- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീന്‍ലാന്‍ഡും താരിഫുമൊക്കെയായി അമേരിക്കന്‍ ബ്രിട്ടീഷ് വ്യാപാരം അനിശ്ചിതത്വത്തിലാകുമ്പോള്‍ ട്രംപിനെ മെരുക്കാന്‍ സ്റ്റാര്‍മര്‍ അയയ്ക്കുന്നത് ഇന്ത്യന്‍ വംശജനെ; വരുണ്‍ ചന്ദ്ര അത്ഭുതം കാട്ടുമോ? ബീഹാറില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകന് ചര്‍ച്ചകളില്‍

ലണ്ടന്‍: ഗ്രീന്‍ലാന്‍ഡ് വിഷയം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ആടിയുലയുകയാണ്. നേരത്തേ ട്രംപിന്റെ ടാരിഫ് യുദ്ധം, ആ ബന്ധത്തില്‍ വരുത്തിവെച്ച വിള്ളലിനെ കൂടുതല്‍ വലുതാക്കുകയാണ് ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്ക ഉന്നയിച്ച അവകാശവാദം. തര്‍ക്കങ്ങള്‍ പരിഹരിച്ച് അമേരിക്കയുമായി ഉള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ബ്രിട്ടന്‍ ഉള്‍പ്പടേയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതും. അമേരിക്കയുടെ സ്വാഭാവിക സഖ്യകക്ഷി എന്ന് കണക്കാക്കപ്പെടുന്ന ബ്രിട്ടനാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത്.
ഇപ്പോഴിതാ, അമേരിക്കയുമായുള്ള വാണിജ്യ - വ്യാപാരബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഒരു പ്രത്യേക പ്രതിനിധിയെ അമേരിക്കയിലേക്ക് അയയ്ക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. തന്റെ മുഖ്യ ബിസിനസ്സ് ഉപദേഷ്ടാവും ഇന്ത്യന്‍ വംശജനുമായ വരുണ്‍ ചന്ദ്രയാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. വരുണ്‍ ചന്ദ്രയെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി നിയമിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഒരു ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ അയച്ചിരിക്കുന്നത്.
വ്യാപാരം, നിക്ഷേപം എന്നിവയുള്‍പ്പടെ, അമേരിക്കയിലുള്ള ബ്രിട്ടീഷ് സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാനും, കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് ഇനിമുതല്‍ വരുണ്‍ ചന്ദ്രയായിരിക്കും നേതൃത്വം നല്‍കുക എന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് വിഷയത്തിനു പുറമെ, അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത നാറ്റോ സൈനികരെ അവഹേളിക്കുന്ന തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനകൂടി വന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആടിയുലയുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം.
കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ബ്രിട്ടീഷ് സ്ഥാനപതിയായി നിയമിതനായ ക്രിസ്ത്യന്‍ ടേര്‍ണറുമായി സഹകരിച്ചായിരിക്കും വരുണ്‍ ചന്ദ്ര പ്രവര്‍ത്തിക്കുക. നേരത്തേ അമേരിക്കന്‍ സ്ഥാനപതി സ്ഥാനത്തേക്ക് വരുണ്‍ ചന്ദ്ര പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ബീഹാറില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകനായി ബ്രിട്ടനിലായിരുന്നു അദ്ദേഹം ജനിച്ചതും വളര്‍ന്നതും.
അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്ട്‌നിക്ക്, ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് തുടങ്ങി യു കെയിലെ അധികാര ഇടനാഴികളിലെ പ്രമുഖരുമായി ഉറ്റബന്ധം കാത്തുസൂക്ഷിക്കുന്ന വരുണ്‍ ചന്ദ്ര ബ്രിട്ടന്‍ ആസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തിക്കുക. കൂടെക്കൂടെ അമേരിക്കന്‍ സന്ദര്‍ശനങ്ങളും ഉണ്ടായിരിക്കും.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദം ചോദിച്ച് മാഞ്ചസ്റ്റര്‍ മേയര്‍
ഗോര്‍ട്ടോണ്‍ ആന്‍ഡ് ഡെന്റണില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുവാന്‍ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട് എന്ന് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം അറിയിച്ചു. ജയിച്ച് എം പി ആയാല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് കീര്‍ സ്റ്റാര്‍മര്‍ക്ക് ഒരു വെല്ലുവിളിയാകാന്‍ ഇടയുള്ള വ്യക്തിയായാണ്‍ഭ ബേണ്‍ഹാമിനെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ബേണ്‍ഹാമിന് സ്ഥാനാര്‍ത്ഥിത്തം നിഷേധിക്കാന്‍ സ്റ്റാര്‍മര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തും എന്നാണ് ചില സ്രോതസ്സുകളില്‍ നിന്നുള്ള സൂചനകള്‍.
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ ഉള്‍പ്പെടുന്ന ഈ നിയോജക മണ്ഡലത്തിലെ നിലവിലെ എം പി, ആന്‍ഡ്രൂ ഗ്വയിന്‍ ആരോഗ്യ കാരണങ്ങളാല്‍ സ്ഥാനം രാജിവെച്ചതോടെയാണ് ഇവിടെ ഒരു ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട മേയറായതിനാല്‍, മത്സരത്തിനിറങ്ങുന്നതിനു മുന്‍പ് ബേണ്‍ഹാമിന് ലേബര്‍ പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി തേടേണ്ടതുണ്ട്. ഇന്ന് ഇത് സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.


