- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാമതും പിതാവാകാനൊരുങ്ങി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്; ജൂലൈ അവസാനത്തോടെ കുഞ്ഞ് ജനിക്കും; അഭ്യൂഹങ്ങള്‍ മാറുമ്പോള്‍

ന്യുയോര്‍ക്ക്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷാ വാന്‍സും നാലാമത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. തങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ദമ്പതികള്‍ തന്നെയാണ് ലോകത്തെ അറിയിച്ചത്. അമേരിക്കന്‍ ചരിത്രത്തില്‍ 156 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദവിയിലിരിക്കെ ഒരു വൈസ് പ്രസിഡന്റ് വീണ്ടും പിതാവാകുന്നത് എന്ന പ്രത്യേകത കൂടി ഈ വാര്‍ത്തയ്ക്കുണ്ട്. 1870-ല്‍ വൈസ് പ്രസിഡന്റായിരുന്ന ഷൂയ്‌ലര്‍ കോള്‍ഫാക്‌സാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്.
ജൂലൈ അവസാനത്തോടെ കുഞ്ഞ് ജനിക്കുമെന്നാണ് വാന്‍സ് വ്യക്തമാക്കിയത്. 'ഉഷയും കുഞ്ഞും സുഖമായിരിക്കുന്നു. പുതിയ അംഗത്തെ വരവേല്‍ക്കാന്‍ കുടുംബം ആവേശത്തോടെ കാത്തിരിക്കുകയാണ്,' വാന്‍സ് എക്‌സില്‍ കുറിച്ചു. തങ്ങളെ പരിചരിക്കുന്ന സൈനിക ഡോക്ടര്‍മാര്‍ക്ക് ദമ്പതികള്‍ നന്ദി അറിയിക്കുകയും ചെയ്തു. എട്ട് വയസ്സുള്ള ഇവാന്‍, അഞ്ച് വയസ്സുള്ള വിവേക്, നാല് വയസ്സുള്ള മിറാബെല്‍ എന്നിവരാണ് വാന്‍സ് ദമ്പതികളുടെ മറ്റ് മക്കള്‍.
യേല്‍ സര്‍വകലാശാലയിലെ നിയമപഠന കാലത്ത് തുടങ്ങിയ പ്രണയമാണ് 2014-ല്‍ വിവാഹത്തിലെത്തിയത്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായ ഉഷ, തന്റെ ജീവിതത്തിലെ 'സ്പിരിറ്റ് ഗൈഡ്' ആണെന്നാണ് വാന്‍സ് വിശേഷിപ്പിക്കാറുള്ളത്. തൊഴിലാളി വര്‍ഗ പശ്ചാത്തലത്തില്‍ നിന്ന് വന്ന വാന്‍സിനെ ഉന്നതതലങ്ങളില്‍ ഇടപെടാന്‍ സഹായിച്ചത് ഉഷയായിരുന്നു. 2014-ല്‍ കെന്റക്കിയില്‍ നടന്ന ഇവരുടെ വിവാഹം ക്രൈസ്തവ-ഹിന്ദു ആചാരപ്രകാരമാണ് നടന്നത്. അന്ന് ഇരുവരും ഇന്ത്യന്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
അടുത്തകാലത്ത് ചില പൊതുചടങ്ങുകളില്‍ ഉഷ വിവാഹമോതിരം ധരിക്കാതെ എത്തിയത് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന ഗോസിപ്പുകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, മൂന്ന് കുട്ടികളുടെ അമ്മയായ ഉഷ തിരക്കുകള്‍ക്കിടയില്‍ മോതിരം ധരിക്കാന്‍ മറന്നുപോകുന്നതാണെന്ന് അവരുടെ വക്താവ് പിന്നീട് വിശദീകരിച്ചു. മാധ്യമശ്രദ്ധയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ശൈലിയാണ് ഉഷാ വാന്‍സിന്റേത്.


