്തിയതുമെല്ലാം ടോറികളായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച ജെന്റിക്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച് ഇടത് ആശയങ്ങളെ സ്വാംശീകരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇത്തരം ആശയങ്ങളെ പുണരുന്ന, ലിഡറല്‍ ഡെമോക്രാറ്റുകള്‍ എന്ന് അവകാശപ്പെടുന്ന കുറച്ചുപേരാണ് ഇപ്പോള്‍ പാര്‍ട്ടി എം പിമാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിഫോം നല്‍കുന്ന ഞെട്ടല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ മാത്രമല്ല, ലേബര്‍ പാര്‍ട്ടിയിലും അനുഭവവേദ്യമാകുന്നുണ്ട്. ലേബര്‍ പാര്‍ട്ടിയിലെ ഒരു പ്രമുഖന്‍ റിഫോം യു കെയിലേക്ക് വരുന്നുണ്ടെന്നും, അക്കാര്യം വരുന്ന ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫരാജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍, പാര്‍ട്ടിയുടെ ഉപനേതാവായ റിച്ചാര്‍ഡ് ടൈസും സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ വാരം ആദ്യപകുതിയില്‍ തന്നെ ഈ കൂറുമാറ്റം ഉണ്ടാകുമെന്നാണ് ബോസ്റ്റണ്‍ ആന്‍ഡ് സ്‌കെഗ്‌നെസ്സ് എം പി പറഞ്ഞത്.

അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ നികുതി വേട്ടയും, കുടിയേറ്റ വിഷയത്തിലുണ്ടായ തിരിച്ചടികളുമൊക്കെ നിരവധി ലേബര്‍ നേതാക്കളെയും പ്രവര്‍ത്തകരെയും നിരാശയിലാക്കിയിട്ടുണ്ട്. അത്തരക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ഇടതുപക്ഷ കക്ഷിയായ ഗ്രീന്‍സ് പാര്‍ട്ടി കിണഞ്ഞു ശ്രമിക്കുകയാണ്. 22 വയസ്സില്‍ താഴെയുള്ളവര്‍ എല്ലാവരും തന്നെ യാത്ര ബസ്സില്‍ ആക്കണമെന്നും അത്തരക്കാര്‍ക്ക് ബസ്സ് യാത്ര സൗജന്യമാക്കുമെന്നും പ്രഖ്യാപിച്ച് അവരും രംഗത്തെത്തിയിരിക്കുകയാണ്. യുവാക്കള്‍ക്ക് സൗജന്യ ബസ്സ് യാത്ര പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ലേബര്‍ പാര്‍ട്ടി ആദ്യം തുനിഞ്ഞെങ്കിലും, സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും എന്ന പേരില്‍ അതില്‍ നിന്നും മലക്കംമറിയുകയായിരുന്നു.

യുവാക്കള്‍ക്ക് സൗജന്യ ബസ്സ് യാത്ര എന്ന നിര്‍ദ്ദേശം, ഗ്രാമീണമേഖലകള്‍ എത്തിപ്പെടാന്‍ കൂടുതല്‍ സൗകര്യമുള്ളതാക്കുമെന്നും റോഡിലെ ഗതാഗത കുരുക്കുകള്‍ വലിയൊരു പരിധിവരെ കുറയ്ക്കുമെന്നും ഗ്രീന്‍സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനും കഴിയും. മാത്രമല്ല, ജീവിത ചെലവുകള്‍ കൂടിയതോടെ നിരവധി യുവാക്കള്‍ക്കാണ് തൊഴിലിന് പോകാനും വിദ്യാലയങ്ങളിലേക്ക് പോകാനും കഴിയാതെ വരുന്നതെന്നും സൗജന്യയാത്ര അവര്‍ക്ക് ഒരു അനുഗ്രഹമാകുമെന്നും പാര്‍ട്ടി നേതാവ് സാക്ക് പൊളാന്‍സ്‌കി ചൂണ്ടിക്കാണിക്കുന്നു.

ഇടതു സങ്കല്പങ്ങളിലെ ക്ഷേമ രാഷ്ട്രം എന്ന ആശയത്തിനോട് ഒപ്പം, വരുന്ന നയങ്ങളിലൂടെ ലേബര്‍പാര്‍ട്ടിയിലെ നിരാശരായ പ്രവര്‍ത്തകരെ, പ്രത്യേകിച്ച് യുവാക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ഗ്രീന്‍സ് ശ്രമിക്കുന്നത്. അതു കുറെയൊക്കെ വിജയിക്കുന്നുണ്ട് എന്നു തന്നെയാണ് സമീപ കാലങ്ങളില്‍ നടന്ന അഭിപ്രായ സര്‍വ്വേഫലങ്ങള്‍ കാണിക്കുന്നതും. ഏതായാലും, ദ്വികക്ഷി സമ്പ്രദായം എന്ന ബ്രിട്ടീഷ് രാഷ്ട്രീയ രീതി ഇപ്പോള്‍ തന്നെ തകര്‍ന്നിരിക്കുകയാണ്. ഇന്ത്യയിലേതു പോലെ ബഹുകക്ഷി രാഷ്ട്രീയം ബ്രിട്ടീഷ് മണ്ണിലും എത്തിക്കഴിഞ്ഞു. എന്നാല്‍, ഈ മാറ്റത്തിനിടയില്‍ പരമ്പരാഗത രാഷ്ട്രീയ കക്ഷികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന കാര്യം കാലം തെളിയിക്കേണ്ട ഒന്നാണ്.