വാഷിംഗ്ടണ്‍: മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ്. ഡെയ്ലി മെയില്‍ പുറത്തുവിട്ട പുതിയ സര്‍വ്വേ ഫലങ്ങള്‍ പ്രകാരം ട്രംപിന്റെ അപ്രൂവല്‍ റേറ്റിംഗ് 45 ശതമാനത്തിലേക്ക് താഴ്ന്നു. അലക്‌സ് പ്രെറ്റി, റെനി ഗുഡ് എന്നിവരുടെ മരണത്തിന് ഇടയാക്കിയ സംഭവം ട്രംപ് ഭരണകൂടത്തിന്റെ നിലനില്‍പ്പിനെത്തുടന്നെ ബാധിക്കുന്ന 'ടേണിംഗ് പോയിന്റ്' ആയിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സര്‍വ്വേയില്‍ പങ്കെടുത്ത 55 ശതമാനം അമേരിക്കക്കാരും പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി.

ട്രംപിന്റെ പ്രധാന രാഷ്ട്രീയ ആയുധമായിരുന്ന കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നടത്തുന്ന റെയ്ഡുകള്‍ അവസാനിപ്പിക്കണമെന്ന് 53 ശതമാനം ജനങ്ങളും ആവശ്യപ്പെട്ടു കഴിഞ്ഞു. വെടിവെയ്പ്പ് നടന്ന മിനിയാപൊളിസില്‍ ജനരോഷം ശക്തമാകുന്നതിനിടെ, സംഭവത്തില്‍ ഭരണകൂടത്തിന് നേരിട്ട് പങ്കുണ്ടെന്ന് മൂന്നിലൊന്ന് വോട്ടര്‍മാരും വിശ്വസിക്കുന്നു. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റീ നോമിന്റെ നിലപാടുകള്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുന്നുണ്ട്.

നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഈ തിരിച്ചടി പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് വൈറ്റ് ഹൗസ്. ഇതിനിടെ ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. സാഹചര്യം വഷളാകാതിരിക്കാന്‍ മിനിയാപൊളിസിലെ വിവാദ ഉദ്യോഗസ്ഥരെ മാറ്റാനും അന്വേഷണം പ്രഖ്യാപിക്കാനും ട്രംപ് നിര്‍ബന്ധിതനായേക്കും. കുടിയേറ്റ വിഷയത്തില്‍ കൂടുതല്‍ മിതമായ നയം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാവുമോ എന്നാണ് ഇനി ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയില്‍ ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ഏഴ് മാസം കഴിഞ്ഞപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജനപ്രീതിയെ വലിയ തോതില്‍ ദോഷകരമായി ബാധിച്ചിരുന്നു. ഇറാനിലെ ബന്ദികളുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തതില്‍ ജിമ്മി കാര്‍ട്ടര്‍ക്ക് തിരിച്ചടിയായി.

കത്രീന ചുഴലിക്കാറ്റിനുശേഷം ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ ജനപ്രീതി ഒരിക്കലും തിരിച്ചുവന്നില്ല. ഇത് പോലെ മിനിയാപൊളിസില്‍ നടന്ന വെടിവെയ്പ് പ്രസിഡന്റ് ട്രംപിനെ എങ്ങനെ ബാധിച്ചു എന്ന ചോദ്യത്തിന് ഉത്തരമാകുകയാണ്. അമേരിക്കക്കാര്‍ വിധിയെഴുതിയത് ഇക്കാര്യത്തില്‍ ട്രംപിന്റെ നില പ്രതീക്ഷിച്ചതിലും മോശം എന്നാണ്. ഇതിനെ നേരിടാന്‍ ട്രംപ് ഇനിയെന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അലക്സ് പ്രെറ്റിയെയും റെനി ഗുഡിനെയും വെടിവച്ചതിനെത്തുടര്‍ന്ന് ട്രംപിന്റെ റേററിംഗ് വലിയ തോതില്‍ താഴേക്ക് പോയിരിക്കുകയാണ്.

