ന്യുയോര്‍ക്ക്: തന്റെ രണ്ടാം ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന സൂചന, യൂറോപ്യന്‍ സഖ്യത്തെ എതിര്‍ത്തുകൊണ്ടു തന്നെ ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ മുന്നോട്ട് പോകും എന്നാണ്. തന്റെ ഒരു വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളെ കുറിച്ച് വാചാലനമായ ട്രംപ് സ്റ്റാര്‍മറോട് ആവശ്യപ്പെട്ടത് ലണ്ടനിലെ കാര്യങ്ങള്‍ ആദ്യം നേരെയാക്കാനയിരുന്നു. ഇന്നലെ വൈറ്റ്ഹൗസില്‍, തന്റെ ഭരണനേട്ടങ്ങള്‍ വിളംബരം ചെയ്യാന്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ വെച്ചായിരുന്നു ട്രംപിന്റെ ഈ അഭിപ്രയ പ്രകടനം.

ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട്. അവര്‍ക്ക് അവരുടെ രാജ്യത്തെ കാര്യങ്ങള്‍ നേരെയാക്കേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ്, ലണ്ടനിലും പാരീസിലും നിറയെ പ്രശ്‌നങ്ങളാണെന്നും പറഞ്ഞു. ഇരു രാജ്യങ്ങളും കുടിയേറ്റം നിമിത്തം ഗുരുതരമായ പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ബ്രിട്ടനിലെ ഊര്‍ജ്ജ ക്ഷാമത്തെ കുറിച്ചും പരാമര്‍ശിച്ചു. കാറ്റാടിപ്പാടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട ട്രംപ് വടക്കന്‍ കടലില്‍ സമ്പന്നമായി ഉള്ള എണ്ണയും പ്രകൃതിവാതകവും കൂടുതലായി ഉപയോഗിക്കുവാനും ആവശ്യപ്പെട്ടു.

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍, ആരെ പിണക്കിയും ഏതറ്റം വരെയും പോകാന്‍ തന്നെയാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത് എന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ വാക്കുകളെ വിലയിരുത്തുന്നത്. നിയമങ്ങളില്ലാത്ത ഒരു ലോകത്തേക്കാണ് ഇന്ന് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാം തന്നെ ചവിട്ടിയരക്കപ്പെടുകയാണ്. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥ സംജാതമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാക്രോണ്‍ നടത്തിയ സ്വകാര്യ ചാറ്റിലെ ചില ഭാഗങ്ങള്‍ ട്രംപ് പുറത്തു വിട്ടതിനു ശേഷം വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് മാക്രോണ്‍ ഇത് പറഞ്ഞത്.

അതേസമയം, യൂറോപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ആയുധം വിന്യസിക്കാന്‍ യൂറോപ്പ് മടിക്കില്ലെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഉറച്ച ശബ്ദത്തില്‍ തന്നെ പറഞ്ഞു. സമാധാനത്തിന്റെയും, സ്ഥിരതയുടേയും കാലത്താണ് നമ്മള്‍ ജീവിക്കുന്നതെങ്കിലും, നാം സാവധാനം അസമാധാനത്തിലേക്കും അസ്ഥിരതയിലേക്കും നടന്നടുക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ടാരിഫുകള്‍ ചുമത്തി യൂറോപ്പിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമവും ഉപേക്ഷിക്കണം എന്ന് അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടു. സിറിയയിലും, ഇറാനിലുമൊക്കെ ഒരേ മനസ്സോടെ നമ്മള്‍ മുന്‍പോട്ട് പോകുമ്പോള്‍, ഗ്രീന്‍ലാന്‍ഡിലെന്തിനു ഒരു പ്രശ്‌നം സൃഷ്ടിക്കണമെന്ന് നേരത്തേ മാക്രോണ്‍ ട്രംപിനോട് ചോദിച്ചിരുന്നു. ആ ചാറ്റിന്റെ ഭാഗമായിരുന്നു ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്തിലൂടെ പുറത്തു വിട്ടത്.

അതിനിടയില്‍ ട്രംപ് മുന്‍കൈയെടുത്ത് രൂപീകരിക്കുന്ന ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം ഫ്രാന്‍സ് നിരസിച്ചതിനെ തുടര്‍ന്ന് ഫ്രഞ്ച് ഷാംപെയ്‌നും വൈനിനും 200 ശതമാനം ടാരിഫ് ചുമത്തുമെന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ട്രംപ്. ഗാസാ സമാധാന പദ്ധതിയില്‍ അമേരിക്കക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ല എന്നായിരുന്നു മാക്രോണ്‍ വ്യക്തമാക്കിയത്. മാക്രോണിനെ ഇവിടെ ആര്‍ക്കാണ് ആവശ്യം, അധികം വൈകാതെ അധികാരത്തില്‍ നിന്നും പുറത്ത് പോകാന്‍ സാധ്യതയുള്ള ആളാണ് എന്നായിരുന്നു ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഇതും പാശ്ചാത്യ സഖ്യത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയായാണ് പാശ്ചാത്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്.