പ്രമുഖ മാധ്യമമായ ഡെയ്‌ലി മെയിലും ജെഎല്‍ പാര്‍ട്ണേഴ്‌സും നടത്തിയ ഒരു വോട്ടെടുപ്പ് സര്‍വ്വേയില്‍ ട്രംപിന് വെറും 45 ശതമാനം പേര്‍ മാത്രമാണ് വോട്ട് ലഭിച്ചത്. 55 ശതമാനം അമേരിക്കക്കാരും ഇപ്പോള്‍ അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ അംഗീകരിക്കുന്നില്ല എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. കുടിയേറ്റക്കാരെ കര്‍ശനമായി നേരിടുന്ന ട്രംപിന്റെ നിലപാട് അദ്ദേഹത്തിന് ഏറെ പഴി കേള്‍പ്പിക്കുകയാണ്. അദ്ദേഹം ഈ വിഷയം കൈകാര്യം ചെയ്തതിനെ 39 ശതമാനം പേര്‍ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ, 47 ശതമാനം പേര്‍ അതിനെ എതിര്‍ക്കുന്നു.

ഡെയ്‌ലി മെയില്‍ പോള്‍ പ്രകാരം, മിനിയാപൊളിസിലെ അതിക്രമം തങ്ങള്‍ക്ക് വ്യക്തിപരമായി ഒരു 'വഴിത്തിരിവായിരുന്നു എന്ന് 53 ശതമാനം വോട്ടര്‍മാര്‍ പറയുന്നു. അതില്‍ 39 ശതമാനം റിപ്പബ്ലിക്കന്‍മാരും ഉള്‍പ്പെടുന്നു. ഇത് ഒരു തകര്‍ച്ചയുടെ തുടക്കമാണോ അതോ തിരിച്ചു വരവിന്റെ സൂചനയാണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ട്രംപിനെ എതിര്‍ക്കാനുള്ള പ്രധാന കാരണമായി 28 ശതമാനം അമേരിക്കക്കാരും വിലയിരുത്തുന്നത് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ്. ജീവിതച്ചെലവും പണപ്പെരുപ്പവുമാണ് മറ്റ് ചിലര്‍ ട്രംപിന് എതിരെ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ വെറും 14 മാസം കൊണ്ട് അനധികൃത കുടിയേറ്റക്കാരെ വിജയകരമായി നേരിട്ടതിന്റെ വിശദാംശങ്ങളെ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാത്തതില്‍ ട്രംപ് ക്ഷുഭിതനാണ് എന്നാണ് പറയപ്പെടുന്നത്. പകരം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍മാര്‍ നടത്തുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ മാത്രമാണ് എങ്ങും പരക്കുന്നത്. അതിനിടയില്‍ ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള ഊഹാപോഹങ്ങളും വ്യാപകമാണ്. മിനിയാപോളീസിലെ വെടിവെയ്പില്‍ ട്രംപ് ഭരണകൂടം' കുറ്റക്കാരനാണെന്ന് 33 ശതമാനം പേര്‍ വിശ്വസിക്കുന്നതായും 20 ശതമാനം പേര്‍ മാത്രമാണ് ഐസിഇയെ കുറ്റപ്പെടുത്തുന്നതെന്നും സര്‍വേ കാണിക്കുന്നു.

അതേസമയം, അമേരിക്കക്കാരില്‍ പകുതിയിലധികം പേരും നഗരങ്ങളിലെ ഐസിഇ റെയ്ഡുകള്‍ നിര്‍ത്തണമെന്ന് പറയുന്നു. എന്നാല്‍ 36 ശതമാനം പേര്‍ മാത്രമാണ് അത് തുടരണമെന്ന് പറയുന്നത്. 60 ശതമാനം പേര്‍ ഐസിഇ അതിക്രമം കാട്ടുന്നതായും സൂചിപ്പിച്ചു.